തിരുവനന്തപുരം: ഏറെ കോളിളക്കം സൃഷ്ടിച്ച സോളാർ കേസിൽ വീണ്ടും അന്വേഷണം നടത്തുന്നതിെൻറ സാധ്യതകൾ പൊലീസ് പരിശോധിക്കുന്നു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉൾപ്പെടെ യു.ഡി.എഫ് പ്രമുഖർക്കെതിരെ ലൈംഗികാതിക്രമ ആരോപണം ഉന്നയിച്ച സരിത എസ്. നായർ ദക്ഷിണമേഖല എ.ഡി.ജി.പി എസ്. അനിൽകാന്തിന് സമർപ്പിച്ച പുതിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് ഇൗ നീക്കം ആരംഭിച്ചത്. സോളാർ അഴിമതി സംബന്ധിച്ച കാര്യങ്ങൾ അന്വേഷിച്ച ജസ്റ്റിസ് ശിവരാജൻ കമീഷൻ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തേ പ്രഖ്യാപനം നടത്തിയിരുന്നു.
സരിതയുടെ കത്തുകളുടെ അടിസ്ഥാനത്തിൽ സോളാർ കമീഷൻ ചില നിർദേശങ്ങളും റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിരുന്നു. ആ കത്തുകളുടെ അടിസ്ഥാനത്തിലാണ് ബലാത്സംഗക്കുറ്റം ചുമത്തി ക്രിമിനൽ അന്വേഷണത്തിനും അഴിമതി നിരോധന നിയമപ്രകാരം വിജിലൻസ് കേസെടുക്കാനും തീരുമാനിച്ചിരുന്നത്. അതിെൻറ അടിസ്ഥാനത്തിൽ പ്രത്യേക സംഘത്തെ നിയോഗിക്കുകയും ചെയ്തു.
ഡി.ജി.പിയായിരുന്ന രാജേഷ് ദിവാെൻറ നേതൃത്വത്തിൽ അന്വേഷണം ഏറ്റെടുത്തെങ്കിലും പരാതികൾ കൂട്ടമായി രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ സാധിക്കില്ലെന്ന വിലയിരുത്തലാണുണ്ടായത്. സരിതയുടെ കത്തുകളുടെ വിശ്വാസ്യതയും ചോദ്യം ചെയ്യപ്പെട്ടു. അതിനിടക്ക് സോളാർ റിപ്പോർട്ടിലെ സരിതയുടെ കത്തുകൾ നീക്കം ചെയ്യുന്നതുൾപ്പെടെ കാര്യങ്ങളിൽ ഹൈകോടതിയുടെ ഇടപെടലുമുണ്ടായി. തുടർന്ന് ഫലത്തിൽ സോളാർ കേസ് അന്വേഷണം തന്നെ വഴിമുട്ടിയ അവസ്ഥയിലുമായി. ഇതിനിടെയാണ് ആഴ്ചകൾക്കുമുമ്പ് വീണ്ടും പരാതിയുമായി സരിത പൊലീസിനെ സമീപിച്ചത്.
ആ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്താനാകുമോയെന്ന സാധ്യതയാണ് പൊലീസ് ഇപ്പോൾ പരിശോധിക്കുന്നത്. വ്യത്യസ്ത പരാതികളിൽ വെവ്വേറെ കേസുകൾ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താനാകുമെന്ന വിലയിരുത്തലിലാണ് പൊലീസ്. അതിനാൽ അത്തരത്തിലൊരു അന്വേഷണം ആരംഭിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.
യു.ഡി.എഫിെൻറ പ്രമുഖ നേതാക്കളെ പ്രതിക്കൂട്ടിൽ നിർത്താൻ സാധിക്കുന്ന വിഷയമാണിത്. അതിനാൽ സർക്കാറിനെതിരെ ബ്രൂവറി, ശബരിമല വിഷയങ്ങളിൽ പ്രതിപക്ഷ പ്രതിഷേധങ്ങളുടെ മുനയൊടിക്കാൻ സോളാർ കേസിന് വീണ്ടും ജീവൻവെപ്പിക്കുന്നത് സർക്കാറിനും ഗുണമാകും. അത്തരത്തിലുള്ള നീക്കവും അണിയറയിൽ പുരോഗമിക്കുന്നുണ്ടെന്നാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.