ന്യൂഡൽഹി: പെരിയ ഇരട്ടക്കൊലക്കേസിലെ അന്വേഷണവുമായി സംസ്ഥാന സർക്കാർ സഹകരിക്കുന്നില്ലെന്നും കേസുമായി ബന്ധപ്പെട്ട രേഖകൾ കൈമാറുന്നില്ലെന്നും സി.ബി.ഐ. കേസിൽ 2019 ഒക്ടോബറിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതായും അന്വേഷണ പുരോഗതി റിപ്പോർട്ട് കോടതിക്ക് സമർപ്പിച്ച് സി.ബി.ഐ അറിയിച്ചു.
സി.ബി.ഐ തിരുവനന്തപുരം യൂണിറ്റാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്. ഇതിന്‍റെ ഭാഗമായി കൊല്ലപ്പെട്ട ശരത് ലാലിന്‍റെയും കൃപേഷിന്‍റെയും വീടുകള്‍ സന്ദർശിച്ച് കുടുംബത്തിന്‍റെ മൊഴി രേഖപ്പെടുത്തിയെന്നും റിപ്പോർട്ടിൽ പറയുന്നതായാണ് വിവരം.
കേസുമായി ബന്ധപ്പെട്ട രേഖകൾ സർക്കാർ നൽകുന്നില്ലെന്ന് സി.ബി.ഐ നേരത്തെയും സുപ്രീംകോടതിയെ അറിയിച്ചിരുന്നു. കേസ് രേഖകൾ തേടി ഏഴ് തവണയാണ് സി.ബി.ഐ കത്ത് നൽകിയത്. കേസ് ഡയറിയും രേഖകളും അടിയന്തരമായി കൈമാറണമെന്ന് ആവശ്യപ്പെട്ട് സെപ്റ്റംബറിലും ക്രൈം ബ്രാഞ്ചിന് സി.ബി.ഐ കത്ത് നല്‍കിയിരുന്നു.
പെരിയ ഇരട്ടക്കൊല കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്ത് സര്‍ക്കാര്‍ നേരത്തെ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ കേസ് സി.ബി.ഐക്ക് വിട്ട ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തിട്ടില്ല. സുപ്രീംകോടതിയുടെ അന്തിമ വിധി വന്നിട്ടില്ലെന്നാണ് ക്രൈംബ്രാഞ്ചിന്‍റെ വാദം.
മുദ്ര വച്ച കവറില്‍ സി.ബി.ഐ നല്‍കിയ അന്വേഷണ തല്‍സ്ഥിതി റിപ്പോര്‍ട്ട് നാളെ കോടതി പരിഗണിക്കും. അന്വേഷണവുമായി സി.ബി.ഐ മുന്നോട്ട് പോകുകയാണെങ്കില്‍ സംസ്ഥാന സര്‍ക്കാറിന്‍റെ അപ്പീലില്‍ ഇടപെടില്ല എന്ന് നേരത്തെ തന്നെ സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്.
2019 ഫെബ്രുവരി 17നാണ് പെരിയ കൊലപാതകം നടക്കുന്നത്. ബൈക്കില്‍ പോകുമ്പോള്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലിനെയും കൃപേഷിനെയും അക്രമികള്‍ തടഞ്ഞുനിര്‍ത്തി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.