തിരുവനന്തപുരം: ഈന്തപ്പഴം ഇറക്കുമതിയിൽ കസ്റ്റംസിനോട് വിവരങ്ങൾ തേടി സംസ്ഥാന സര്‍ക്കാര്‍. തിരുവനന്തപുരത്തെ യു.എ.ഇ കോണ്‍സുലേറ്റ് നിയമ പ്രകാരമല്ലാതെ ഈന്തപ്പഴം ഇറക്കുമതി ചെയ്തു എന്ന വിവാദവുമായി ബന്ധപ്പെട്ടാണ് കേന്ദ്ര ഏജന്‍സിയില്‍ നിന്ന് വിവരങ്ങള്‍ തേടാനുള്ള സര്‍ക്കാരിന്റെ അസാധാരണ നീക്കം.
ഈന്തപ്പഴം ഇറക്കുമതിയിൽ ഡ്യൂട്ടി അടക്കാൻ ആര്‍ക്കാണ് ബാധ്യത എത്ര പേർക്ക് ഇതുവരെ സമൻസ് അയച്ചു തുടങ്ങിയ വിവരങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ കസ്റ്റംസിനോട് ആരാഞ്ഞത്. വിവരാവകാശ നിയമപ്രകാരം ആണ് കസ്റ്റംസിന് നോട്ടീസ് നൽകിയിട്ടുള്ളത്. പ്രോട്ടോകോൾ ഓഫീസര്‍ ആണ് വിവരങ്ങൾ ആവശ്യപ്പെട്ടത്. സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥൻ കേന്ദ്ര ഏജൻസിയോട് വിവരങ്ങൾ ചോദിക്കുന്നത് അസാധാരണമായ നടപടിയാണ് .
യു.എ.ഇ കോൺസുലേറ്റ് വഴിയുള്ള ഈന്തപ്പഴ ഇറക്കുമതിയിൽ ചട്ടലംഘനം ഉണ്ടായിട്ടുണ്ടെങ്കിൽ അത് ആരുടെ വീഴ്ചയാണെന്ന സുപ്രധാനമായ ചോദ്യത്തിനാണ് സംസ്ഥാന സര്‍ക്കാര്‍ ഉത്തരം തേടുന്നത്. നികുതി വെട്ടിപ്പ് നടന്നിട്ടുണ്ടെങ്കിൽ അതിന് ഉത്തരവാദിയാര് എന്ന ചോദ്യം ചോദിക്കുന്നതിലൂടെ കസ്റ്റംസും പ്രതിരോധത്തിലാകും.
അഡീഷണല്‍ സ്റ്റേറ്റ് പ്രോട്ടോകോള്‍ ഓഫീസറായ എ.പി. രാജീവന്‍ നല്‍കിയിരിക്കുന്ന വിവരാവകാശത്തില്‍ ആറ് ചോദ്യങ്ങളാണ് കേന്ദ്ര ഏജന്‍സികളോട് ചോദിച്ചിരിക്കുന്നത്. യു.എ.ഇ കോണ്‍സുലേറ്റ് ഇറക്കുമതി ചെയ്ത ഈന്തപ്പഴം അനുവദനീയമല്ലാത്ത കാര്യങ്ങള്‍ക്കായി ഉപയോഗിച്ചിട്ടുണ്ടോ? എങ്കില്‍ അതിന് ഡ്യൂട്ടി അടക്കാന്‍ ബാധ്യസ്ഥനായ ഇറക്കുമതിക്കാരന്‍ ആരാണ്. അന്വേഷണത്തിന്‍റെ ഭാഗമായി കസ്റ്റംസ് ആര്‍ക്കൊക്കെ സമന്‍സ് അയച്ചിട്ടുണ്ട്. അവരുടെ പേര്, തസ്തിക, ഏത് സംഘടനയുമായി ബന്ധപ്പെട്ടവരാണ്, കസ്റ്റംസ് ഡ്യൂട്ടി ഒഴിവാക്കി കൊടുക്കാന്‍ ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥനാര് എന്നീ ചോദ്യങ്ങളും വിവരാവകാശത്തിലുണ്ട്.
തിരുവനന്തപുരത്തെ കസ്റ്റംസ് പ്രിവന്‍റീവ് ഡിവിഷനിലെ അസിസ്റ്റന്‍റ് കമീഷണര്‍ മുമ്പാകെയാണ് വിവരാവകാശ അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളത്. ചരിത്രത്തിലാദ്യമായാണ് കേന്ദ്ര ഏജന്‍സിയില്‍ നിന്ന് സര്‍ക്കാര്‍ വിവരാവകാശ നിയമപ്രകാരം വിവരങ്ങള്‍ തേടുന്നത്. ഈ മാസം 28നാണ് സര്‍ക്കാര്‍ അപേക്ഷ നല്‍കിയിരിക്കുന്നത്. അന്വേഷണത്തില്‍ ഉള്ള കേസ് ആയതിനാല്‍ കസ്റ്റംസ് ഇതിന് മറുപടി നൽകാൻ സാധ്യതയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.