കൊച്ചി: എൻ.ഐ.എ അന്വേഷണം വന്നാലും ഉദ്യോഗസ്ഥരെ സ്വാധീനിച്ച് കേസ് അട്ടിമറിക്കാൻ കഴിയുമെന്ന് മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം. ശിവശങ്കർ തന്നോട് പറഞ്ഞിട്ടുണ്ടെന്ന് സ്വപ്ന സുരേഷ് ഹൈകോടതിയിൽ.
സ്വർണക്കടത്ത് കേസിൽ എൻ.ഐ.എ അന്വേഷണം മുഖ്യമന്ത്രി ആവശ്യപ്പെട്ടത് ഇത് കൊണ്ടാണ്. കേരള കേഡറിലുള്ള പൊലീസ് ഉദ്യോഗസ്ഥരാണ് എൻ.ഐ.എയിൽ ഡെപ്യൂട്ടേഷനിലുള്ളതെന്നും മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ പാർട്ടിയുമായും അടുത്ത ബന്ധമുള്ളവരാണ് ഇവരെന്നും ശിവശങ്കർ പറഞ്ഞു. ശിവശങ്കർ തനിക്ക് സമ്മാനമായി നൽകിയ ഐഫോൺ എൻ.ഐ.എ പിടിച്ചെടുത്തിട്ടും അത് മഹസറിൽ ഉൾപ്പെടുത്താത്തത് അദ്ദേഹം പറഞ്ഞത് സത്യമാണെന്ന് തെളിയിക്കുന്നതായും സ്വപ്ന വ്യക്തമാക്കുന്നു. മുഖ്യമന്ത്രിയടക്കമുള്ളവരുടെ പങ്ക് വ്യക്തമാക്കുന്ന ചാറ്റുകളും മറ്റു വിവരങ്ങളും അടങ്ങുന്ന ഫോൺ ഇപ്പോൾ കാണാനില്ല. ഐ ക്ലൗഡിൽനിന്ന് ഇവ വീണ്ടെടുക്കാൻ കോടതിയിൽ അപേക്ഷ നൽകാൻ അഭിഭാഷകനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
മുഖ്യമന്ത്രിക്കെതിരായ വെളിപ്പെടുത്തലുകളുടെ പേരിൽ കേസ് രജിസ്റ്റർ ചെയ്തത് ഇ.ഡി അന്വേഷണം അട്ടിമറിക്കാനാണ്. ഇതിന് മുമ്പ് ഇ.ഡി അന്വേഷണം ജുഡീഷ്യൽ അന്വേഷണത്തിലൂടെ അട്ടിമറിക്കാനുള്ള ശ്രമം കോടതി തടഞ്ഞിരുന്നു. കോടതിക്ക് മുന്നിലും ഇ.ഡിക്കും താൻ നൽകിയ മൊഴികൾ സത്യമാണ്. ഇതിന് തെളിവുകളുമുണ്ട്. എന്നാൽ, മുഖ്യമന്ത്രിക്കെതിരെ ശത്രുത വളർത്താൻ നടത്തിയ അസത്യ പ്രസ്താവന എന്ന പേരിലാണ് കേസെടുത്തത്. സമാധാന അന്തരീക്ഷം തകർക്കാനും അക്രമവാസന വർധിപ്പിക്കാനും രാഷ്ട്രീയ താൽപര്യത്തോടെ അപകീർത്തികരമായ പരാമർശങ്ങളാണ് താൻ നടത്തിയതെന്ന് അന്വേഷണ സംഘം ആരോപിക്കുന്നു. താൻ പറഞ്ഞത് തെറ്റാണെന്ന് അന്വേഷണം നടത്താതെ തീരുമാനിക്കുന്നതെങ്ങനെ. തെളിവില്ലാത്തതാണ് പരാമർശമെന്ന് എങ്ങനെയാണ് കണ്ടെത്തിയത്. ഇ.ഡിക്ക് നൽകിയ മൊഴിയുടെ ആധികാരികത പരിശോധിക്കേണ്ടത് അവരാണ്.
കേസിന്റെ വിചാരണ ബംഗളൂരുവിലേക്ക് മാറ്റാൻ കഴിഞ്ഞ ദിവസം ഇ.ഡി സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. അതിനാൽ, ഇപ്പോഴത്തെ എഫ്.ഐ.ആർ നിലനിൽക്കുന്നതല്ലെന്നും റദ്ദാക്കണമെന്നും സത്യവാങ്മൂലത്തിൽ ആവശ്യപ്പെടുന്നു.
കൊച്ചി: വടക്കാഞ്ചേരി ലൈഫ് മിഷൻ ഭവന പദ്ധതിയുടെ മറവിൽ വിദേശ പണവിനിമയ ചട്ടലംഘനവും കൈക്കൂലി ഇടപാടും നടന്നിട്ടുണ്ടെന്ന ആരോപണം അന്വേഷിക്കുന്ന സി.ബി.ഐ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറെ ചോദ്യംചെയ്യാൻ സാധ്യത. കേസിൽ സ്വപ്ന സുരേഷിനെ രണ്ടാംവട്ടവും ചോദ്യംചെയ്തു. സ്വർണക്കടത്ത് കേസിലെ കൂട്ടുപ്രതി പി.എസ്. സരിത്തിന്റെ ചോദ്യംചെയ്യലും പൂർത്തിയായി.
യു.എ.ഇ റെഡ്ക്രസന്റ് നൽകിയ 18.5 കോടി രൂപ ഭവന പദ്ധതിക്ക് വിനിയോഗിച്ചത് സംബന്ധിച്ചാണ് കേസ്. യു.എ.ഇ കോൺസൽ ജനറൽ ഇടപെട്ടാണ് പണം ലഭ്യമാക്കിയത്. തുകയിൽ നാലു കോടി രൂപ കമീഷനായി പലർക്കും നൽകിയെന്ന് ആരോപണം ഉയർന്നിരുന്നു.
ഭവന പദ്ധതി നിർമാണം ഏറ്റെടുത്ത യൂനിടാക് ബിൽഡേഴ്സ് മാനേജിങ് ഡയറക്ടർ സന്തോഷ് ഈപ്പനാണ് ഒന്നാം പ്രതി. ഇയാൾ ഉൾപ്പെടെ പ്രതികളുടെ മൊഴികളിൽ കൂടുതൽ വ്യക്തത വരുത്താനാണ് സ്വപ്നയെ വിളിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.