കൊച്ചി: ഉറച്ച ശബ്ദത്തിൽ നിലപാട് പ്രഖ്യാപിച്ച സോളിഡാരിറ്റി യുവത കൊച്ചി നഗരത്തിൽ ആർത്തിരമ്പുന്ന ആവേശമായി. സോളിഡാരിറ്റി യൂത്ത് മൂവ്മെന്‍റെ് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടന്ന റാലി പ്രവർത്തകരുടെ വർധിച്ച പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി.
മൂന്നരക്ക് സമ്മേളന നഗരിയായ കലൂർ അന്താരാഷ്ട്ര സ്റ്റേഡിയം പരിസരത്തുനിന്ന് ആരംഭിച്ച റാലിക്ക് സംസ്ഥാന നേതാക്കൾ നേതൃത്വം നൽകി. കലൂർ വഴി ടൗൺഹാളിന് മുന്നിലെത്തിയ റാലി അവിടെനിന്ന് തിരിഞ്ഞ് സമ്മേളന നഗരിയിൽ സമാപിച്ചു. റാലിയുടെ മുൻനിരയിൽ സോളിഡാരിറ്റി സംസ്ഥാന നേതാക്കളായ ഡോ. നഹാസ് മാള, ഒ.കെ. ഫാരിസ്, ഡോ. സാഫിർ, അംജദ് അലി, സി.ടി. സുഹൈബ്, പി.പി. ജുമൈൽ, ഷബീർ കൊടിയത്തൂർ, സി.എ. നൗഷാദ്, ഡോ. അലിഫ് ശുക്കൂർ, എ. അനസ്, തൻസീർ ലത്തീഫ് എന്നിവർ അണിനിരന്നു.
ആദ്യ നിരയിൽനിന്ന് മുദ്രാവാക്യങ്ങൾ ഉയർന്നപ്പോൾ ആയിരക്കണക്കിന് വരുന്ന പ്രവർത്തകർ അത് ഏറ്റെടുത്തു. പിന്നിൽ പ്രത്യേക ബ്ലോക്കുകളായി ക്രമീകരിച്ച പ്രവർത്തകർ പ്ലക്കാർഡുകളും ബാനറുകളും കൊടികളും ഉയർത്തി ആവേശം നിറച്ചു. സോളിഡാരിറ്റി സംസ്ഥാന ഭാരവാഹികൾ, സംസ്ഥാന കമ്മിറ്റി അംഗങ്ങൾ, എസ്.ഐ.ഒ സംസ്ഥാന കമ്മിറ്റി അംഗങ്ങൾ, സോളിഡാരിറ്റി ജില്ല ഭാരവാഹികൾ എന്നിവരാണ് ആദ്യ ബ്ലോക്കിൽ അണിനിരന്നത്.
ഇടതുപക്ഷം ഇസ്ലാമോഫോബിയയുടെ പ്രചാരകരാകരുത്, ബാബരി-ഗ്യാൻവാപി സംഭവങ്ങളിലെ ജുഡീഷ്യൽ കർസേവയെ പ്രതിരോധിക്കുക, യു.എ.പി.എ പിൻവലിച്ച് തടവുകാരെ മോചിപ്പിക്കുക തുടങ്ങിയ നിലപാടുകളാണ് റാലിയിലൂടെ ഉയർത്തിയത്. എറണാകുളം ടൗൺഹാളിന് മുന്നിലെത്തിയ പ്രകടനത്തിന് ജമാഅത്തെ ഇസ്ലാമി കൊച്ചി സിറ്റിയുടെ നേതൃത്വത്തിൽ അഭിവാദ്യം അർപ്പിച്ചു. കലൂർ സ്റ്റേഡിയത്തിൽ റാലി എത്തിയതോടെ ശാഹീൻബാഗ് സ്ക്വയറിൽ പൊതുസമ്മേളനം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.