എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷ ചോദ്യ പാറ്റേൺ: വിദ്യാർത്ഥികളെ സമ്മർദത്തിലാക്കരുത് -ഫ്രറ്റേണിറ്റി

തിരുവനന്തപുരം: എസ്.എസ്.എൽ.സി, ഹയർസെക്കൻഡറി പരീക്ഷകളിൽ കഴിഞ്ഞവർഷം സ്വീകരിച്ചിരുന്ന ഫോക്കസ് ഏരിയ അടിസ്ഥാനമാക്കി നടത്തിയ പരീക്ഷ രീതി ഇത്തവണ അവസാന നിമിഷത്തിൽ മാറ്റി വിദ്യാർഥികളെ അനിശ്ചിതത്വത്തിലാക്കുന്ന വിദ്യാഭ്യാസ വകുപ്പ് സമീപനം നീതീകരിക്കാവുന്നതല്ലെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന സെക്രട്ടറിയേറ്റ്. സമ്പൂർണമായി ഓഫ് ലൈനാകുകയോ പാഠഭാഗങ്ങൾ വേണ്ടവിധം പൂർത്തിയാക്കാനാവശ്യമായ സമയം ലഭിക്കുകയോ ചെയ്ത അധ്യയന വർഷമല്ല ഇത്തവണത്തേതും. അതുകൊണ്ട് തന്നെ ഫോക്കസ് ഏരിയ അടിസ്ഥാനമാക്കി മാത്രമായിരിക്കും പരീക്ഷ എന്ന അടിസ്ഥാനത്തിൽ അധ്യയനത്തെ സമീപിക്കുകയും പാഠഭാഗങ്ങൾ ഇതുവരെ പൂർത്തിയാക്കാൻ കഴിയാത്തതുമൊക്കെയായി ധാരാളം വിദ്യാർത്ഥികളണ്ട്. ഇതേ വിഷയം വ്യത്യസ്ത അധ്യാപക സംഘടനകളും ഉന്നയിക്കുന്നുണ്ട്.

കഴിഞ്ഞ നവംബറിൽ മാത്രമാണ് പ്ലസ് ടു ക്ലാസുകൾ ആരംഭിച്ചത്. വളരെ കുറഞ്ഞ സമയത്തിനുള്ളിൽ അധ്യയനം പൂർത്തിയാക്കി മാർച്ചിൽ തന്നെ പരീക്ഷയെ നേരിടേണ്ട ദുരവസ്ഥയിലാണ് വിദ്യാർത്ഥികൾ. അപ്പോഴും മുൻ വർഷത്തേതിന് സമാനമായി ഫോക്കസ്ഡ് ഏരിയകൾ അടിസ്ഥാനപ്പെടുത്തിയ പരീക്ഷയാകും എന്ന പ്രതീക്ഷയാണ് വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഉണ്ടായിരുന്നത്. എന്നാൽ, പരീക്ഷയോട് അടുത്ത ഈ ഘട്ടത്തിൽ അതിനെ അട്ടിമറിച്ച സർക്കാർ തീരുമാനത്തിലൂടെ ഭാരിച്ച സിലബസ് പൂർത്തീകരിക്കേണ്ട പ്ലസ് ടു വിദ്യാർത്ഥികൾക്ക് കടുത്ത സമ്മർദ്ദമാണ് സൃഷ്ടിച്ചിരിക്കുന്നത്.

കോവിഡ് സാഹചര്യം പൂർണമായി വിട്ടൊഴിയാത്ത സാഹചര്യത്തിലും മുഴുവൻ പാഠഭാഗങ്ങളിൽനിന്നും പരീക്ഷ ചോദ്യങ്ങൾ സ്വീകരിക്കുന്ന സമീപനമാണ് നിലവിലുള്ളത്. 30 ശതമാനം ഫോക്കസ്ഡ് ഏരിയക്ക് പുറത്തുനിന്ന് ചോദ്യങ്ങൾ എന്നത് പാഠഭാഗങ്ങൾ മുഴുവൻ പഠിക്കേണ്ട സാഹചര്യം ആയിട്ടുണ്ട്.

കഴിഞ്ഞവർഷം സ്വീകരിച്ച പരീക്ഷാ രീതി തുടരുകയും ഈ വർഷത്തെയും പരീക്ഷ പുനഃക്രമീകരിക്കുകയും വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും അധ്യാപകരുടെയും ആശങ്കകൾ പരിഹരിക്കുകയും ചെയ്യാൻ വിദ്യാഭ്യാസ വകുപ്പ് ഇടപെടുകയും ചെയ്യേണ്ടതുണ്ട്. ഉന്നത വിദ്യാഭ്യാസ രംഗത്ത് തുടർ പഠനത്തിനാവശ്യമായ സൗകര്യങ്ങൾ ആവശ്യാനുസരണം ലഭ്യമാക്കുന്നതിന് പകരം ഇത്തരം കുറുക്കുവഴികളിലൂടെ വിജയശതമാനം കുറക്കാനുള്ള സർക്കാറിന്റെ നീക്കങ്ങൾ അങ്ങേയറ്റം ബാലിശമാണ്.

സംസ്ഥാന പ്രസിഡന്റ് നജ്ദ റൈഹാൻ അധ്യക്ഷത വഹിച്ചു. എസ്. മുജീബുറഹ്മാൻ, അർച്ചന പ്രജിത്ത്, കെ.കെ. അഷ്റഫ്, കെ.എം. ഷെഫ്റിൻ, ഫസ്ന മിയാൻ, മഹേഷ് തോന്നക്കൽ, സനൽ കുമാർ, ഫാത്തിമ നൗറിൻ എന്നിവർ സംസാരിച്ചു. 

Tags:    
News Summary - SSLC, Plus Two Exam Question Pattern: Do Not Pressure Students - Fraternity

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.