കൊച്ചി: മാസ്ക് കൃത്യമായി ധരിച്ചിട്ടില്ലേ, അപ്പോൾ വരും നിർദേശം, മാസ്ക് കൃത്യമായി ധരിക്കൂ... സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ വൃത്തിയാക്കിയില്ലെങ്കിൽ നേരിട്ട് സാനിറ്റൈസർ കൈകളിലേക്ക് ഒഴിച്ചു നൽകും. തൃക്കാക്കര കമ്മ്യൂണിറ്റി ഹാളിൽ പ്രവർത്തിക്കുന്ന പോളിങ് ബൂത്തിൽ വോട്ട് ചെയ്യാൻ എത്തുന്നവർക്ക് കോവിഡ് നിയന്ത്രണങ്ങൾ മാത്രമല്ല പുതുമ, കൂട്ടത്തിൽ അത്ഭുതപ്പെടുത്താൻ അസിമോവ് റോബോട്ടിക്സ് തയ്യാറാക്കിയ സായാബോട്ടും ഉണ്ട്.
പോളിങ് കേന്ദ്രത്തിൽ കോവിഡ് നിയന്ത്രണങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക എന്നതാണ് സായാബോട്ടിന്‍റെ ചുമതല.
വോട്ടിങ്ങിനായി വരുന്ന വോട്ടർമാര പരിശോധിച്ച് മാസ്ക് ധരിച്ചിട്ടുണ്ടോ, ഉണ്ടെങ്കിൽ വേണ്ടവിധം ആണോ ധരിച്ചിരിക്കുന്നത്, ശരീരതാപനില സാധാരണ അവസ്ഥയിൽ ആണോ, സാനിറ്റേഷൻ ചെയ്തതിനുശേഷമാണോ ബൂത്തിലേക്ക് പ്രവേശിക്കുന്നത് തുടങ്ങിയ കാര്യങ്ങൾ കേവലം ഒരു മിനിറ്റിൽ താഴെ സമയം കൊണ്ട് സായാബോട്ട് പരിശോധിക്കും.
സാനിറ്റൈസർ റോബോട്ട് തന്നെ വിതരണം ചെയ്യും. താപനില കൂടുതലാണെങ്കിൽ പോളിങ് ഓഫിസറുമായി ബന്ധപ്പെട്ട് പ്രത്യേകം വോട്ട് ചെയ്യാനുള്ള സൗകര്യങ്ങൾ തേടാൻ ആവശ്യപ്പെടും. കൂടാതെ അതെ ഒന്നിൽ കൂടുതൽ ആളുകൾ അടുത്ത് നിൽക്കുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ സാമൂഹിക അകലം പാലിക്കേണ്ടതിന്‍റെ ആവശ്യം ബോധ്യപ്പെടുത്തും.
കളമശേരി സ്റ്റാർട്ട്‌അപ്പ് വില്ലേജ് കേന്ദ്രമായി പ്രവർത്തിക്കുന്ന അസിമോവ് റോബോട്ടിക്സ് ആണ് സായാ ബോട്ടിന്‍റെ നിർമാണത്തിന് പിന്നിൽ. രണ്ടു ദിവസം കൊണ്ടാണ് നിലവിലുള്ള റോബോട്ടിനെ ഇത്തരത്തിൽ സജ്ജീകരിച്ചത് എന്ന് അസിമോവ് റോബോട്ടിക്സ് സി.ഇ.ഒ ജയകൃഷ്ണൻ പറഞ്ഞു. ജില്ല ഭരണകൂടത്തിന്‍റെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് സായാ ബോട്ടിന്‍റെ സേവനം സഹായകമാവുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.