സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ 8750 പേരെ അയോഗ്യരാക്കി

തിരുവനന്തപുരം: കേരളത്തിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് 2015 നവംബറില്‍ നടന്ന പൊതു തെരഞ്ഞെടുപ്പില്‍ മത്സരിച്ച 8750 പേരെ സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണര്‍ വി.ഭാസ്‌കരന്‍ അയോഗ്യരാക്കി. തെരഞ്ഞെടുപ്പ് ചെലവ് കണക്ക് സമര്‍പ്പിക്കുന്നതില്‍ വീഴ്ച വരുത്തിയതായും തെരഞ്ഞെടുപ്പിന് പരിധിയില്‍ കൂടുതല്‍ തുക ചെലവഴിച്ചതായും കമ്മീഷന്‍ കണ്ടെയത്തിയവരെയുമാണ്   അയോഗ്യരാക്കിയത്.

കേരള പഞ്ചായത്ത് രാജ് ആക്ട്-വകുപ്പ് 33, കേരള മുനിസിപ്പാലിറ്റി ആക്ട്-  വകുപ്പ് 89 എന്നിവ പ്രകാരം ഇന്നു മുതല്‍ (2017 ഡിസംബര്‍ 20) അഞ്ചു വര്‍ഷത്തേക്കാണ്  അയോഗ്യത. ഇതിലൂടെ ഉണ്ടാകുന്ന നിലവിലെ അംഗങ്ങളുടെ ഒഴിവ് കമ്മീഷനെ അറിയിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അയോഗ്യരായവര്‍ക്ക് തദ്ദേശ സ്ഥാപനങ്ങളിലേക്ക് ഇനി നടക്കുന്ന ഉപതെരഞ്ഞെടുപ്പുകളിലോ 2020 ല്‍ നടക്കുന്ന പൊതു തെരഞ്ഞെടുപ്പിലോ 2022 വരെ നടക്കാവുന്ന ഉപതെരഞ്ഞെടുപ്പുകളിലോ ഇനി മത്സരിക്കാന്‍ സാധിക്കില്ല. 

തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുകളില്‍  സ്ഥാനാര്‍ത്ഥികളായി മത്സരിക്കുമ്പോള്‍ ഗ്രാമ പഞ്ചായത്തില്‍ പരമാവധി 10000 രൂപയും ബ്ലോക്ക് പഞ്ചായത്തില്‍  30000 രൂപയും ജില്ലാപഞ്ചായത്തില്‍  60000 രൂപയുമാണ് ഒരാള്‍ക്ക് തെരഞ്ഞെടുപ്പിന്  ചെലവിഴിക്കാവുന്ന തുക. അതുപോലെ മുനിസിപ്പാലിറ്റികളുടെയും മുനിസിപ്പല്‍ കോര്‍പ്പറേഷനുകളുടെയും കാര്യത്തിലും ഒരു സ്ഥാനാര്‍ത്ഥിക്ക് യഥാക്രമം 30000 വും 60000 വും രൂപയാണ് പരമാവധി വിനിയോഗിക്കാന്‍ സാധിക്കുക. 

2015ൽ നടന്ന പൊതുതെരഞ്ഞെടുപ്പില്‍ മത്സരിച്ച സ്ഥാനാര്‍ത്ഥികളില്‍  ചെലവ് കണക്ക് നല്‍കിയവരുടെയും കണക്ക് നല്‍കാത്തവരുടെയും വിവരം  അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥര്‍ കമ്മീഷന് നല്‍കിയിരുന്നു. കമ്മീഷന്‍ പ്രസ്തുത റിപ്പോര്‍ട്ട് പരിശോധിക്കുകയും കേരള പഞ്ചായത്ത് രാജ്, മുനിസിപ്പാലിറ്റി ആക്ടുകള്‍ക്ക് വിധേയമായി അവര്‍ക്ക്  അയോഗ്യരാക്കാതിരിക്കാന്‍ കാരണം കാണിക്കല്‍ നോട്ടീസ് അയക്കുകയും ചെയ്തു.  തുടര്‍ന്ന് നോട്ടീസ്   കൈപ്പറ്റാത്തവര്‍ക്ക് പതിച്ചു നടത്തി. ചെലവ് കണക്ക് യഥാസമയം നല്‍കാത്തതിന്  മതിയായ കാരണങ്ങള്‍ ബോധിപ്പിച്ചുകൊണ്ട് കണക്ക് സമര്‍പ്പിച്ചവര്‍ക്കെതിരെയുള്ള നടപടികള്‍ കമ്മീഷന്‍ ഇതിനകം അവസാനിപ്പിച്ചിട്ടുമുണ്ട്. മൊത്തം 1572  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഉള്ളതില്‍ 372 സ്ഥാപനങ്ങളില്‍ മത്സരിച്ചവരാണ് പൂര്‍ണമായി ചെലവ് കണക്ക് സമര്‍പ്പിച്ച് അയോഗ്യതയില്‍നിന്നും ഒഴിവായിട്ടുള്ളത്. ബാക്കിയുള്ള 1200 സ്ഥാപനങ്ങളിലായി  8750 പേര്‍ക്കാണ് അയോഗ്യത. 

