കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളത്തില്‍നിന്ന് ദുബൈയിലേക്ക് പുറപ്പെടേണ്ട സ്പൈസ് ജെറ്റ് വിമാനം 17 മണിക്കൂര്‍ വൈകിയത് യാത്രക്കാരെ ദുരിതത്തിലാക്കി. ഞായറാഴ്ച രാത്രി 11.50ന് പുറപ്പെടേണ്ട വിമാനം തിങ്കളാഴ്ച വൈകീട്ട് 5.03നാണ് റൺവേ വിട്ടത്.
വൈകൽ യഥാസമയം അറിയിക്കാതെ രണ്ട് ദിവസങ്ങളിലായി ബുദ്ധിമുട്ടിച്ച വിമാന കമ്പനി അധികൃതരുടെ നിലപാടിൽ യാത്രക്കാര്‍ പ്രതിഷേധിച്ചു. യഥാര്‍ഥ പ്രശ്നം വിശദീകരിക്കാതെ സാങ്കേതിക തടസ്സം കാരണം സര്‍വിസ് വൈകുമെന്ന് മാത്രം അറിയിച്ച കമ്പനി അധികൃതര്‍ വിമാനം എപ്പോള്‍ പുറപ്പെടുമെന്നതില്‍ വ്യക്തത നല്‍കാത്തതും യാത്രക്കാരെ ക്ഷുഭിതരാക്കി.
ദുബൈയില്‍നിന്ന് ഞായറാഴ്ച വൈകീട്ട് 5.30ന് കരിപ്പൂരിലെത്തേണ്ട വിമാനം വൈകിയതാണ് തിരിച്ചുള്ള സര്‍വിസിനെ ബാധിച്ചത്. 5.30ന് കരിപ്പൂരിലെത്തി രാത്രി 11.50ന് ദുബൈയിലേക്ക് പോകേണ്ട വിമാനം തിങ്കളാഴ്ച ഉച്ചക്ക് 1.40നാണ് കരിപ്പൂരിലെത്തിയത്. വിമാനമെത്താത്തതിനാല് ഞായറാഴ്ച രാത്രി 11.50നുള്ള സര്‍വിസ് വൈകുമെന്ന വിവരം മുഴുവന്‍ യാത്രക്കാരെയും അറിയിച്ചിരുന്നില്ല.
ഭൂരിഭാഗം യാത്രക്കാരും രാത്രി വിമാനത്താവളത്തിലെത്തിയപ്പോള്‍ മാത്രമാണ് സര്‍വിസ് തിങ്കളാഴ്ച ഉച്ചക്ക് 2.40ലേക്ക് മാറ്റിയതറിഞ്ഞത്. ഇവര്‍ക്ക് താമസ സൗകര്യം ഏര്‍പ്പെടുത്താനോ ചെലവ് വഹിക്കാനോ കമ്പനി തയാറാകാത്തത് യാത്രക്കാര്‍ ചോദ്യം ചെയ്തിരുന്നു. മടങ്ങിപ്പോയ യാത്രക്കാര്‍ തിങ്കളാഴ്ച രാവിലെ 11 ഓടെ എത്തിയപ്പോഴും തുടര്‍ന്ന അനിശ്ചിതത്വം തര്‍ക്കങ്ങള്‍ക്കിടയാക്കി.
ഉച്ചക്ക് 2.40ന് പോകേണ്ട യാത്രക്കാര്‍ക്ക് ബോര്‍ഡിങ് പാസ് നല്‍കുന്നതടക്കമുള്ള നടപടികള്‍ രണ്ടുമണിയായിട്ടും ആരംഭിക്കാതിരുന്നത് അന്വേഷിച്ചപ്പോള്‍ മാത്രമാണ് വീണ്ടും വൈകുമെന്നും ഉച്ചക്ക് ശേഷം 3.10നാണ് പുറപ്പെടുകയെന്നും കമ്പനി അറിയിച്ചതെന്ന് യാത്രക്കാര്‍ പറഞ്ഞു. ഇതോടെ വിസ കാലാവധി തീരുന്നവരടക്കമുള്ളവര് യാത്രയിലെ അനിശ്ചിതത്വത്തിനെതിരെ പ്രതിഷേധിച്ചു. ഇതിനിടെ വിമാനം 4.30ന് മാത്രമേ പുറപ്പെടൂവെന്ന കമ്പനിയുടെ പുതിയ അറിയിപ്പുകൂടി വന്നതോടെ വിമാനത്താവളത്തിനകത്ത് ബഹളം രൂക്ഷമായി. സുരക്ഷ ജീവനക്കാരുള്‍പ്പെടെ ഇടപെട്ടാണ് യാത്രക്കാരെ നിയന്ത്രിച്ചത്.
