മലപ്പുറം: വിശ്വാസപരമായ വിഷയങ്ങളില്‍ വിശ്വാസികളെ ഉദ്‌ബോധിപ്പിച്ചതിന് അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് ഉള്‍പ്പടെ പണ്ഡിതന്മാര്‍ക്ക് നേരെ ധിക്കാരസ്വരത്തോടെ വിമര്‍ശിച്ച് മന്ത്രി വി. അബ്ദുറഹ്മാന്‍ നടത്തിയ പ്രസ്താവന പ്രതിഷേധാര്‍ഹവും അങ്ങേയറ്റം അപലപനീയവുമാണെന്ന് എസ്.കെ.എസ്.എസ്.എഫ് മലപ്പുറം ഈസ്റ്റ് ജില്ല കമ്മിറ്റി. ക്രിസ്മസ് ആഘോഷവുമായി ബന്ധപ്പെട്ട് ഇസ്ലാമിക വിശ്വാസികള്‍ പുലര്‍ത്തേണ്ട ജാഗ്രതയും, മിശ്രവിവാഹവുമായി ബന്ധപ്പെട്ട് മതത്തിന്‍റെ നിലപാടുകളും ഉദ്‌ബോധിപ്പിക്കുന്ന പണ്ഡിതന്‍മാരെ വിമര്‍ശിക്കുന്ന മന്ത്രിയുടെ നടപടി അജ്ഞതയാണ്. മതവിശ്വാസത്തെ പൂര്‍ണമായി ഉള്‍ക്കൊണ്ടും അനുഷ്ഠിച്ചുമാണ് സമുദായം മാനവിക സൗഹാര്‍ദവും മൈത്രിയും കാത്തുസൂക്ഷിക്കുന്നത്.
വിശ്വാസ, അനുഷ്ഠാന കാര്യങ്ങളെ മതത്തിന്‍റെ ചിട്ടയോടെ കാത്തുസൂക്ഷിച്ചുകൊണ്ട്, മാനവിക സമൂഹത്തില്‍ പരസ്പരമൈത്രിയും സൗഹൃദവും നിലനിര്‍ത്താന്‍ സാധ്യമാണ്. പണ്ഡിതന്‍മാരും സമുദായ നേതൃത്വവും എക്കാലത്തും പിന്തുടരുന്നതും സമൂഹത്തെ ബോധവത്കരിക്കുന്നതും ഇതേ രീതിയിലാണ്. ഇതേക്കുറിച്ച് പഠിക്കാന്‍ ശ്രമിക്കാതെ ആരയെങ്കിലും പ്രീതിപ്പെടുത്താന്‍ പ്രസ്താവനയിറക്കുന്നത് ബാലിശമാണ്.
ന്യൂനപക്ഷ വകുപ്പിന്‍റെ അധികാരത്തെ ചൂണ്ടിക്കാട്ടി പണ്ഡിതന്മാരെ ജയിലിലടക്കാന്‍ തിട്ടൂരമിറക്കുന്ന മന്ത്രി സ്വയം കോടതി ചമയരുതെന്നും എസ്.കെ.എസ്.എസ്.എഫ് ചൂണ്ടിക്കാട്ടി. യോഗത്തിൽ പ്രസിഡന്‍റ് നിയാസലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.