തൃശൂർ: സിവിൽ സപ്ലൈസ് കോർപറേഷൻ (സപ്ലൈകോ) വിൽപനശാലകളിൽ സബ്സിഡി സാധനങ്ങൾ ലഭിക്കുന്നില്ല. സോഫ്റ്റ്വെയർ തകരാറുമൂലം പഞ്ചസാര അടക്കം 13 സബ്സിഡി സാധനങ്ങൾ വാങ്ങാനാവാതെ ജനം തിരിച്ചുപോവുകയാണ്. സപ്ലൈകോ ഐ.ടി വിഭാഗം തയാറാക്കിയ ഓൺലൈൻ സബ്സിഡി പോർട്ടലാണ് (ഒ.എസ്.പി) ഒരാഴ്ചയായി ഇടയ്ക്കിടെ പണിമുടക്കുന്നത്.
ആഘോഷവേളയിൽ മികച്ച കച്ചവടം നടക്കുന്ന സമയത്താണ് സോഫ്റ്റ്വെയർ 'പണി' നൽകുന്നത്. ഇതുമൂലം ഇതര സാധനങ്ങൾ വാങ്ങാൻ പോലും ജനം എത്താത്ത സാഹചര്യമാണുള്ളത്. വിൽപനശാലകളിൽ രണ്ടുതരം സോഫ്റ്റ്വെയറുകളാണ് ഉപയോഗിക്കുന്നത്. ഇതിൽ നിയന്ത്രിത അളവിൽ ലഭിക്കുന്ന സബ്സിഡി സാധനങ്ങൾ ഒ.എസ്.പിയിലും ഇതര സാധനങ്ങൾ ഔട്ട്ലെറ്റ് മാനേജ്മെന്റ് സിസ്റ്റത്തിലുമാണ് (ഒ.എം.എസ്) വിൽപന നടത്തുന്നത്. ഓഫ്ലൈനിലുള്ള ഒ.എം.എസിന് പ്രശ്നങ്ങളില്ല.
എന്നാൽ സപ്ലൈകോയിലേക്ക് ആകർഷിക്കുന്ന സബ്സിഡി സാധനങ്ങൾ ഇല്ലാത്ത സാഹചര്യത്തിൽ ഇതര സാധനങ്ങൾ വാങ്ങാൻ ഉപഭോക്താക്കൾ വരാത്ത സാഹചര്യമാണ് നിലവിലുള്ളത്. അവധി ദിവസമായ ഞായറാഴ്ച പോലും തകരാർ തീർക്കാർ അധികൃതർക്കായില്ല.
തിങ്കളാഴ്ച രാവിലെ മുതൽ ഇടക്കിടെ സോഫ്റ്റ്വെയർ പണിമുടക്കുന്നതിനാൽ ശരിയായ നിലയിൽ കച്ചവടം നടത്താനാവാത്ത സാഹചര്യമാണ്. കൃത്യമായി തകരാർ കണ്ടെത്തി പരിഹരിക്കുന്നതിന് വിദഗ്ധർ ശ്രമം തുടരുകയാണ്.
അതേസമയം സോഫ്റ്റ്വെയർ പ്രശ്നം വിൽപനശാലകളിൽ എഴുതിവെക്കണമെന്ന നിർദേശം പലയിടത്തും പാലിച്ചിട്ടില്ല. റമദാൻ വ്രതവും ഈസ്റ്ററും വിഷുവും അടക്കം ആഘോഷവേളയിൽ ജനം കൂടുതൽ ആശ്രയിക്കുന്ന സപ്ലൈകോ വിൽപനശാലകളിൽ സബ്സിഡി സാധനങ്ങൾ ഉണ്ടായിട്ടും കച്ചവടം നടത്താൻ സാധിക്കുന്നില്ല. ഇതുമൂലം മാവേലി സ്റ്റോറുകൾ അടക്കം 1617 വിൽപനശാലകളിൽ കോടിക്കണക്കിന് രൂപയുടെ വരുമാന നഷ്ടമാണ് ഉണ്ടാവുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.