നടപടികള്‍ പൂര്‍ത്തിയാക്കി 4.15ന് യാത്രക്കാരെ വിമാനത്തില്‍ കയറ്റുന്നതിനിടയിലും പ്രതിഷേധമുണ്ടായി. പുറപ്പെടുന്ന കൃത്യസമയം അറിയിക്കാതെ വിമാനത്തില്‍ കയറില്ലെന്ന് പറഞ്ഞായിരുന്നു യാത്രക്കാരുടെ പ്രതിഷേധം. വിമാനം വൈകുന്നത് സംബന്ധിച്ച് വിവരങ്ങള്‍ മറച്ചുവെക്കുകയാണെന്നും രാവിലെ 11ന് എത്തിയ യാത്രക്കാര്‍ക്ക് ഭക്ഷണം നല്കാന് പോലും കമ്പനി അധികൃതര്‍ തയാറായില്ലെന്നും യാത്രക്കാര്‍ ആരോപിച്ചു. ഏറെനേരത്തെ തര്‍ക്കങ്ങള്‍ക്കൊടുവില്‍ വൈകീട്ട് 5.03നാണ് വിമാനം ദുബൈയിലേക്ക് പറന്നത്.
കൊണ്ടോട്ടി: ഞായറാഴ്ച മുതല്‍ സ്പൈസ് ജെറ്റിന്റെ ദുബൈ-കോഴിക്കോട്, കോഴിക്കോട്-ദുബൈ സര്‍വിസുകള്‍ താളംതെറ്റിയതോടെ തിങ്കളാഴ്ചയിലെ സര്‍വിസും തടസ്സപ്പെട്ടു. തിങ്കളാഴ്ച രാത്രി 11.50നുള്ള വിമാനം ചൊവ്വാഴ്ച രാവിലെ 5.30നാകും പുറപ്പെടുക എന്ന് കമ്പനി അറിയിച്ചു.
ഞായറാഴ്ച ദുബൈയില്‍നിന്ന് കരിപ്പൂരിലേക്കുള്ള സര്‍വിസ് വൈകിയതോടെയാണ് തുടർ സര്‍വിസുകളും താളംതെറ്റുന്നത്. ദുബൈയില്‍നിന്ന് വൈകീട്ട് 5.30ന് കരിപ്പൂരിലെത്തുന്ന വിമാനമാണ് രാത്രി 11.50ന് തിരിച്ചുപോകുന്നത്.
ഞായറാഴ്ച വൈകീട്ട് എത്തേണ്ട വിമാനം 20 മണിക്കൂര്‍ വൈകി തിങ്കളാഴ്ച ഉച്ചക്ക് 1.40നാണ് കരിപ്പൂരിലെത്തിയത്.
ദുബൈയില്‍നിന്ന് വിമാനമെത്താന്‍ വൈകിയതാണ് ഞായറാഴ്ചയും തിങ്കളാഴ്ചയുമുള്ള തുടര്സര്വിസുകളേയും മണിക്കൂറുകളോളം വൈകിപ്പിച്ചത്.
ബദല്‍ സര്‍വിസ് ഏര്‍പ്പെടുത്താന്‍ കമ്പനി തയാറാകാതിരിക്കുമ്പോള്‍ സര്‍വിസിലെ ഈ താളപ്പിഴ വരുംദിവസങ്ങളിലും തുടരുമെന്നാണ് വിവരം. സ്പൈസ് ജെറ്റ് അധികൃതരും ജീവനക്കാരും തമ്മിലുള്ള പ്രശ്നങ്ങളാണ് സര്‍വിസുകളെ ബാധിക്കുന്നതെന്നും ആരോപണമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.