മാനന്തവാടി: വിൽപനക്കായി എത്തിച്ച ആനക്കൊമ്പുമായി ആറുപേരെ വനംവകുപ്പ് കസ്റ്റഡിയിലെടുത്തു. കർണാടക കുടക് ഗോണിക്കുപ്പ അറവത്തൊക്ക് സ്വദേശികളായ ഫിലിപ്പോസ് മാത്യു (68), ബി.വി. രാജ (50), ശ്രീമംഗല ഷെട്ടിഗിരി ഗപ്പ (60), വയനാട് വാകേരി മൂടക്കൊല്ലി കാക്കനാട് വീട്ടിൽ കെ.ടി. എൽദോ (31), കക്കാടംകുന്ന് എടത്തറവീട്ടിൽ ഇ.എസ്. സുബീഷ് (36), കല്ലൂർകുന്ന് കാക്കനാട്ട് വീട്ടിൽ ജസ്റ്റിൻ ജോസ് (24) എന്നിവരാണ് പിടിയിലായത്. ഇവർക്ക് ആനക്കൊമ്പ് നൽകിയതെന്ന് കരുതുന്ന ഫ്രാൻസിസ് എന്നയാൾക്കായി അന്വേഷണം തുടങ്ങി.
ആനക്കൊമ്പ് കച്ചവടം നടക്കുന്നതായി തിരുവനന്തപുരം വനം വകുപ്പ് ഇന്റലിജൻസ് സെല്ലിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ വൈൽഡ് ലൈഫ് ക്രൈം കൺട്രോൾ ബ്യൂറോ, കൽപറ്റ ഫ്ലയിങ് സ്ക്വാഡ്, ബേഗൂർ റേഞ്ച് വനം വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ സംയുക്തമായി മാനന്തവാടിയിലെ സ്വകാര്യ ലോഡ്ജിൽ നടത്തിയ പരിശോധനയിലാണ് ശനിയാഴ്ച രാവിലെ ആറംഗസംഘം പിടിയിലായത്. ഇവരിൽനിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ മാനന്തവാടിയിലെ സർവിസ് സെന്ററിനടുത്ത് നിർത്തിയിട്ടിരുന്ന കാറിൽനിന്നാണ് ആനക്കൊമ്പ് കസ്റ്റഡിയിലെടുത്തത്. രണ്ടുവർഷത്തോളം പഴക്കവും ഒന്നരക്കിലോ തൂക്കവുമുണ്ട് ആനക്കൊമ്പിന്.
പ്രതികളിൽനിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ വനപാലകർ കർണാടകയിലെത്തി വിവരങ്ങൾ ശേഖരിച്ചു. ഗോണിക്കുപ്പയിൽ പ്രവർത്തിക്കുന്ന രാജയുടെ ആക്രിക്കടയിൽനിന്ന് ആനക്കൊമ്പിന്റെ ചെറിയഭാഗം കണ്ടെത്തി. വീടിനുസമീപത്തുള്ള വനത്തിൽനിന്ന് കിട്ടിയതെന്നാണ് രാജ വനപാലകർക്ക് നൽകിയ മൊഴി. ഈ സംഭവവുമായി ബന്ധപ്പെട്ട് കർണാടക വനംവകുപ്പ് കേസെടുത്ത് അന്വേഷണം തുടങ്ങി. കസ്റ്റഡിയിലെടുത്തവരെ വിശദമായി ചോദ്യം ചെയ്തുവരുകയാണെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.