കാഞ്ഞിരപ്പള്ളി താലൂക്കിൽ പട്ടയ അപേക്ഷകൾ പരിശോധിക്കാൻ സ്പെഷ്യൽ ഓഫീസ്

തിരുവനന്തപുരം: കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി താലൂക്കിൽ എരുമേലി വടക്ക് എരുമേലി തെക്ക് കോരുത്തോട് എന്നീ വില്ലേരുകളിലെ ഭൂമിപതിവിനായി സമർപ്പിച്ചിട്ടുള്ള അപേക്ഷകൾ പരിശോധിച്ച് പട്ടയം നൽകുന്നതിന് സ്പെഷ്യൽ ഓഫീസ് അനുവദിച്ച് ഉത്തരവ്. ലാന്റ് റവന്യൂ കമീഷണർ ഡോ.എ കൗശികന്റെ റിപ്പോർട്ട് പ്രകാരമാണ് റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾ ഉത്തരവിറക്കിയത്.

വില്ലേജുകളിലെ ഒമ്പത് സർവേ നമ്പരുകളിലായി രേഖകളിൽ (ബി.ടി.ആർ) ഭൂമിയുടെ തരം പുറമ്പോക്ക്, ഫോറസ്റ്റ് പുരയിടം എന്നു രേഖപ്പെടുത്തിയിട്ടുള്ളതും, റിമാർക്സ് കോളത്തിൽ ഹിൽമെൻ സെറ്റിൽമെന്റ് എന്നു രേഖപ്പെടുത്തിയിട്ടുള്ളതുമാണ്. 1450 ഹെക്ടർ പ്രദേശത്ത് പട്ടിക വർഗ വിഭാഗത്തിലും മറ്റ് ജനവിഭാഗങ്ങളിലുമായി 7000-ൽ പരം പേർ താമസിക്കുന്നുണ്ട്.

ഏകദേശം പതിനായിരത്തോളം അപേക്ഷകൾ പരിശോധിച്ച് പട്ടയം നൽകുന്നതിനായി ഒരു പുതിയ ഓഫീസ് തുടങ്ങുന്നതിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും ഈ ഓഫീസിന് ആവശ്യമായ തസ്തികകളും അനുവദിക്കണമെന്ന് കോട്ടയം കലക്ടർ ആവശ്യപ്പെട്ടിരുന്നു.

സ്പെഷ്യൽ തഹസിൽദാർ- ഒന്ന്, ഡെപ്യൂട്ടി തഹസിൽദാർ- ഒന്ന്, റവന്യൂ ഇൻസ്പെക്ടർ -രണ്ട്, ക്ലർക്ക്- ആറ്, ഓഫീസ് അറ്റൻഡന്റ്-ഒന്ന്, സർവേയർ-ആറ്, ചെയിൻമാൻ-രണ്ട് എന്നിങ്ങനെ പട്ടയം നൽകുന്നതിനായി 17 തസ്തികകൾ ഒരു വർഷത്തേക്ക് താല്കാലികമായിട്ടാണ് സൃഷ്ടിച്ചത്. ലാൻഡ് റവന്യൂ കമീഷണർ ഇക്കാര്യത്തിൽ ആവശ്യമായ നിയമാനുസൃത തുടർ നടപടികൾ അടിയന്തിരമായി സ്വീ‌കരിക്കണെന്നാണ് ഉത്തരവ്. 

Tags:    
News Summary - Special office to check patta applications in Kanjirapalli taluk

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.