കാരണം കാണിക്കല്‍ നോട്ടീസ് കൈപ്പറ്റിയിട്ടും ചെലവ്  കണക്ക് നല്‍കുന്നതില്‍ വീഴ്ച വരുത്തുകയും, വീഴ്ചയ്ക്ക് മതിയായ കാരണമോ ന്യായീകരണമോ ബോധിപ്പിക്കാതിരിക്കുകയും, തിരഞ്ഞെടുപ്പിന് നിര്‍ണ്ണയിക്കപ്പെട്ട പരിധിയില്‍ കൂടുതല്‍ തുക ചെലവാക്കുകയും ചെയ്ത ജില്ല, ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകളില്‍ നിന്നും മത്സരിച്ച, 7178 പേരെയും മുനിസിപ്പല്‍ കൗണ്‍സിലുകളിലേക്കും മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലേക്കും മത്സരിച്ച 1572 പേരെയുമാണ് കമ്മീഷന്‍ അയോഗ്യരാക്കിയത്. എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ (1031) അയോഗ്യരായത്. ഏറ്റവും കുറവ് വയനാട്(161) ഏറ്റവും കൂടുതല്‍ തദ്ദേശ സ്ഥാപനങ്ങള്‍ ഉള്ള മലപ്പുറം(122) ജില്ലയില്‍ 972 പേരെയും അയോഗ്യരാക്കിയിട്ടുണ്ട്.
 
ആകെയുള്ള 941 ഗ്രാമ പഞ്ചായത്തുകളില്‍ ചെലവ് കണക്ക് നല്‍കാത്തതോ, അധിക തുക ചെലവഴിച്ചതോ ആയ 882 ഗ്രാമ പഞ്ചായത്തുകളിലെ 6559 പേരെയും   145 ബ്ലോക്ക് പഞ്ചായത്തുകളിലെ 557 പേരെയും 14 ജില്ലാ പഞ്ചായത്തുകളിലെ 62 പേരെയും  അയോഗ്യരാക്കിയിട്ടുണ്ട്. അതുപോലെ 84 മുനിസിപ്പാലിറ്റികളിലായി 1188 പേരും  6 കോര്‍പ്പറേഷനുകളിലായി 384 പേരുമാണ് അയോഗ്യരായിട്ടുള്ളത്.

അയോഗ്യരായവരുടെ എണ്ണം- ജില്ല തിരിച്ച്. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത്, മുനിസിപ്പാലിറ്റി, മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ എന്ന ക്രമത്തില്‍. തിരുവനന്ത  പുരം -689, 44, 8, 77, 127. കൊല്ലം- 668, 46, 4, 44, 37. പത്തനംതിട്ട-307, 16, 1, 64. ആലപ്പുഴ-532, 46, 2, 100. കോട്ടയം- 596, 29, 3, 87. ഇടുക്കി-377, 31, 3, 36. എറണാകുളം-713, 71, 4, 162, 81. തൃശൂര്‍-432, 46, 4, 115, 37. പാലക്കാട്-531, 56, 3, 73. മലപ്പുറം-689, 75, 13,195. കോഴിക്കോട്-527, 57,9,134,79. വയനാട്-125, 10, 1, 25. കണ്ണൂര്‍-261, 18, 1, 44, 23. കാസര്‍ഗോഡ്- 121, 12, 6, 32. കൂടുതൽ വിവരങ്ങൾക്ക് www.sec.kerala.gov.in വെബ്സൈറ്റ് സന്ദർശിക്കുക.

Tags:    
News Summary - State Election Commission Disqualify 8750 LSGD Members in Kerala - Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.