ലോറിയിൽ നിന്ന് സ്പിരിറ്റ് മറിച്ചുവിറ്റ സംഭവത്തിൽ ജനറൽ മാനേജർ അടക്കം ഏഴു പേർക്കെതിരെ കേസ്

തിരുവല്ല: സംസ്ഥാന സർക്കാറിന്‍റെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന പുളിക്കീഴ് ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസിലേക്ക് സിപിരിറ്റുമായി എത്തിയ ടാങ്കർ ലോറികളിൽ നിന്നും 20687 ലിറ്റർ സ്പിരിറ്റ് മറിച്ചുവിറ്റ സംഭവത്തിൽ ജനറൽ മാനേജർ ഉൾപ്പടെ ഏഴു പേർക്കെതിരെ കേസ്. പുളിക്കീഴ് പൊലീസ് ആണ് കേസെടുത്തത്. എക്സൈസ് എൻഫോഴ്സ്മെന്‍റ് സംഘം ലോറി ഡ്രൈവറന്മാരിൽ നിന്നും പിടിച്ചെടുത്ത പത്തര ലക്ഷം രൂപയും പൊലീസിന് കൈമാറിയിട്ടുണ്ട്.

മധ്യപ്രദേശിലെ ബർവാഹയിൽ നിന്നും 1.15 ലക്ഷം ലിറ്റർ സ്പിരിറ്റുമായി മൂന്ന് ടാങ്കർ ലോറികൾ ചൊവ്വാഴ്ചയാണ് കേരള അതിർത്തിയിൽ എത്തിയത്. സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്‍റ് സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ റ്റി. അനിൽകുമാറിന് ലഭിച്ച രഹസ്യ സന്ദേശത്തെ തുടർന്ന് സംഘം വാഹനങ്ങളെ പിൻ തുടർന്നു. ഇ ലോക്ക് ഘടിപ്പിച്ചാണ് വാഹനങ്ങൾ മധ്യപ്രദേശിലെ സർക്കാർ ഫാക്ടറിയിൽ നിന്നും പുറപ്പെട്ടത്.

ബുധനാഴ്ച പുലർച്ചെയാണ് മൂന്നു ലോറികളിലായി സ്പിരിറ്റ് ഫാക്ടറിയിൽ എത്തിച്ചത്. തൊട്ടുപിന്നാലെ എത്തിയ എക്സൈസ് എൻഫോഴ്സ്മെന്‍റ് സംഘം ലോറികളിൽ പരിശോധന നടത്തിയാണ് തട്ടിപ്പ് കൈയ്യോടെ പിടികൂടിയത്. രണ്ട് ലോറികളിലെ സ്പിരിറ്റിന്‍റെ അളവിലാണ് വ്യത്യാസം കണ്ടെത്തിയത്. 35000 ലിറ്ററിന്‍റെ ടാങ്കർ ലോറിയിലെ അളവ് കൃത്യമായതിനാൽ ഇത് കസ്റ്റഡിയിലെടുത്തില്ല. ലോറി ഡ്രൈവറന്മാരായ തൃശൂർ പൊട്ടച്ചിറ കുന്നത്ത് വീട്ടിൽ നന്ദകുമാർ, ഇടുക്കി കാവുംമ്പാടി വട്ടക്കുന്നേൽ വീട്ടിൽ സിജോ തോമസ്, ട്രാവൻകൂർ ഷുഗേഴ്സിൽ സ്പിരിറ്റിന്‍റെ കണക്ക് സൂക്ഷിക്കുന്ന പാണ്ടനാട് മണിവീണ വീട്ടിൽ അരുൺ കുമാർ എന്നീ പ്രതികളെ വൈദ്യ പരിശോധനക്ക് ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ജനറൽ മാനേജർ അലക്‌സ് പി. ഏബ്രഹാം, പേഴ്‌സണൽ മാനേജർ ഷെഹിം, പ്രൊഡക്ഷൻ മാനേജർ മേഘ മുരളി, ടാങ്കറിലെത്തിച്ച സ്പിരിറ്റ് മറിച്ചു വിൽക്കാൻ സഹായിച്ച മധ്യപ്രദേശ് ബൈത്തുൾ സ്വദേശി അബു എന്നിവരാണ് പ്രതിപട്ടികയിലുള്ള മറ്റ് നാലുപേർ. ഇവർക്കെതിരെയുള്ള തെളിവ് ശേഖരിക്കുന്ന ജോലികൾ പൊലീസ് ആരംഭിച്ചു. ജില്ലയിലെ ഉയർന്ന പൊലീസ് ഉദ്യോഗസ്ഥരെല്ലാം പുളിക്കീഴിലെത്തി പ്രതികളെ ചോദ്യം ചെയ്തു.

