കണ്ണൂർ: പൊതുവിഭാഗത്തിലെ നീല, വെള്ള കാർഡുടമകൾക്കുള്ള സ്പെഷൽ റേഷനരി വിതരണം സംസ്ഥാനം നിർത്തി. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതാണ് കാരണമെന്നാണ് സൂചന. കഴിഞ്ഞ സർക്കാറിെൻറ അവസാന ബജറ്റിലാണ് നീല, വെള്ള കാർഡുകാർക്ക് സ്പെഷൽ അരി പ്രഖ്യാപിച്ചത്.
കാർഡൊന്നിനു പ്രതിമാസം 10 കിലോവീതം അരി 15 രൂപ നിരക്കിൽ നൽകുമെന്നായിരുന്നു പ്രഖ്യാപനം. ആഗസ്റ്റ് മാസംവരെ ഇതുതുടർന്നു. സെപ്റ്റംബറിൽ വിഹിതം 10 കിലോയിൽനിന്ന് അഞ്ചാക്കി കുറച്ചു. ഇതിനുപിന്നാലെയാണ് ഒക്ടോബറിൽ പൂർണമായും നിർത്തലാക്കിയത്.
കേന്ദ്രം 22 രൂപക്ക് നൽകുന്ന അരിയാണ് ഏഴുരൂപ സബ്സിഡിയോടെ സംസ്ഥാനം 50 ലക്ഷം കാർഡുടമകൾക്ക് നൽകിയിരുന്നത്. ഇത് സർക്കാറിനു വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നുണ്ട്.
സ്പെഷൽ അരി വിതരണം ഉത്സവകാലത്തേക്ക് മാത്രമായി പരിമിതപ്പെടുത്തുകയാണെന്നാണു പൊതുവിതരണ വകുപ്പിൽനിന്ന് ലഭിക്കുന്ന സൂചനകൾ. എന്നാൽ, അന്തിമ തീരുമാനമായിട്ടില്ല.
മുൻമാസം വിതരണം ചെയ്യാനായി സംഭരിച്ച സ്പെഷൽ അരി സംസ്ഥാനത്തെ പല റേഷൻകടകളിലും മിച്ചമുണ്ട്. ഇവ വിതരണം ചെയ്യുന്നതിനും അനുമതി നൽകിയിട്ടില്ല. ഇതിനുള്ള അനുമതി എത്രയും പെട്ടെന്ന് നൽകണമെന്ന് കേരള സ്റ്റേറ്റ് റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന ജോ.സെക്രട്ടറി എം.ടി. ബഷീർ ആവശ്യപ്പെട്ടു.
40,000 മുൻഗണനാ കാർഡുകൾ നവംബറിൽ വിതരണം ചെയ്യും, ഒന്നര ലക്ഷത്തോളം കാര്‍ഡുകള്‍ അനര്‍ഹർ തിരികെ നൽകി
തിരുവനന്തപുരം: അനര്‍ഹര്‍ തിരിച്ചേല്‍പ്പിച്ച കാര്‍ഡുകളിലെ ഒഴിവുകളില്‍ നിന്ന് 40,000 ത്തോളം മുന്‍ഗണനാ കാര്‍ഡുകള്‍ നവംബറില്‍ വിതരണം ചെയ്യുമെന്ന് ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ നിയമസഭയിൽ അറിയിച്ചു.
ഇതുവരെ ഒന്നര ലക്ഷത്തോളം കാര്‍ഡുകള്‍ അനര്‍ഹരുടെ പക്കല്‍ നിന്ന് തിരികെ ലഭിച്ചിട്ടുണ്ട്. ഇനിയും മുന്‍ഗണനാവിഭാഗത്തില്‍ തുടരുന്ന അനര്‍ഹരെ കണ്ടെത്താന്‍ 10 റേഷന്‍ കടകള്‍ വീതം നേരിട്ട് പരിശോധിക്കാന്‍ ആർ.െഎമാര്‍ക്ക് നിർദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു. മുന്‍ഗണനാ വിഭാഗത്തിലുണ്ടാകുന്ന ഒഴിവുകള്‍ പൊതുവിഭാഗം സബ്സിഡിയില്‍ നിന്ന് നികത്താന്‍ സാധിക്കുന്നതല്ല. എ.എ.വൈ വിഭാഗത്തെ കണ്ടെത്തുന്നത് കേന്ദ്ര മാനദണ്ഡങ്ങളുടെയും സംസ്ഥാനം നിശ്ചയിച്ചിട്ടുള്ള പി.എച്ച്.എച്ച് മാനദണ്ഡങ്ങളും അടിസ്ഥാനമാക്കിയാണ്.
ഇവയില്‍ നിന്ന് ഏതെങ്കിലും ഒഴിവാക്കല്‍ മാനദണ്ഡം ബാധകമായി വരുന്നവരാണ് പൊതുവിഭാഗം സബ്സിഡിയില്‍ ഉള്പ്പെട്ടുവരുന്നതെന്നും മന്ത്രി അറിയിച്ചു.
പുതിയ റേഷന്‍ കടകള്‍ അനുവദിക്കില്ല
സംസ്ഥാനത്ത് നിലവില്‍ പുതിയ റേഷന്‍ കടകള്‍ അനുവദിക്കില്ലെന്നും എന്നാല്‍ പ്രവർത്തിപ്പിക്കാൻ കഴിയാത്ത 599 റേഷന്‍ കടകള്‍ നോട്ടിഫൈ ചെയ്തിട്ടുണ്ടെന്നും മന്ത്രി ജി.ആർ. അനിൽ സഭയെ അറിയിച്ചു. ഇൗ റേഷൻകടകൾ പുതിയ ലൈസന്‍സികളെ ഏൽപിക്കും. റേഷന്‍കട ലൈസന്‍സികള്‍ക്ക് നിലവിലുള്ളതിന് പുറമേ മറ്റ് ആരോഗ്യ ഇന്‍ഷുറന്‍സുകളെ സംബന്ധിച്ച് തീരുമാനിച്ചിട്ടില്ല. സാമൂഹികക്ഷേമ വകുപ്പുമായി ബന്ധപ്പെട്ട് അംഗപരിമിതരുടെ കുടുംബങ്ങള്‍ക്ക് റേഷന്‍ കാര്‍ഡ് നല്‍കുന്നതിന് മാനദണ്ഡം തയാറാക്കും.
തോട്ടം തൊഴിലാളികളില്‍ മഹാഭൂരിപക്ഷത്തെയും ബി.പി.എല്‍ കാര്‍ഡുകളില്‍ ഉള്‍പ്പെടുത്താനായിട്ടുണ്ട്. പട്ടികവര്‍ഗ കോളനികളില്‍ അര്‍ഹതയുള്ള മുഴുവന്‍പേര്‍ക്കും റേഷന്‍കാര്‍ഡ് ലഭ്യത ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.