കാതോലിക്കാ ബാവക്ക് വിരുന്നൊരുക്കി ശിവഗിരി മഠം

വർക്കല : മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ ബസേലിയോസ്‌ മാർത്തോമാ മാത്യൂസ് തൃതിയൻ കാതോലിക്കാ ബാവക്ക് വർക്കല ശിവഗിരി മഠത്തിൽ ഊഷ്മള സ്വീകരണം. ഓർത്തഡോക്സ് സഭയുടെ കാതോലിക്കാ ആയി ഏതാനും മാസങ്ങൾക്ക് മുൻപ് സ്ഥാനമേറ്റ ബസേലിയോസ്‌ മാർത്തോമാ മാത്യൂസ് തൃതിയൻ ബാവക്കുള്ള ആദര സൂചകമായാണ് ശിവഗിരി മഠം വിരുന്നും സ്വീകരണവും ഒരുക്കിയത്.

ശിവഗിരി മഠം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദയും ജനറൽ സെക്രട്ടറി സ്വാമി ഋതുംബരാനന്ദയും ചേർന്നാണ് സ്വീകരണ ചടങ്ങുകൾക്ക് നേതൃത്വം നൽകിയത്. ശിവഗിരി മഠത്തിൽ എത്തിയ ബാവ തിരുമേനിയെ പൊന്നാട അണിയിച്ചാണ്‌ സന്യാസിമാർ സ്വീകരിച്ചത്. കാതോലിക്കാ ബാവയാകട്ടെ സ്വാമിമാർക്കായി ഒൻപത് ഇനം പഴങ്ങൾ അടങ്ങിയ പഴക്കൂടയുമായാണ് എത്തിയത്.

ആളുകൾക്കിടയിൽ വർഗീയ ധ്രുവീകരണങ്ങൾ ശക്തമാകുന്ന ഈ കാലഘട്ടത്തിൽ ഗുരുദേവന്റെ വചനങ്ങൾക്ക് ഏറെ പ്രസക്തിയുണ്ടെന്ന് കാതോലിക്കാ ബാവ പറഞ്ഞു. സാമൂഹിക സന്തുലിതാവസ്ഥ നിലനിർത്തുന്നതിൽ ശിവഗിരി മഠം വഹിക്കുന്ന പങ്ക് വളരെ വലുതാണെന്നും ബാവ അഭിപ്രായപ്പെട്ടു.

നിർധനർക്കും അവശതയനുഭവിക്കുന്ന സമൂഹങ്ങൾക്കും വേണ്ടി വർഷങ്ങളായി സേവനം ചെയ്യുന്ന കാതോലിക്കാ ബാവയുടെ പ്രവർത്തങ്ങളെ ശിവഗിരി മഠം അനുമോദിച്ചു. ബാവ തിരുമേനിയുടെ പുതിയ സ്ഥാനലബ്ധിയോടെ നിരവധി നിരാലംബർക്കു കൂടുതൽ പ്രയോജനം ലഭിക്കുവാനുള്ള അവസരം കൂടി ഒരുങ്ങുകയാണെന്ന് ശിവഗിരി മഠം ഭാരവാഹികൾ അഭിപ്രായപ്പെട്ടു. ഗുരുദേവ സമാധി സന്ദർശിച്ച കാതോലിക്കാ ബാവ സമാധിയിൽ പുഷ്പാർച്ചന നടത്തി.

മലങ്കര ഓർത്തഡോക്സ് സഭയിലെ മുതിർന്ന വൈദീകനും കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൌണ്ടേഷൻ മാനേജിങ് ഡയറക്ടറുമായ ഫാ. തോമസ് കുര്യൻ മരോട്ടിപ്പുഴയും സഭാ മാനേജിങ് കമ്മിറ്റി അംഗവും എം.ജി.എം ഗ്രൂപ്പ് ചെയർമാനുമായ ഗീവർഗീസ് യോഹന്നാനും കാതോലിക്കാ ബാവക്ക് ഒപ്പമുണ്ടായിരുന്നു.

Tags:    
News Summary - Sivagiri Math hosts a banquet for Catholic Bava

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.