തിരുവനന്തപുരം: കോവിഡ് പ്രതിസന്ധിയിൽ തൊഴിൽ നഷ്ടപ്പെട്ട് തിരിച്ചെത്തിയ പ്രവാസി ഇന്ത്യക്കാർക്ക് സമ്പൂർണ പുനരധിവാസ പദ്ധതി നടപ്പാക്കണമെന്ന് പ്രവാസി വെൽഫയർ ഫോറം സംഘടിപ്പിച്ച പ്രവാസി പ്രക്ഷോഭം കേന്ദ്ര-സംസ്ഥാന സർക്കാറുകളോട് ആവശ്യപ്പെട്ടു. വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്‍റ് ഹമീദ് വാണിയമ്പലം ഉദ്ഘാടനം ചെയ്തു.
ജീവിത ദുരിതവും സാമ്പത്തിക പ്രതിസന്ധിയും കൊണ്ട് ബുദ്ധിമുട്ടുന്ന പ്രവാസി മലയാളികളോട് മുഖ്യമന്ത്രി മുമ്പ് നൽകിയ വാക്ക് പാലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ജോലി നഷ്ടപ്പെട്ട് തിരിച്ചുവരുന്നവർക്ക് ആറു മാസത്തെ വരുമാനവും 100 കോടി രൂപയുടെ പുനരധിവാസ പാക്കേജും ഒന്നാം പിണറായി സർക്കാർ പ്രഖ്യാപിച്ചിരുന്നു. ഇവ രണ്ടും നടപ്പാക്കാൻ മുഖ്യമന്ത്രി തയാറാവണമെന്നും ഹമീദ് വാണിയമ്പലം കൂട്ടിച്ചേർത്തു.
കോവിഡ് മൂലം മരണപ്പെട്ട പ്രവാസി ഇന്ത്യക്കാരെ രാജ്യത്തിന്‍റെ കോവിഡ് മരണ പട്ടികയിൽ ഉൾപ്പെടുത്തുന്നതോടൊപ്പം അവരുടെ ആശ്രിതർക്ക് കേന്ദ്ര-സംസ്ഥാന സർക്കാറുകൾ പ്രഖ്യാപിച്ച സഹായങ്ങൾ ലഭ്യമാക്കണമെന്നും അധ്യക്ഷത വഹിച്ച ഫോറം പ്രസിഡന്‍റ് റസാഖ് പാലേരി പറഞ്ഞു. ഗൾഫിൽ പ്രയാസപ്പെടുന്നവർക്ക് വേണ്ടി എംബസികളിൽ കെട്ടികിടക്കുന്ന ഐ.ഐ.ഡി.ഡബ്യു ഫണ്ട് പൂർണമായി വിനിയോഗിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളത്തിലും വിദേശങ്ങളിലുമായി സജ്ജമാക്കിയ 10 സമരവേദികളിൽനിന്ന് പ്രവാസി സംഘനാ നേതാക്കളും ആക്ടിവിസ്റ്റുകളും പ്രവാസി പ്രക്ഷോഭത്തിൽ അണിചേർന്നു. പരിപാടിയിൽ കെ.എ. ഷെഫീക്ക്, സുരേന്ദ്രൻ കരിപ്പുഴ, സലാഹുദ്ദീൻ കക്കോടി എന്നിവരും വിവിധ രാജ്യങ്ങളിൽനിന്ന് അൻവർ സഈദ്, സാദിഖ് ചെന്നാടൻ, അബുലൈസ് എടപ്പാൾ, ശബീർ ചാത്തമംഗലം, സിറാജ് പള്ളിക്കര, അബ്ദുൽ അസീസ് വയനാട്, ഖലീൽ പാലോട്, സാജു ജോർജ്, ലായിഖ് അഹ്‌മദ്, റഹീം ഒതുക്കുങ്ങൽ, അബ്ദുൽ അസീസ് വയനാട്, വഹീദ് സമാൻ ചേന്ദമംഗല്ലൂർ എന്നിവരും പ്രവാസി പ്രക്ഷോഭത്തിൽ സംസാരിച്ചു.
അസ്ലം ചെറുവാടി സ്വാഗതവും യൂസുഫ് മൂഴിക്കൽ നന്ദിയും പറഞ്ഞു. പ്രവാസി മലയാളി കുടുംബങ്ങൾ ഉൾപ്പെടെ ആയിരങ്ങൾ യൂട്യൂബ് വഴി പ്രവാസി പ്രക്ഷോഭത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.