പ്രധാന അണക്കെട്ടുകള്‍ തുറക്കേണ്ട സാഹചര്യം ഇതുവരെ ഉണ്ടായിട്ടില്ല -മുഖ്യമ​ന്ത്രി

കൽപറ്റ: പ്രധാന അണക്കെട്ടുകള്‍ തുറക്കേണ്ട സാഹചര്യം ഇതുവരെ ഉണ്ടായിട്ടില്ലെന്ന് മുഖ്യമ​ന്ത്രി പിണറായി വിജയൻ. തിരുവനന്തപുരം, ഇടുക്കി ജില്ലകളിലെ ചെറിയ അണക്കെട്ടുകള്‍ മാത്രമാണ് ഇപ്പോള്‍ തുറന്നിട്ടുള്ളത്. മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 135 അടിയായി ഉയര്‍ന്നിട്ടുണ്ട്. എന്നാൽ, അപകടകരമായ അവസ്ഥയില്ല. തിരുവനന്തപുരം, ഇടുക്കി ജില്ലകളിലെ ചെറിയ ഡാമുകള്‍ തുറക്കേണ്ടിവന്നിട്ടുണ്ട്. മഴയിൽ തിരുവനന്തപുരത്ത് താഴ്ന്ന പ്രദേശങ്ങളിലാണ് ബുദ്ധിമുട്ടുള്ളത് -മുഖ്യമന്ത്രി പറഞ്ഞു.

കൊല്ലത്ത് മുന്‍കരുതല്‍ എന്ന നിലക്ക് 38 പേരെ സുരക്ഷിത സ്ഥലങ്ങളിലേക്കു മാറ്റി. തിരുവനന്തപുരത്തും പത്തനംതിട്ടയിലും ഓരോ ക്യാമ്പുകള്‍ തുറന്നു. ക്യാമ്പുകള്‍ തുറക്കേണ്ട സാഹചര്യമുണ്ടായാൽ ആ സ്ഥലങ്ങള്‍ മുന്‍കൂട്ടി നിശ്ചയിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജില്ല എമര്‍ജന്‍സി ഓപറേഷന്‍ സെന്ററുകള്‍ക്കു പുറമേ താലൂക്ക് എമര്‍ജന്‍സി ഓപറേഷന്‍ സെന്‍ററുകളും പ്രവര്‍ത്തനക്ഷമമാക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.

ശബരിമല ദര്‍ശനത്തിനായി കടന്നുവരേണ്ട നാലു ജില്ലകളിലുള്ള മേഖലകള്‍ കേന്ദ്രീകരിച്ച് പ്രത്യേക ജാഗ്രത പുലര്‍ത്തുന്നുണ്ട്.
തൃശൂരില്‍ ചില ഭാഗങ്ങളില്‍ അൽപം വെള്ളക്കെട്ടുണ്ട്. പത്തനംതിട്ടയില്‍ കൃഷിനാശമുണ്ടായി. 15 പ്രദേശങ്ങളില്‍ കഴിഞ്ഞ എട്ടു മണിക്കൂറിനുള്ളില്‍ 100 മില്ലിമീറ്ററില്‍ അധികം മഴപെയ്തിട്ടുണ്ട്.

മന്ത്രിസഭ യോഗം സഞ്ചാരമധ്യേ കൃത്യമായി ചേരുന്നുണ്ട്. അപ്പോള്‍ പുതിയ ആക്ഷേപമായി ഒരു കൂട്ടര്‍ ഇന്ന് എഴുതിയത്, ‘ഹോട്ടലില്‍ മന്ത്രിസഭ യോഗം’ എന്നാണ്. ക്ഷീരമുള്ള അകിടില്‍ ചോര തേടുന്ന സ്വഭാവം എന്നേ ഇതിനെ വിളിക്കാനാവൂ. അത്തരം വിലകുറഞ്ഞ ആക്ഷേപങ്ങള്‍ക്ക് മറുപടി നല്‍കുന്നില്ലെന്നും മുഖ്യമ​ന്ത്രി പറഞ്ഞു.

Tags:    
News Summary - situation not yet arisen to open major dams says Chief Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.