വർക്കല: ശ്രീനാരായണ ഗുരുവിന്റെ ആശ്രമം എന്ന കൃതിയില്‍ വ്യവസ്ഥ ചെയ്തതിനെ മാതൃകയാക്കി ഗുരുദേവ ഭക്തരായ നാലു വനിതകള്‍ ചിത്രപൗര്‍ണമി നാളില്‍ ശിവഗിരി മഠത്തില്‍നിന്ന് സന്യാസ ദീക്ഷ സ്വീകരിച്ചു.
ശിവഗിരിയിലെ പര്‍ണശാലയില്‍ ശാന്തിഹോമം, വിരജാഹോമം എന്നിവക്കുശേഷം ധര്‍മ സംഘത്തിന്റെ അധ്യക്ഷന്‍ സച്ചിദാനന്ദ സ്വാമിയില്‍നിന്നാണ് ഇവര്‍ ദീക്ഷ സ്വീകരിച്ചത്. ശേഷം കാഷായ വസ്ത്രം നല്കി. മുമ്പ് പല വനിതകള്‍ക്കും ദീക്ഷ നല്‍കിയിട്ടുണ്ടെങ്കിലും ചിത്ര പൗര്‍ണമി നാളില്‍ ആദ്യമായാണ് നാലുപേര്‍ക്ക് ഒന്നിച്ച് സന്യാസ ദീക്ഷ നല്‍കുന്നത്.
എറണാകുളം അന്നമട സ്വദേശി സുജാത പറമ്പത്തിനെ സ്വാമിനി നാരായണ ചിത് പ്രകാശിനിയെന്നും വയനാട് കേണിച്ചിറയില്‍ ശ്രീനാരായണാശ്രമം സ്ഥാപിച്ച് ഗുരു ദര്‍ശന പ്രചാരണം നിര്‍വഹിച്ചുവന്ന ലീലയെ സ്വാമിനി നാരായണ ചൈതന്യമയിയെന്നും പത്തനംതിട്ട കൂടല്‍ മുറിഞ്ഞകല്‍ ആനന്ദ വിലാസത്തില്‍ ആനന്ദവല്ലിയെ സ്വാമിനി നാരായണ ദര്ശനമയിയെന്നും ആലുവ - തെക്കേവാഴക്കുളത്ത് മേക്കര എം.കെ. ശാരദയെ സ്വാമിനി നാരായണ ചിത് വിലാസിനിയെന്നുമാണ് ഇനി അറിയപ്പെടുക. ദീക്ഷ സ്വീകരിച്ച ശേഷം സന്യാസിനിമാര്‍ മഠത്തിലെ മുതിര്‍ന്ന സന്യാസിമാരിൽനിന്ന് അനുഗ്രഹം വാങ്ങി. ശാരദാമഠം, വൈദിക മഠം, മഹാസമാധി എന്നിവിടങ്ങളില്‍ ദര്‍ശനം നടത്തി വര്‍ക്കലയിലും പ്രാന്തപ്രദേശങ്ങളിലുമായി സന്യാസ വിധിയനുസരിച്ചുള്ള ഭിക്ഷയെടുത്ത് സന്യാസിനിമാര്‍ മഠത്തില്‍ സമര്‍പ്പിച്ചു. ഗുരുവിന്റെ ഉപദേശ പ്രകാരം സ്ത്രീകള്‍ക്കായി പ്രത്യേകം ആശ്രമം ഉയര്‍ന്നുവരികയാണെന്നും ധര്‍മസംഘം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, ജനറല്‍ സെക്രട്ടറി ശുഭാംഗാനന്ദ സ്വാമി, ട്രഷറര്‍ ശാരദാനന്ദ സ്വാമി എന്നിവര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.