കണ്ണൂർ: കഴിഞ്ഞ ആറു വർഷത്തിനിടെ കണ്ണൂരിലുണ്ടായത് 15 രാഷ്ട്രീയ കൊലപാതകങ്ങൾ. ഓരോ സംഭവത്തിനുശേഷവും സമാധാന സന്ദേശ യാത്രയും സർവകക്ഷി യോഗവും മുറയില്ലാതെ ആവർത്തിക്കുമ്പോഴും കൊലക്ക് അറുതിയില്ല. പുന്നോലിലെ സി.പി.എം പ്രവർത്തകൻ ഹരിദാസിന്റെ കൊലയാണ് ഒടുവിലത്തേത്. തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പെരിങ്ങത്തൂർ പുല്ലൂക്കരയിലെ യൂത്ത് ലീഗ് പ്രവർത്തകൻ പാറാൽ മൻസൂറാണ് (21) ഇതിനുമുമ്പ് കൊല്ലപ്പെട്ടത്.
കഴിഞ്ഞ വർഷം ഏപ്രിൽ ഏഴിനാണ് അക്രമി സംഘം മൻസൂറിനെ വീട്ടിന് മുന്നിൽവെച്ച് ബോംബെറിഞ്ഞ് വെട്ടിക്കൊലപ്പെടുത്തിയത്. സംഭവത്തിൽ സി.പി.എം പ്രവർത്തകരായിരുന്നു അറസ്റ്റിലായത്. പത്തുമാസത്തെ ഇടവേളക്ക് ശേഷമാണ് തിങ്കളാഴ്ച പുന്നോലിലെ സി.പി.എം പ്രവർത്തകന്റെ കൊല.
ആറുവർഷത്തിനിടെ അഞ്ച് സി.പി.എം പ്രവർത്തകർ കൊല്ലപ്പെട്ടപ്പോൾ ബി.ജെ.പിക്ക് ഏഴ് പ്രവർത്തകരെയാണ് നഷ്ടമായത്. യൂത്ത് കോൺഗ്രസ്, എസ്.ഡി.പി.ഐ, യൂത്ത്ലീഗ് വിഭാഗത്തിൽ ഓരോപേർ വീതവും കൊല്ലപ്പെട്ടു.
ബി.ജെ.പി പ്രവർത്തകനായ ശ്യാമപ്രസാദ് 2018 ജനുവരി 19നാണ് കൊല്ലപ്പെടുന്നത്. ഇതിന് പ്രതികാരമെന്നോണം എസ്.ഡി.പി.ഐക്കാരനായ മുഹമ്മദ് സലാഹുദ്ദീൻ കൊല്ലപ്പെടുന്നത് 2020 സെപ്റ്റംബർ എട്ടിനാണ്. യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് സെക്രട്ടറിയായ എടയന്നൂരിലെ എസ്.പി. ഷുഹൈബ് കൊല്ലപ്പെട്ടത് 2018 ഫെബ്രുവരി 12നാണ്.
2018 മേയ് 17ന് ഒരു മണിക്കൂറിനകം രണ്ടു പേരാണ് കൊല്ലപ്പെട്ടത്. മാഹി പള്ളൂരിലെ സി.പി.എം പ്രവർത്തകൻ കണ്ണിപ്പൊയിൽ ബാബു കൊല്ലപ്പെട്ട് മണിക്കൂറിനകം അഞ്ചുകിലോമീറ്റർ അകലെ ബി.ജെ.പി പ്രവർത്തകൻ കെ.പി. ഷമേജ് കൊലക്കത്തിക്കിരയായി. 2016 ഒക്ടോബർ പത്തിന് സി.പി.എം പ്രവർത്തകനായ വാളാങ്കിച്ചാലിലെ കെ. മോഹനൻ കൊല്ലപ്പെട്ട് രണ്ട് ദിവസത്തിനുള്ളിലായാണ് 12ന് ബി.ജെ.പി പ്രവർത്തകനും പിണറായി സ്വദേശിയുമായ വി. രമിത്ത് കൊല്ലപ്പെടുന്നത്.
പയ്യന്നൂർ കുന്നരുവിലെ സി.പി.എം പ്രവർത്തകൻ സി.വി. ധനരാജ് (2016 ജൂലൈ 11), ബി.ജെ.പി പ്രവർത്തകൻ ധർമടം അണ്ടലൂരിലെ എഴുത്തൻ സന്തോഷ് (2017 ജനുവരി 18) എന്നിവരെ വീട്ടിനുള്ളിൽവെച്ചാണ് എതിരാളികൾ ആക്രമിച്ച് കൊലപ്പെടുത്തിയത്. പയ്യന്നൂരിലെ ബി.ജെ.പി പ്രവർത്തകനായ സി.കെ. രാമചന്ദ്രനും വീടാക്രമിച്ചാണ് കൊല്ലപ്പെടുന്നത്.
അവസാനമായി കൊല്ലപ്പെട്ട യൂത്ത് ലീഗ് പ്രവർത്തകൻ മൻസൂറും തിങ്കളാഴ്ച ഹരിദാസും കൊല്ലപ്പെടുന്നത് സ്വന്തം വീട്ടിനുമുന്നിൽവെച്ചുള്ള അക്രമത്തിലാണ്. സി.പി.എം പ്രവർത്തകനായ ഏറാങ്കണ്ടി രവീന്ദ്രൻ (2016 മെയ് 19), തില്ലങ്കേരിയിലെ ബി.ജെ.പി പ്രവർത്തകനായ മാവില വിനീഷ് (2016 സെപ്റ്റംബർ മൂന്ന്), സി.പി.എം പ്രവർത്തകനായ ധനരാജ് വധക്കേസിലെ പ്രതിയും ബി.ജെ.പി പ്രവർത്തകനുമായ ചൂരക്കാട് ബിജു (2017 മേയ് 12) എന്നിവരും ഇതേ കാലയളവിൽ പ്രതികാര രാഷ്ട്രീയത്തിന് ഇരകളായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.