മാവേലിക്കര: മാവേലിക്കരയിൽ ആറ് വയസുകാരിയെ മഴുകൊണ്ട് വെട്ടിക്കൊന്ന കേസിലെ പ്രതി ശ്രീമഹേഷ് മൂന്നുപേരെ കൊല്ലാനാണ് ശ്രമിച്ചതെന്ന് സൂചന. മകൾ നക്ഷത്രയെ കൂടാതെ, അമ്മ സുനന്ദ, ശ്രീമഹേഷുമായി വിവാഹം ഉറപ്പിച്ചതിനു ശേഷം പിൻമാറിയ പൊലീസ് ഉദ്യോഗസ്ഥ എന്നിവരെ കൊല്ലാനാണ് ശ്രമിച്ചിരുന്നത്.
മകളെ കൊന്നത് ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണെന്നും പൊലീസ് പറഞ്ഞു. വീട്ടിൽ മരം വെട്ടാനാണെന്ന് പറഞ്ഞ് മാവേലിക്കരയിൽ നിന്ന് തന്നെ മഴു നിർമിക്കുകയായിരുന്നു. ഓൺലൈൻ വഴിയും മഴു വാങ്ങാൻ ശ്രമിച്ചിരുന്നു. അത് പരാജയപ്പെട്ടതോടെയാണ് മഴു നാട്ടിൽ തന്നെ ഉണ്ടാക്കിയത്.
സർപ്രൈസ് തരാമെന്ന് പറഞ്ഞ് വളിച്ചു വരുത്തി കുട്ടിയെ സോഫയിൽ ഇരുത്തി ടാബിൽ ഗെയിം കളിക്കാൻ നൽകിയ ശേഷമാണ് ഇയാൾ പിന്നിൽ നിന്ന് മഴു ഉപയോഗിച്ച് വെട്ടിയത്. കുട്ടിയുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ അമ്മ സുനന്ദയെയും വെട്ടിപ്പരിക്കേൽപ്പിച്ചു. സംഭവസമയം ശ്രീമഹേഷ് മദ്യലഹരിയിലായിരുന്നുവെന്നാണ് പൊലീസ് നൽകുന്ന വിവരം. ഇയാൾ മറ്റ് ലഹരി ഉപയോഗിച്ചിട്ടുണ്ടോ എന്നതടക്കം പൊലീസ് പരിശോധിച്ചു വരികയാണ്.
വിവാഹത്തിൽ നിന്ന് പിന്മാറിയതോടെയാണ് പൊലീസ് ഉദ്യോഗസ്ഥയോട് പകയുണ്ടായതെന്നാണ് പൊലീസിന്റെ നിഗമനം. ശ്രീമഹേഷിന്റെ സ്വഭാവ ദൂഷ്യമാണ് വിവാഹത്തിൽ നിന്ന് പിൻമാറാൻ പൊലീസ് ഉദ്യോഗസ്ഥയെ പ്രേരിപ്പിച്ചത്. വിവാഹം ഉറപ്പിച്ച ശേഷം ശ്രീമഹേഷ് പൊലീസുകോരി ജോലി യ്യെുന്ന സ്റ്റേഷനിലടക്കം എത്തി പ്രശ്നമുണ്ടാക്കിയിരുന്നു. ഇതേ തുടർന്ന് അവർ വിവാഹത്തിൽ നിന്ന് പിൻമാറുകയും ശ്രീമഹേഷിനെതിരെ പരാതി നൽകുകയും ചെയ്തിരുന്നു.
അടുത്തിടെ ഇയാൾ കൗൺസിലിങ്ങിനും വിധേയമായിട്ടുണ്ട്. എവിടെയാണ് കൗൺസിലിങ് നേടിയത് എന്നുള്ള കാര്യങ്ങളടക്കം പൊലീസ് പരിശോധിച്ചു വരികയാണ്.
അതേസമയം, കഴിഞ്ഞ ദിവസം മാവേലിക്കര സബ് ജയിലിൽ ശ്രീമഹേഷ് കഴുത്തുമുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. തുടർന്ന് വണ്ടാനം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.