അപവാദ പ്രചാരണം: എം.വി. ഗോവിന്ദനും സച്ചിൻ ദേവിനുമെതിരെ ഏതറ്റം വരെയും പോകുമെന്ന് കെ.കെ രമ

തിരുവനന്തപുരം: നിയമസഭയില്‍ സ്പീക്കറുടെ ഓഫിസിന് മുന്നിലുണ്ടായ സംഘർഷത്തില്‍ കൈ ഒടിഞ്ഞതുമായി ബന്ധപ്പെട്ട് തനിക്കെതിരെ അപവാദ പ്രചാരണം നടത്തിയ സംഭവത്തിൽ നിയമനടപടികളുമായി ഏതറ്റം വരെയും മുന്നോട്ടു പോകുമെന്ന് ആർ.എം.പി.ഐ നേതാവ് കെ.കെ രമ എം.എൽ.എ. തനിക്കെതിരെ നടന്നത് ആസൂത്രിത ആക്രമണമാണ്. സംഭവത്തിൽ സ്പീക്കർക്കും ഡി.ജി.പിക്കും പരാതി നൽകിയിട്ടും ഒരു നടപടിയുമില്ല. ഭരണപക്ഷത്ത് ഉള്ളവർക്ക് മാത്രമാണ് നീതി. എം.എൽ.എയുടെ സ്ഥിതി ഇതാണെങ്കിൽ സാധാരണക്കാരുടെ അവസ്ഥ എന്താണെന്നും കെ.കെ. രമ ചോദിച്ചു.

നിയമസഭ സംഘർഷവുമായി ബന്ധപ്പെട്ട് തനിക്കെതിരെ അപവാദ പ്രചാരണം നടത്തിയതിനു സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും സച്ചിൻ ദേവ് എം.എൽ.എക്കും എന്നിവർക്ക് കഴിഞ്ഞ ദിവസമാണ് കെ.കെ. രമ വക്കീൽ നോട്ടീസ് അയച്ചത്. അപകീർത്തികരമായ പരാമർശം പിൻവലിച്ച് മാപ്പ് പറയാത്ത പക്ഷം നിയമ നടപടികളുമായി മുന്നോട്ടു പോകുമെന്ന് നോട്ടീസിൽ പറയുന്നു. സി.പി.എം മുഖപത്രമായ ദേശാഭിമാനിക്കും നോട്ടീസ് അയച്ചിട്ടുണ്ട്.

നോട്ടീസ് ലഭിച്ച് 15 ദിവസത്തിനകം മറുപടി നൽകുകയും പരസ്യമായി മാപ്പ് പറയുകയും ചെയ്തില്ലെങ്കിൽ ഒരു കോടി രൂപയുടെ മാനനഷ്ടക്കേസും ക്രിമിനൽ കേസും ഫയൽ ചെയ്യുമെന്നാണ് രമ നോട്ടീസിലൂടെ വ്യക്തമാക്കിയത്. തനിക്കെതിരെ പരാമർശം നടത്തിയതിന് സച്ചിൻദേവ് എം.എൽ.എക്കെതിരെ സൈബർ സെല്ലിൽ പരാതി നൽകിയിട്ടും നടപടിയുണ്ടാകാത്തതിനെ തുടർന്നാണ് ആർ.എം.പി തീരുമാന പ്രകാരം രമ നിയമപരമായ നീക്കം ആരംഭിച്ചത്.

സ്പീക്കറുടെ ഓഫിസിന് മുന്നിലെ സംഘർഷത്തിൽ കെ.കെ. രമയുടെ കൈക്ക് പരിക്കേറ്റിരുന്നു. എന്നാൽ, പരിക്ക് വ്യാജമാണെന്ന രീതിയിൽ വ്യാജ എക്സ്റേ ദൃശ്യങ്ങൾ അടക്കം ഉപയോഗിച്ച് സൈബർ ആക്രമണം നടന്നു. രമയുടെ കൈക്ക് പ്ലാസ്റ്ററിട്ടതിനെ പരിഹസിച്ച് സച്ചിൻദേവ് സമൂഹ മാധ്യമത്തിൽ പോസ്റ്റിട്ടിരുന്നു. രമയുടെ കൈക്ക് പരിക്കില്ലെന്ന് എം.വി. ഗോവിന്ദന്‍ പരാമർശം നടത്തുകയും ചെയ്തു. സച്ചിൻ ദേവിന്‍റെ പോസ്റ്റാണ് തനിക്കെതിരായ സൈബർ ആക്രമണത്തിന് തുടക്കമിട്ടതെന്നാണ് രമയുടെ പരാതി.

Tags:    
News Summary - Slander campaign: KK Rama to take legal action against M.V. Govindan and Sachin Dev

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.