സോളിഡാരിറ്റി സംസ്ഥാന സമ്മേളനത്തിന്റെ സമാപനത്തോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനം ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യ അമീർ സയ്യിദ് സആദത്തുല്ല ഹുസൈനി ഉദ്ഘാടനം ചെയ്യുന്നു. സുഹാന അബ്ദുൽ ലത്തീഫ്, തമന്ന സുൽത്താന, നർഗീസ് ഖാലിദ് ഫൈസി, ആകാർ പട്ടേൽ, ടി. ആരിഫലി, ഡോ. നഹാസ് മാള, എം.ഐ. അബ്ദുൽ അസീസ്, ഫലസ്തീൻ അംബാസഡർ അദ്നാൻ അബുൽ ഹൈജ, പി. മുജീബ് റഹ്മാൻ, പി.പി. ജുമൈൽ, ഫാത്തിമ ശബരിമാല, വി.ടി. അബ്ദുല്ലക്കോയ തുടങ്ങിയവർ സമീപം

ഫലസ്തീൻ ഐക്യദാർഢ്യ പ്രഖ്യാപനമായി സോളിഡാരിറ്റി സമ്മേളനം

കൊച്ചി: സോളിഡാരിറ്റി സംസ്ഥാന സമ്മേളനം ഫലസ്തീനുള്ള ഐക്യദാർഢ്യ പ്രഖ്യാപന വേദിയായി. സമ്മേളനത്തിൽ മുഖ്യാതിഥിയായി പങ്കെടുത്ത ഇന്ത്യയിലെ ഫലസ്തീൻ അംബാസഡർ അദ്‌നാൻ അബുൽ ഹൈജയുടെ പ്രസംഗശേഷം സമ്മേളനപ്രതിനിധികൾ എഴുന്നേറ്റുനിന്ന് മുദ്രാവാക്യം വിളികളോടെ അദ്ദേഹത്തിന് പിന്തുണ അറിയിച്ചത് വൈകാരിക മുഹൂർത്തങ്ങൾ സൃഷ്ടിച്ചു.

ഓരോദിനവും അധിനിവേശ ഫലസ്തീനിൽ ഇസ്രായേൽ അതിക്രമം തുടരുകയാണെന്ന് അദ്ദേഹം പറഞ്ഞു. ജറൂസലമിലും വെസ്റ്റ് ബാങ്ക് പ്രദേശങ്ങളിലും ആയിരക്കണക്കിന് നിർമാണങ്ങളുമായി ഇസ്രായേൽ മുന്നോട്ടു പോവുകയാണ്. സ്കൂളും ക്ലിനിക്കുകളും ഉൾപ്പെടെ നൂറുകണക്കിന് കെട്ടിടങ്ങളും വീടുകളും തകർത്തു. പകർച്ചവ്യാധിയുടെ ഈ നാളുകളിൽ പോലും തങ്ങളെ വംശഹത്യക്ക് ഇരയാക്കുന്നു. 5000 ഫലസ്തീൻ യുവാക്കളെയാണ് ജയിലുകളിൽ വൈദ്യസഹായം പോലും നിഷേധിച്ച് പീഡിപ്പിക്കുന്നത്, ഇതിൽ 160 കുട്ടികളും നാൽപതിലേറെ സ്ത്രീകളുമുണ്ട്.

15 വർഷമായി ഗസ്സ മുനമ്പ് തുറന്ന ജയിലാണ്. ഈ വർഷം ഇതുവരെ 65 ഫലസ്തീൻ സിവിലിയന്മാരെയാണ് അധിനിവേശ സൈന്യം കൊന്നൊടുക്കിയത്. അതിൽ ഒന്നാണ് 10 ദിവസം മുമ്പ് പ്രസ് ജാക്കറ്റ് അണിഞ്ഞ ഷിറീൻ അബു അഖ്ലെ എന്ന മാധ്യമപ്രവർത്തകയുടെ കൊലപാതകം. അൽ അഖ്സ പള്ളിയിൽ ദിനംപ്രതി നടത്തുന്ന ആക്രമണങ്ങളിലൂടെ അവർ ലക്ഷ്യമിടുന്നത് ഒരു മതയുദ്ധംതന്നെയാണ്. ഫലസ്തീനിനും ജനതക്കുമായി ഇന്ത്യൻ സർക്കാറും ജനതയും നൽകുന്ന പിന്തുണക്ക് നന്ദി പറയുന്നതായും ഫലസ്തീനികളോടുള്ള ഇഷ്ടത്തിനും സ്നേഹത്തിനും കടപ്പാടറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു.

അധ്യക്ഷ പ്രസംഗത്തിൽ ഫലസ്തീൻ അംബാസഡർക്കായി അറബിയിൽ സംസാരിച്ച ഡോ. നഹാസ് മാളയെ അദ്ദേഹം അഭിനന്ദിച്ചു. പൊതുസമ്മേളന വേദിയിലെ നേതാക്കളെ അംബാസഡർ ഫലസ്തീന്‍റെ ഷാളും അണിയിച്ചു.

