തിരുവനന്തപുരം: നിയമസഭ ചോദ്യോത്തരവേളയിൽ ഉന്നയിക്കുന്ന ചോദ്യങ്ങളുടെ ദൈർഘ്യവുമായി ബന്ധപ്പെട്ട് സ്പീക്കറും പ്രതിപക്ഷ നേതാവും തമ്മിൽ തർക്കം. ഹേമ കമ്മിറ്റി റിപ്പോർട്ട് സംബന്ധിച്ച ചോദ്യോത്തരങ്ങൾക്കിടെ പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ സംസാരിക്കവെയാണ് സ്പീക്കർ എ.എൻ. ഷംസീർ ഇടപെട്ടത്.
ചോദ്യങ്ങൾ 45 സെക്കൻറിനുള്ളിൽ ചോദിക്കണമെന്ന് സ്പീക്കർ റൂളിങ് നൽകി. മുതിർന്ന അംഗങ്ങൾ മുതൽ ജൂനിയർ അംഗങ്ങൾ വരെ ചോദ്യങ്ങളെ ‘സ്റ്റേറ്റ്മെന്റാക്കി മാറ്റുന്നു’വെന്നും സ്പീക്കർ കുറ്റപ്പെടുത്തി. ബുധനാഴ്ച ചോദ്യോത്തരവേള നിശ്ചിതസമയത്തിന് ശേഷവും അഞ്ച് മിനിറ്റോളം നീളുന്ന സാഹചര്യമുണ്ടായപ്പോഴാണ് സ്പീക്കർ ഇടപെട്ടത്.
ഹേമ കമ്മിറ്റി റിപ്പോർട്ട് സംബന്ധിച്ച ചോദ്യത്തിന് മന്ത്രി സജി ചെറിയാൻ മറുപടി പറയുന്നതിനിടെയാണ് ഉപചോദ്യങ്ങൾ കൂടുതലായി വന്നത്. ഹേമ കമ്മിറ്റി റിപ്പോർട്ട് സംബന്ധിച്ച് പ്രതിപക്ഷ നേതാവിന്റെ ചോദ്യം നീണ്ടപ്പോൾ, സ്പീക്കർ പലതവണ ചുരുക്കാൻ ആവശ്യപ്പെട്ടു.
താൻ ചോദ്യം ഉന്നയിക്കുമ്പോൾ സ്പീക്കർ നിരന്തരമായി ഇടപെടുകയാണെന്നും കഴിഞ്ഞ ദിവസങ്ങളിലും സമാനമായ ഇടപെടലുണ്ടായെന്ന് സതീശൻ കുറ്റപ്പെടുത്തി. എന്നാൽ, പ്രകോപിതനാകരുതെന്നും സമയം പോകുകയാണെന്നും സ്പീക്കർ പറഞ്ഞു. ഇങ്ങനെയാണെങ്കിൽ താൻ ചോദ്യം ചോദിക്കുന്നില്ലെന്ന് പറഞ്ഞ് സതീശൻ സീറ്റിലിരുന്നു. മൂന്ന് മിനിറ്റോളം സതീശൻ സംസാരിച്ചെന്നും താങ്കൾക്ക് മറുപടി കിട്ടാൻ വേണ്ടിയാണ് ചുരുക്കാൻ ആവശ്യപ്പെട്ടതെന്നും ചോദ്യം ചോദിക്കൂവെന്നും സ്പീക്കർ സതീശനോട് നിർദേശിച്ചു. തുടർന്ന് സതീശൻ ചോദ്യം പൂർത്തിയാക്കി.
വി.ഡി. സതീശനാണ് പാർലമെന്ററി നടപടികളെക്കുറിച്ച് എനിക്ക് ആദ്യമായി ക്ലാസെടുത്തതെന്നും സ്പീക്കർ ഓർമിപ്പിച്ചു. എന്റെ പ്രായത്തിന്റെ പകുതിയോളം കാലം നിയമസഭ സാമാജികരായി ഇരുന്നവരുടെ ഭാഗത്തുനിന്നാണ് ചോദ്യങ്ങൾ പ്രസ്താവനകളായി കാണപ്പെടുന്നത്. അത് അനുകരണീയ മാതൃകയല്ല -സ്പീക്കർ പറഞ്ഞു.
