പള്ളുരുത്തി: ചികിത്സാ കേന്ദ്രത്തിൽ പ്രവേശിപ്പിച്ച രോഗിക്ക് ക്രൂര മർദനത്തെ തുടർന്ന് കൈയുടെ ചലനശേഷി നഷ്ട്ടപ് പെട്ട സംഭവത്തിൽ പെരുമ്പാവൂർ ഡി.വൈ.എസ്.പി അന്വേഷിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആൻ റണി ഡൊമിനിക് ഉത്തരവിട്ടു. പള്ളുരുത്തി വാട്ടർ ലാൻഡ് റോഡിൽ മേപ്പള്ളി വീട്ടിൽ ഷാജിക്കാണ് പെരുമ്പാവൂർ ബെത് ലേഹം അഭയഭവനിലെ ജീവനക്കാരിൽ നിന്ന് ക്രൂര മർദനമേറ്റത്. സംഭവത്തിൽ ജില്ലാ സാമൂഹിക നീതി വകുപ്പും അന്വേഷണം നടത്തി മൂന്നാഴ്ച്ചകം റിപ്പോർട്ട് സമർപ്പിക്കണമെന്നും ഉത്തരവിലുണ്ട്. കേസ് ജൂലൈ 30ന് പരിഗണിക്കും.
ഓട്ടോ ഡ്രൈവറായ ഷാജിയുടെ ഇടതു കൈ ഒടിഞ്ഞു തൂങ്ങി ചലനശേഷി നഷ്ടപ്പെട്ട നിലയിലാണ്. ഷാജിക്ക് ഇടക്ക് ഉണ്ടാകുന്ന മാനസിക രോഗത്തിനുള്ള ചികിത്സക്കായാണ് പെരുമ്പാവൂരിലെ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചത്. അസുഖം മാറുമ്പോൾ അറിയിക്കാമെന്നും ഇങ്ങോട്ട് വരേണ്ടതില്ലെന്നും അഭയകേന്ദ്രത്തിലെ ജീവനക്കാരൻ അറിയിച്ചതായി സുനന്ദ പറയുന്നു. രണ്ട് മാസം കഴിഞ്ഞ് സുനന്ദ അഭയകേന്ദ്രത്തിലേക്ക് ചെന്നപ്പോഴാണ് വലിയ മുറിവുകളോടെ ചലനശേഷി നഷ്ടപ്പെട്ട നിലയിൽ ഷാജിയെ കാണുന്നത്.
അഭയകേന്ദ്രത്തിലെ നാലു പേർ ചേർന്ന് ഇരുമ്പുവടിയും വിറകും ഉപയോഗിച്ചായിരുന്നു ക്രൂര മർദനം നടത്തിയത്. അഭയകേന്ദ്രത്തിൻെറ ചുമതലയുള്ള ഒരു റിട്ട. പോലീസ് ഉദ്യോഗസ്ഥൻെറ നേതൃത്വത്തിലായിരുന്നു മർദനമെന്നും പരാതിയിൽ പറയുന്നു. മർദനത്തിനു ശേഷം ആശുപത്രിയിൽ കാണിക്കാനോ പ്ലാസ്റ്റർ ഇടാനോ അവർ തയ്യാറായില്ല. പിന്നീട് കുളിമുറിയിൽ തെന്നി വീണതാണെന്ന് ഷാജിയെക്കൊണ്ട് നിർബന്ധപൂർവ്വം എഴുതി വാങ്ങിയതിനു ശേഷമാണ് എക്സ് റേ എടുക്കാൻ കൊണ്ടുപോയത്. എക്സ് റേ എടുത്തെങ്കിലും പ്ലാസ്റ്റർ ചെയ്യാതെ കേന്ദ്രത്തിൽ തന്നെ മരുന്നു കെട്ടി വെക്കുക മാത്രമാണ് ചെയ്യുന്നത്. അഭയകേന്ദ്രത്തിൽ നിന്ന് ഷാജിയെ വീട്ടിൽ കൊണ്ടുവന്നതിനു ശേഷം കോട്ടയം മെഡിക്കൽ കോളേജിൽ കൊണ്ടുപോയെങ്കിലും കൈ പഴയ രീതിയിലേക്ക് കൊണ്ടുവരാനാകില്ലെന്ന് ഡോക്ടർമാർ പറഞ്ഞു.
കയ്യിൻെറ ചലനശേഷി നഷ്ടപ്പെട്ട താൻ ഇക്കാര്യങ്ങൾ ചൂണ്ടിക്കാണിച്ച് കോടനാട് പോലീസിന് പരാതി നൽകിയെങ്കിലും അഭയ കേന്ദ്രത്തിൽ നിന്ന് പതിനായിരം രൂപ വാങ്ങിത്തരാമെന്ന് കോടനാട് സ്റ്റേഷനിലെ എസ്.ഐ പറഞ്ഞെന്ന് ഷാജി പറയുന്നു. ചികിത്സക്കായി പ്രവേശിപ്പിച്ച തന്നെ ക്രൂരമായി മർദിക്കുകയും കൈ തല്ലിയൊടിച്ചവർക്കുമെതിരെ നിയമപരമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് സുനന്ദ മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.