ഫാഷിസ്റ്റ് നിർമിതികൾ തിരിച്ചറിഞ്ഞ് ചെറുക്കാൻ ആഹ്വാനം

കൊച്ചി: ഫാഷിസ്റ്റ് ശക്തികൾ നിർമിക്കുന്ന ഇസ്ലാമോഫോബിയ പ്രചാരണങ്ങൾ തിരിച്ചറിഞ്ഞ് ചെറുക്കാൻ പൊതുസമൂഹത്തിനും ബാധ്യതയുണ്ടെന്ന ആഹ്വാനവുമായി സോളിഡാരിറ്റി യൂത്ത് മൂവ്മെന്‍റ് സംസ്ഥാന സമ്മേളനത്തിന് ഉജ്ജ്വല സമാപനം. രണ്ടുദിവസത്തെ യുവജന സംഗമത്തിന് സമാപനംകുറിച്ച് കലൂർ ഇന്‍റർനാഷനൽ സ്റ്റേഡിയത്തിൽ പ്രത്യേകം സജ്ജമാക്കിയ ശാഹീൻബാഗ് സ്ക്വയറിൽ സംഘടിപ്പിച്ച പൊതുസമ്മേളനത്തിൽ ആയിരങ്ങൾ പങ്കെടുത്തു.

പൊതുസമ്മേളനത്തിന് മുന്നോടിയായി നഗരത്തിന് പുത്തൻ അനുഭവം നൽകി ആവേശകരമായ പ്രകടനം നടന്നു. രാജ്യത്തിന്‍റെ പൈതൃകമായ മതസൗഹാർദവും സഹവർത്തിത്വവും കാത്തുസൂക്ഷിക്കാനുള്ള ഉത്തരവാദിത്തം ഭരണകൂടങ്ങൾക്കും പൊതുസമൂഹത്തിനുമുണ്ടെന്ന് സമാപന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യ അമീർ സയ്യിദ് സആദത്തുല്ല ഹുസൈനി പറഞ്ഞു. അനീതിക്കെതിരെ നീതിക്കായി നിലകൊള്ളുക എന്നത് വിശ്വാസത്തിന്‍റെ കൂടെ ഭാഗമാണെന്ന് അദ്ദേഹം ഓർമിപ്പിച്ചു.

ഭിന്നിപ്പിന്‍റെ രാഷ്ട്രീയത്തെ തോൽപിക്കാൻ ഇസ്ലാമോഫോബിയ പ്രചാരണങ്ങളെ മുഴുവൻ ജനതയും തിരിച്ചറിഞ്ഞ് ചെറുക്കേണ്ടതുണ്ടെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്‍റ് ഡോ. നഹാസ് മാള അധ്യക്ഷ പ്രഭാഷണത്തിൽ പറഞ്ഞു. രാഷ്ട്രീയമായി ഫാഷിസത്തെ എതിർക്കുമ്പോൾതന്നെ സാംസ്കാരിക ഫാഷിസവും അതിന്‍റെ മുഖ്യ ഉള്ളടക്കമായ മുസ്ലിംവിരുദ്ധതയും ഇടതുപക്ഷം പോലും എറ്റെടുത്തുകൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.ഇവിടെ തടിച്ചുകൂടിയ യുവത പ്രകടിപ്പിക്കുന്ന ഐക്യദാർഢ്യം ഫലസ്തീനികളുടെ പോരാട്ടത്തിന് ആവേശം പകരുന്നതാണെന്ന് മുഖ്യാതിഥിയായി പങ്കെടുത്ത ഫലസ്തീൻ അംബാസഡർ അദ്നാൻ അബുൽ ഹൈജ അഭിപ്രായപ്പെട്ടു.

സ്ത്രീകൾക്ക് സമൂഹത്തിൽ ഉന്നത പദവി നൽകിയ ദർശനമാണ് ഇസ്ലാമെന്നും അതാണ് തന്നെ ഇവിടെ എത്തിച്ചതെന്നും തമിഴ്നാട്ടിൽനിന്നുള്ള സാമൂഹിക പ്രവർത്തക ഫാത്തിമ ശബരിമാല പറഞ്ഞു. ആംനസ്റ്റി ഇൻറർനാഷനൽ പ്രതിനിധി ആകാർ പട്ടേൽ, സോഷ്യൽ ആക്ടിവിസ്റ്റ് നർഗീസ് ഖാലിദ് സൈഫി, ദ ക്വിന്‍റ് എഡിറ്റർ ആദിത്യ മേനോൻ, ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യ സെക്രട്ടറി ജനറൽ ടി. ആരിഫലി, കേരള അമീർ എം.ഐ. അബ്ദുൽ അസീസ്, വനിത വിഭാഗം പ്രസിഡന്‍റ് പി.വി. റഹ്മാബി, ജി.ഐ.ഒ സംസ്ഥാന പ്രസിഡന്‍റ് അഡ്വ. തമന്ന സുൽത്താന, എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്‍റ് ഇ.എം. അംജദ് അലി, സോളിഡാരിറ്റി സംസ്ഥാന വൈസ് പ്രസിഡന്‍റ് സി.ടി. സുഹൈബ്, ജനറൽ സെക്രട്ടറി പി.പി. ജുമൈൽ, സമ്മേളന ജനറൽ കൺവീനർ സി.കെ. ഷബീർ എന്നിവർ സംസാരിച്ചു.

നേരത്തേ പ്രതിനിധി സമ്മേളനത്തിന്‍റെ സമാപനം ജമാഅത്തെ ഇസ്ലാമി സംസ്ഥാന അസി. അമീർ പി. മുജീബ് റഹ്മാൻ ഉദ്ഘാടനം ചെയ്തു.

Tags:    
News Summary - Solidarity Conference as a Declaration of Palestinian Solidarity

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.