എക്‌സൈസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ടാങ്കർ ലോറിയിൽ ശാസ്ത്രീയ പരിശോധന നടത്തും. അന്വേഷണം കേരളത്തിനു പുറത്തേക്കും വ്യാപിക്കുമെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. അരുൺകുമാറിന്‍റെ നിർദ്ദേശ പ്രകാരം മധ്യപ്രദേശിലെ ഫാക്ടറിയിൽ നിന്നും 70 കിലോമീറ്റർ അകലെയുള്ള സേന്തുവായിലെ ലോറി നിർത്തിയിടുന്ന സ്ഥലത്ത് അബ്ബു എന്നയാളെത്തി. രണ്ട് വാഹനങ്ങളിൽ നിന്ന് മാത്രമാണ് സ്പിരിറ്റ് ഊറ്റിയെടുത്തത്. ഇതിനായി വിദഗ്ധരും അവിടെ എത്തി. ഇ ലോക്ക് ഘടിപ്പിച്ച വാഹനത്തിനു മുകളിലെ പൂട്ടുകൾ അറത്തുമാറ്റിയാണ് ആറ് അറകളിലായിയി സൂക്ഷിച്ചിരിക്കുന്ന ടാങ്കറിൽ നിന്നും അതീവ രഹസ്യമായി ഊറ്റി എടുത്തത്.

നന്ദകുമാർ, സിജോ തോമസ് എന്നിവർ ഓടിച്ചിരുന്ന ടാങ്കർ ലോറികളിൽ നിന്നുമാണ് സ്പിരിറ്റ് ഊറ്റിയെടുത്ത് മറിച്ചുവിറ്റത്. ഇത് വിറ്റ വകയിൽ ലഭിച്ച തുക അരുൺകുമാറിന് കൈമാറാനായി അതാത് വാഹനങ്ങളിൽ തന്നെ സൂക്ഷിച്ചിരുന്നു. നന്ദകുമാറിന്‍റെ വാഹനത്തിൽ നിന്നും 6.78 ലക്ഷം രൂപയും സിജോയുടെ വാഹനത്തിൽ നിന്നും 3.50 ലക്ഷം രൂപയും കണ്ടെടുത്തു. ഒരു മാസം ശരാശരി 15 ലോഡ് സ്പിരിറ്റാണ് ജവാൻ റം നിർമ്മിക്കാനായി ഇവിടേക്ക് എത്തുന്നത്. പെർമിറ്റിൽ രേഖപ്പെടുത്തിയ അളവിലും കുറവാണ് എത്തുന്നതെങ്കിലും ഉന്നത ഉദ്യോഗസ്ഥരും തട്ടിപ്പിന് കൂട്ട് നിന്നതോടെ എല്ലാം ശരിയായി. സമാനമായ രീതിയിൽ തട്ടിപ്പ് മുമ്പും നടത്തിയതായി പ്രതികൾ ചോദ്യം ചെയ്യലിൽ സമ്മതിച്ചിട്ടുണ്ട്.

Tags:    
News Summary - spirit sale: A case has been registered against seven people

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.