കണ്ണൂർ: സൈബർ ഗ്രൂപ്പുകളായ ‘പോരാളി ഷാജി’മാരെ തള്ളിപ്പറയുക വഴി സി.പി.എം കണ്ണൂർ ജില്ല സെക്രട്ടറി എം.വി. ജയരാജൻ ഉന്നമിട്ടത് പാർട്ടി സംസ്ഥാന സമിതിയംഗം പി. ജയരാജനെയെന്ന് സൂചന.
തെരഞ്ഞെടുപ്പ് തോൽവിയിൽനിന്ന് പാഠം പഠിക്കണമെന്നും തോറ്റാലും ജയിച്ചാലും ജനങ്ങൾക്കൊപ്പം നിൽക്കുകയാണ് കമ്യൂണിസ്റ്റ് പ്രസ്ഥാനം നമ്മെ പഠിപ്പിച്ചതെന്നുമുള്ള പി. ജയരാജന്റെ വിമർശനം വലിയ ചർച്ചയായിരുന്നു. പാർട്ടിയനുകൂല സൈബർ ഗ്രൂപ്പുകളിൽ ഏറെയും പി. ജയരാജൻ അനുകൂലികളാണ് എന്നതാണ് വിമർശനം ആ വഴിക്ക് നീങ്ങാൻ ഇടയാക്കിയത്.
പോരാളി ഷാജി, ചെങ്കോട്ട, ചെങ്കതിർ എന്നീ സമൂഹ മാധ്യമ ഗ്രൂപ്പുകളെ മുതിർന്ന നേതാവ് പേരെടുത്ത് തള്ളിപ്പറയുന്നതും ആദ്യമായാണ്. നേരത്തേ പി. ജയരാജൻ ആരാധകർ രൂപംനൽകിയ പി.ജെ ആർമി ഗ്രൂപ്പിനെ നേതാക്കൾ തള്ളിപ്പറഞ്ഞുവെങ്കിലും പോരാളി ഷാജി, ചെങ്കോട്ട, ചെങ്കതിർ എന്നിവയെക്കുറിച്ച് ഒന്നും പരാമർശിച്ചിരുന്നില്ല.
സി.പി.എം പാനൂർ ഏരിയ കമ്മിറ്റിയംഗമായിരുന്ന പി.കെ. കുഞ്ഞനന്തന്റെ അനുസ്മരണത്തോടനുബന്ധിച്ച് രാവിലെയും വൈകീട്ടും നടന്ന ചടങ്ങുകളിലാണ് ഇരുവരുടെയും പ്രസംഗം. രാവിലെ നടന്ന അനുസ്മരണ പ്രഭാഷണമാണ് പി. ജയരാജൻ നിർവഹിച്ചത്. വൈകീട്ട് നടന്ന ചടങ്ങിലാണ് എം.വി. ജയരാജന്റെ പ്രഭാഷണം.
അതിനിടെ, എം.വി. ജയരാജന് മറുപടിയുമായി സമൂഹ മാധ്യമത്തിലെ ‘പോരാളി ഷാജി’ ഗ്രൂപ്പും രംഗത്തെത്തി. അങ്ങാടിയിൽ തോറ്റതിന് അമ്മയുടെ നെഞ്ചത്തല്ല കയറേണ്ടതെന്നും ഇത്രയും വലിയ പരാജയത്തിന് പോരാളി ഷാജിയല്ല ഉത്തരവാദിയെന്നുമാണ് പോസ്റ്റ്. ഇതിനെ അനുകൂലിച്ചും എതിർത്തും ഒട്ടേറെ കമന്റുകളുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.