കൊച്ചി: സോളാർ തട്ടിപ്പുമായി ബന്ധപ്പെട്ട് വ്യാജരേഖ ചമച്ചെന്ന കേസിൽ കെ.ബി. ഗണേഷ് കുമാർ എം.എൽ.എക്കെതിരെ കൊട്ടാരക്കര ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ പരിഗണനയിലുള്ള കേസ് റദ്ദാക്കണമെന്ന ഹരജി ഹൈകോടതി വിധിപറയാൻ മാറ്റി.
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയടക്കമുള്ളവരെ അപകീർത്തിപ്പെടുത്താൻ ഗണേഷ് കുമാറിനും സോളാർ തട്ടിപ്പുകേസിലെ പ്രതിയായ വനിതക്കുമെതിരെ അഡ്വ. സുധീർ ബാബു നൽകിയ പരാതിയെ തുടർന്നുള്ള കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഗണേഷ് നൽകിയ ഹരജിയാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്‍റെ പരിഗണനയിലുള്ളത്. കേസിലെ തുടർനടപടികളിലെ സ്റ്റേ നീക്കിയ ഹൈകോടതി, 10 ദിവസത്തേക്ക് ഗണേഷ് നേരിട്ട് മജിസ്ട്രേറ്റ് കോടതിയിൽ നേരിട്ട് ഹാജരാകുന്നതിൽനിന്ന് ഒഴിവാക്കി.
പത്തനംതിട്ട ജയിലിൽ കഴിയുമ്പോൾ പ്രതിയായ വനിത 25 പേജുള്ള കത്ത് തയാറാക്കി അഡ്വ. ഫെന്നി ബാലകൃഷ്‌ണൻ മുഖേന കോടതിയിൽ സമർപ്പിച്ചിരുന്നെങ്കിലും നൽകിയത് 21 പേജുള്ള കത്താണെന്നും എം.എൽ.എ ഉൾപ്പെടെയുള്ളവർ ഗൂഢാലോചന നടത്തി ഉമ്മൻ ചാണ്ടിയുടെയടക്കം പേരുകൾ രേഖപ്പെടുത്തി നാലുപേജുകൂടി ചേർത്താണ് നൽകിയതെന്നുമാണ് സുധീർ ബാബുവിന്‍റെ പരാതി. മന്ത്രിസഭയിൽനിന്ന് ഒഴിവാക്കിയതിലുള്ള വ്യക്തിവിരോധം തീർക്കാനാണ് ഗണേഷ് വ്യാജരേഖ ചമച്ചതെന്നും പരാതിയിൽ പറഞ്ഞിരുന്നു.
25 പേജുള്ള കത്താണ് എഴുതിയതെന്ന് സരിതതന്നെ സോളാർ കമീഷനിലുൾപ്പെടെ വ്യക്തമാക്കിയ സാഹചര്യത്തിൽ തനിക്കെതിരായ കേസ് നിലനിൽക്കില്ലെന്നാണ് ഗണേഷിന്‍റെ വാദം. ഒരാൾക്ക് എത്ര കത്തുവേണമെങ്കിലും എഴുതാമെന്നിരിക്കെ ഒന്ന് അസ്സലും മറ്റുള്ളവ വ്യാജവുമാണെന്ന് പറയാനാവുന്നതെങ്ങനെ. അതിനാൽ, വ്യാജരേഖ കുറ്റം നിലനിൽക്കില്ല. ഈ കേസിലെ തുടർ നടപടി കോടതി നടപടികളുടെ ദുരുപയോഗമാണെന്നും ഗണേഷിന്‍റെ അഭിഭാഷകൻ വാദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.