വിവരം മറച്ചുവെച്ച് സിൽവർ ലൈൻ സർവേ: ഉദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞു; കല്ല്​ പിഴുതുമാറ്റി

കോട്ടയം: കൊല്ലാട് സിൽവർ ലൈൻ അതിവേഗപാതക്ക്​ കല്ലിടാൻ എത്തിയ ഉദ്യോഗസ്ഥരെ ജനകീയ സമിതി നേതൃത്വത്തിൽ നാട്ടുകാർ തടഞ്ഞു. ചൊവ്വാഴ്​ച രാവിലെയാണ്​ സംഭവം. കൊല്ലാട്​ ജങ്​ഷനിൽ സർവേ നടത്തുന്നതു കണ്ടാണ്​ നാട്ടുകാർ വിവരം അന്വേഷിച്ചത്​. ​​പ്രളയവുമായി ബന്ധപ്പെട്ട സർവേയാണെന്നായിരുന്നു ഉദ്യോഗസ്ഥരുടെ മറുപടി.

സംശയം തോന്നിയ നാട്ടുകാർ ജനകീയ സമിതിയുടെ നേതൃത്വത്തിൽ സംഘടിച്ചു. വിവരമറിഞ്ഞ്​ പൊലീസും​ എത്തി. പൊലീസിനോടും പ്രളയവുമായി ബന്ധപ്പെട്ട സർവേ എന്നാണ്​ ഉദ്യോഗസ്ഥർ ആദ്യം പറഞ്ഞത്​. പിന്നീടാണ്​ സിൽവർലൈന്​ കല്ലിടാനുള്ള സർവേയാണെന്ന്​ വ്യക്തമാക്കിയത്​. സർവേ അനുവദിക്കില്ലെന്ന്​ നാട്ടുകാർ പറഞ്ഞു. പ്രതിഷേധം ശക്തമായതോടെ ഉദ്യോഗസ്ഥർ മടങ്ങിപ്പോയി.

ഇതിനു പിന്നാലെ, ഇവിടെനിന്ന്​ നാലു കിലോമീറ്റർ അകലെ വെള്ളുതുരുത്ത് ഭാഗത്ത് നിർമാണം നടക്കുന്ന വീടിനു മുന്നിൽ ഇട്ട കല്ല് സമരസമിതി നേതൃത്വത്തില്‍ പിഴുതുമാറ്റി. സമീപത്ത്​ ഇറക്കിയ ബാക്കി കല്ലുകൾ സമരസമിതിക്കാർ സമീപത്തെ പുഞ്ചയിൽ കൊണ്ടുപോയി തള്ളി. തിങ്കളാഴ്​ച വൈകീട്ടാണ്​​ ഒരു കോൺക്രീറ്റ്​ കല്ല്​​ ഇവിടെ സ്ഥാപിച്ചത്​. രണ്ടു വീടാണ്​ വെള്ളുതുരുത്ത് ഭാഗത്തുള്ളത്​. ഇവരെ ഭീഷണിപ്പെടുത്തിയാണ്​ കല്ലിട്ടതെന്ന്​ സമരസമിതിക്കാർ ആരോപിച്ചു.

അതിവേഗപാതക്കെതിരെ ശക്തമായ സമരം നടക്കുന്ന മേഖലയാണ്​ ​െകാല്ലാട്​. സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി ജില്ല ചെയര്‍മാന്‍ ബാബു കുട്ടന്‍ചിറ, ബ്ലോക്ക് പഞ്ചായത്ത് അംഗം സിബി കൊല്ലാട്, സമരസമിതി രക്ഷാധികാരി മിനി കെ. ഫിലിപ്പ്, ജെ.വി. ഫിലിപ്പുകുട്ടി, അജയകുമാര്‍, എം.കെ. ഷഹസാദ്, ജുഫിന്‍, മനോജ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

ജനപ്രതിനിധികളെയും പ്രദേശവാസികളെയും അറിയിക്കാതെ ഭീഷണിയുടെ സ്വരത്തില്‍ കെ റെയിലിന് കല്ലിടാനുള്ള സർക്കാർ നീക്കം തടയുമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ പറഞ്ഞു. സംഭവത്തില്‍ പ്രതിഷേധിച്ച്​ ബുധനാഴ്​ച വൈകീട്ട് കോട്ടയം നഗരത്തിൽ പന്തംകൊളുത്തി പ്രകടനം നടത്തുമെന്ന് ബാബു കുട്ടന്‍ചിറ അറിയിച്ചു.

Tags:    
News Summary - Silver Line Survey: Natives block officials; The stone was removed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.