മടിക്കൈ(കാസർകോട്): ചൈനയെ പ്രകീർത്തിച്ച് കോട്ടയത്ത് നടത്തിയ പ്രസംഗത്തിൽ ഉറച്ചുനിന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രൻ പിള്ള. സി.പി.എം കാസർകോട് ജില്ല സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ക്യൂബ, ലാവോസ്, ഉത്തര കൊറിയ, വിയറ്റ്നാം എന്നീ രാജ്യങ്ങളെ കൂടി ചൈനയുടെ കൂടെ ചേർക്കുകയും ചെയ്തു. ഉദ്ഘാടന പ്രസംഗം തുടങ്ങിയ അദ്ദേഹം ചൈനയെക്കുറിച്ച് പറയാമെന്ന് പറഞ്ഞുകൊണ്ടാണ് പ്രകീർത്തിക്കാൻ തുടങ്ങിയത്. ചൈനയെക്കുറിച്ച് പറഞ്ഞത് വസ്തുതാപരമെന്ന് അദ്ദേഹം പറഞ്ഞു. ലോകരാജ്യങ്ങളിലെ അനുഭവങ്ങൾ പഠിക്കണം. അനുഭവങ്ങൾ ഇന്ത്യ പാഠമാക്കണം. ലോക ബാങ്ക് കണക്ക് പ്രകാരം 2021ഓടെ ദാരിദ്ര്യം നിർമാർജനം ചെയ്യാൻ ചൈന പദ്ധതിയിട്ടു.
ലോകത്ത് ദാരിദ്ര്യ നിർമാർജനത്തിനുള്ള 70 ശതമാനം ഉൽപന്നങ്ങൾ നൽകുന്നത് ചൈനയാണ്. അതേസമയം ലോകത്തിനു 60 ശതമാനം ദാരിദ്ര്യം സംഭാവന ചെയ്യുന്നത് ഇന്ത്യയാണ്. കോവിഡ് കാലത്ത് 115 രാജ്യങ്ങൾക്ക് ചൈന വാക്സിൻ നൽകി. റഷ്യൻ മാതൃക മാത്രമല്ല നമുക്ക് ഉണ്ടായിട്ടുള്ളത്. ക്യൂബയും ലാവോസും കൊറിയയും വിയറ്റ്നാമും നമുക്ക് മാതൃകയാകുകയാണ്.
ഈ രാജ്യങ്ങൾ ഏറെ മുന്നേറുകയാണ്. കേരളവും മാതൃക സൃഷ്ടിക്കും. ചൈനക്കും കോട്ടമുണ്ട്.
അവിടെ സ്വകാര്യ മുതലാളിത്തം വളരുന്നുണ്ട്. അഴിമതിയുമുണ്ട്. അത് തുടച്ചു നീക്കാനുള്ള പദ്ധതിക്കും ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി തുടക്കമിട്ടതായി പ്രസിഡൻറ് പറഞ്ഞിട്ടുണ്ട്.
ഇന്ത്യയാണെങ്കിൽ വിശപ്പ് വളരുന്ന നാടാണ്. 116 രാജ്യങ്ങളിലെ ദരിദ്രരുടെ കണക്കിൽ 94ാം സ്ഥാനത്തുണ്ടായിരുന്ന ഇന്ത്യ ഇപ്പോൾ 101ാം സ്ഥാനത്താണ് -അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.