തിരുവനന്തപുരം: നിയമസഭയിൽ വി.ഡി. സതീശനെ വ്യക്തിപരമായി കടന്നാക്രമിച്ച് ഭരണപക്ഷം. സതീശന് എല്ലാവരോടും പുച്ഛമാണെന്നും ധിക്കാരത്തോടെയാണ് പെരുമാറുന്നതെന്നുമായിരുന്നു ആരോപണം. ആരെക്കുറിച്ചാണ് പറഞ്ഞതെന്ന് തനിക്കറിയാമെന്ന് മുഖ്യമന്ത്രിയുടെ പേര് പറയാതെ സതീശൻ മറുപടി നൽകിയത്.
ആദ്യം രംഗത്തെത്തിയത് കെ. പ്രേംകുമാറാണ്. എ.കെ. ആന്റണിയെ പോലും അദ്ദേഹം വേദനിപ്പിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയെ ‘ക്രിമിനലെ’ന്നും ‘അയാളെ’ന്നും വിളിക്കാൻ സതീശന് മടിയില്ല. പി.കെ. ശ്രീമതിയെ കിടുങ്ങാച്ചിയമ്മ എന്ന് വിളിക്കാൻ മാത്രം സ്ത്രീവിരുദ്ധത കൊണ്ടുനടക്കുകയാണ് പ്രതിപക്ഷ നേതാവെന്നും പ്രേംകുമാർ പറഞ്ഞു. ഭരണപക്ഷത്തിന് ആരെ പറ്റിയാണോ ഇങ്ങനെ പറയാനുള്ളത് ആ ആളെപ്പറ്റി പറയാന്‍ പേടിയാണെന്നായിരുന്നു സതീശന്റെ മറുപടി. അതിന് ധൈര്യമില്ലാത്തതിനാൽ ഈ സാറിന്റെ തലയില്‍ വെച്ചു കൊടുക്കാമെന്നു കരുതി. ഉദ്ദേശിച്ചയാൾ ധിക്കാരിയാണ്, അഹങ്കാരിയാണ്, അടുത്തു വന്നാല്‍ ഓടിക്കും, കണ്ണ് മിഴിച്ച് നോക്കും, ഇറങ്ങ് പുറത്ത് എന്നൊക്കെ പറയുമെന്നും സതീശൻ കൂട്ടിച്ചേർത്തു.
തിരുവനന്തപുരം: ശബരിമലയില്‍ മണ്ഡല-മകരവിളക്ക് കാലത്ത് ദര്‍ശനത്തിന് സ്പോട്ട് ബുക്കിങ് ഒഴിവാക്കാനുള്ള തീരുമാനം പിന്‍ലിക്കണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ നിയമസഭയിൽ ആവശ്യപ്പെട്ടു. ഓണ്‍ലൈന്‍ ബുക്കിങ്ങിലൂടെ 80,000 പേരെ മാത്രമേ ഒരു ദിവസം പ്രവേശിപ്പിക്കൂവെന്ന് വന്നാൽ, ഇതര സംസ്ഥാനങ്ങളിൽനിന്ന് എത്തുന്നവർക്ക് ദർശനം നടത്താനാകാതെ മടങ്ങേണ്ടിവരും. കഴിഞ്ഞ വര്‍ഷം 90,000 പേരെ ഓണ്‍ലൈന്‍ ബുക്കിങ്ങിലൂടെ അനുവദിച്ചു. ഇതുകൂടാതെ സ്പോട്ട് ബുക്കിങ്ങിലൂടെ 15,000 പേരെയും അനുവദിച്ചിരുന്നെന്നും പ്രതിപക്ഷനേതാവ് ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.