ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ കൂടിക്കാഴ്ചക്ക് ശേഷവും സിൽവർ ലൈനിലും ശബരി റെയിൽ പാതയിലും കേന്ദ്ര സർക്കാർ നിലപാടിൽ പുനരാലോചനയില്ലെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. ഇതടക്കം കേരളത്തിന്റെ റെയിൽവേ പദ്ധതികളുമായി ബന്ധപ്പെട്ട കേന്ദ്ര സർക്കാറിന്റെ നിലപാട് കൂടിക്കാഴ്ചയിൽ കേരള മുഖ്യമന്ത്രിയോട് വ്യക്തമാക്കിയെന്നും അശ്വിനി വൈഷ്ണവ് ‘മാധ്യമ’ത്തോട് പറഞ്ഞു. കേരളത്തിന്റെ റെയിൽവേ പദ്ധതികളുമായി ബന്ധപ്പെട്ട് പരസ്യമായും സ്വകാര്യമായും ഒന്നേ പറയാനുള്ളൂവെന്നും മന്ത്രി വിശദീകരിച്ചു.
സിൽവർ ലൈൻ പദ്ധതിയിലും ശബരി പാതയിലും കേന്ദ്ര നിലപാടിൽ അയവ് ആവശ്യപ്പെട്ടാണ് റെയിൽ വകുപ്പിന്റെ ചുമതലയുള്ള സംസ്ഥാന മന്ത്രി വി. അബ്ദുറഹ്മാനൊപ്പം മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമായും അശ്വിനി വൈഷ്ണവുമായി കൂടിക്കാഴ്ച നടത്തിയത്. കേരളത്തിലെ റെയിൽവേ വികസനമെന്നത് കേന്ദ്ര സർക്കാറിനെ സംബന്ധിച്ചിടത്തോളം രാഷ്ട്രീയ വിഷയമല്ലെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. ദശകങ്ങളോളം ഗുണം ചെയ്യുന്ന തരത്തിൽ ശരിയായ രീതിയിലായിരിക്കണം റെയിൽവേ പദ്ധതികൾ ആവിഷ്കരിക്കേണ്ടത്. കാസർകോട് മുതൽ തിരുവനന്തപുരം വരെ റെയിൽ ഗതാഗതം സുഗമമാക്കാൻ പാതകൾ ഇരട്ടിപ്പിക്കുകയും എണ്ണം കൂട്ടുകയും ചെയ്യുന്നുണ്ട്. എന്നാൽ, നിലവിലെ റെയിൽവേ പദ്ധതികൾക്കാവശ്യമായ ഭൂമി കേരളത്തിൽനിന്ന് ഏറ്റെടുത്തുകിട്ടുന്നില്ലെന്ന് മുഖ്യമന്ത്രിയോട് വ്യക്തമാക്കി. ദീർഘകാല പ്രയോജനമുള്ള പദ്ധതികൾക്കാവശ്യമായ ഭൂമി ഏറ്റെടുത്തുതന്ന് കേന്ദ്രത്തെ സഹായിക്കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെടുകയും ചെയ്തു.
കേരളവും കേന്ദ്രവും തമ്മിൽ അഭിപ്രായ ഭിന്നതയുണ്ടായ ശബരി പാതയുടെ റൂട്ടിലും നിലപാട് മാറ്റമില്ലെന്ന് മന്ത്രി പറഞ്ഞു. ഒരിക്കൽ വിശദമായ പദ്ധതി റിപ്പോർട്ട് (ഡി.പി.ആർ) സമർപ്പിച്ചാൽ പരിശോധിച്ച ശേഷം അന്തിമ തീരുമാനമെടുക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. 2019ൽ റെയിൽവേ നിർമാണം നിർത്തിവെച്ച അങ്കമാലി-എരുമേലി ശബരി പാതയുമായി മുന്നോട്ടുപോകണമെന്നാണ് കേരളത്തിന്റെ ആവശ്യം. എന്നാൽ, പകരം ചെങ്ങന്നൂർ-പമ്പ പാതയാണ് കേന്ദ്ര സർക്കാർ താൽപര്യപ്പെടുന്നത്. അങ്കമാലി-എരുമേലി ശബരി പാതക്ക് 3810 കോടി രൂപ ചെലവുള്ളപ്പോൾ ചെങ്ങന്നൂർ-പമ്പ പാതക്ക് 6408.29 കോടി രൂപയാണ് നിർമാണ ചെലവെന്ന് കേരളം ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.