സോളാർ കമീഷന് വിശ്വാസ്യതയില്ല: ചെന്നിത്തല

തിരുവനന്തപുരം: സോളാർ കമീഷൻ റിപ്പോർട്ട് രാഷ്ട്രീയ പ്രേരിതമാണെന്നും ഗൂഢാലോചനയുടെ ഭാഗമാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജസ്റ്റിസ് ശിവരാജ് കമീഷന്‍റെ റിപ്പോർട്ടിന് വിശ്വാസ്യതയില്ലെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. റിപ്പോർട്ട് സമർപ്പിച്ചതിനുശേഷം മുഖ്യമന്ത്രിയുടെ ഓഫിസ് കമീഷനുമായി ബന്ധപ്പെട്ടു. ഇതേക്കുറിച്ച് അന്വേഷണം നടത്താൻ മുഖ്യമന്ത്രി തയാറുണ്ടോയെന്നും ചെന്നിത്തല ചോദിച്ചു. റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ കേസെടുക്കുമെന്ന് പ്രഖ്യാപിച്ച മുഖ്യമന്ത്രി അതിൽ നിന്നും പിൻമാറിയത് തെളിവുകൾ ഇല്ലാത്തതിനാലാണെന്നും ചെന്നിത്തല വ്യക്തമാക്കി.

കോൺഗ്രസ് നേതാക്കളെ കരുതിക്കൂട്ടി കരിവാരിത്തേക്കാനുള്ള ശ്രമമാണ് നടന്നത്. ഉമ്മൻചാണ്ടിയേയും ആരോപണ വിധേയരായ മറ്റ് കോൺഗ്രസ് നേതാക്കളെയും  മനപ്പൂർവം കുരുക്കിലാക്കി അണികലുടേയും കുടുംബത്തിന്‍റെയും മുന്നിൽ അപമാനിക്കുകയാണ് ചെയ്യുന്നത്.  ഇതൊരു ഗൂഢാലോചനയാണ്. ഇതിനെ രാഷ്ട്രീയപരമായും നിയമപരമായും നേരിടുമെന്നും ചെന്നിത്തല പറഞ്ഞു.

കമീഷൻ സ്വയം ടേംസ് ഓഫ് റഫറൻസ് ഉണ്ടാക്കി അന്വേഷണം നടത്തുകയായിരുന്നു. ലൈംഗിക ആരോപണം, അഴിമതി തുടങ്ങിയ ആരോപണങ്ങളിൽ എന്ത് തെളിവാണ് കമീഷൻ റിപ്പോർട്ടിലുള്ളത് എന്നും ചെന്നിത്തല ചോദിച്ചു. 33 കേസുകളിൽ പ്രതിയായ ഒരു സ്ത്രീ പറയുന്നതിൽ എന്ത് വിശ്വാസ്യതയാണ് ഉള്ളത്? പണം കൊടുത്തു എന്ന് പറയപ്പെടുന്ന സമയത്ത് പാപ്പരായിരുന്നു എന്ന് ഇവർ തന്നെ പറഞ്ഞിട്ടുള്ളതാണ്. 

യു.ഡി.എഫിന് തലയിൽ മുണ്ടിട്ടു നടക്കേണ്ട കാര്യമില്ലെന്നും മുണ്ട് അരയിൽ തന്നെ ഉണ്ടാകുമെന്നും മാധ്യമ പ്രവർത്തരുടെ ചോദ്യത്തിന് പ്രതിപക്ഷ നേതാവ് മറുപടി നൽകി. 


 

Tags:    
News Summary - Solar Commission Report-Ramesh Chennithala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.