തിരുവനന്തപുരം : സ്ത്രീത്വത്തെ അധിക്ഷേപിച്ച സിമി റോസ്ബെല്‍ ജോണിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കണമെന്ന് കോൺഗ്രസ് വനിതാ നേതാക്കൾ. സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെ എ.ഐ.സി.സി അംഗം സിമി റോസ്ബെല്‍ ജോണ്‍ കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളെ അധിക്ഷേപിച്ചു. ഈ സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് കെ.പി.സി.സി ഭാരവാഹികളും രാഷ്ട്രീയകാര്യ സമിതി അംഗങ്ങളും ജനപ്രതിനിധികളുമായ വനിതാ നേതാക്കൾ കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരനും എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷിക്കും പരാതി നല്‍കി.
കോൺഗ്രസ് വനിതാ നേതാക്കളായ ഷാനിമോൾ ഉസ്മാൻ, ബിന്ദു കൃഷ്ണ, പി.കെ. ജയലക്ഷ്മി, ദീപ്തി മേരി വർഗീസ്, ആലിപ്പറ്റ ജമീല, കെ.എ. തുളസി ,ജെബി മേത്തർ എം.പി എന്നിവരാണ് പരാതിയുമായി എ.ഐ.സി.സി - കെ.പി.സി.സി നേതൃത്വത്തെ സമീപിച്ചത്.
ചുരുങ്ങിയ കാലം കൊണ്ടു കോണ്‍ഗ്രസില്‍ നിന്ന് ലഭിക്കാവുന്ന അധികാര പദവികളും ആനുകൂല്യങ്ങളും പറ്റിയശേഷം സിമിറോസ്ബെല്‍ ജോണ്‍ പാര്‍ട്ടിയെ സമൂഹമധ്യത്തിൽ താറടിക്കാൻ രാഷ്ട്രീയ ശത്രുക്കളുടെ ഉപകരണമായി നിന്നു കൊടുത്തെന്നും വനിതാ നേതാക്കള്‍ പരാതിയില്‍ ആരോപിക്കുന്നു. ഗുരുതരമായ അച്ചടക്ക ലംഘനവും വഞ്ചനയും പാര്‍ട്ടിയോട് കാണിച്ച സിമിറോസ് ബെല്‍ ജോണിനെ അടിയന്തരമായി കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കണമെന്നും വനിതാ നേതാക്കള്‍ പരാതിയില്‍ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.