കണ്ണീർനനവ് പറ്റിയ ചിലങ്കയഴിച്ചപ്പോൾ സംവർണയുടെ ഹൃദയം നൊന്തു. കണ്ടുനിന്ന അച്ഛനുമമ്മക്കും ആശ്വസിപ്പിക്കാവുന്നതിനുമപ്പുറമായിരുന്നു ആ വേദന. അവസാന നിമിഷമെത്തിയ അനുകൂല കോടതി വിധിക്ക് പോലും അവൾ ഏറെ ആഗ്രഹിച്ച സംസ്ഥാന വേദിയിലേക്ക് ഒന്ന് കാലെടുത്ത് വെക്കാൻ വഴിതുറക്കാനായില്ല എന്നത് അത്രത്തോളം നെഞ്ചുലക്കുന്ന അനുഭവമായിരുന്നു. കോടതി വിധിപ്പകർപ്പ് ഇ-മെയിലിൽ ലഭിക്കാതെ രജിസ്ട്രേഷൻ അനുവദിക്കില്ലെന്ന കടുംപിടുത്തത്തിലാണ് അവളുടെ സ്വപ്നം ഉലഞ്ഞുപോയത്. ഒന്നാംവേദിയിൽ എച്ച്.എസ്.എസ് വിഭാഗം മോഹിനിയാട്ടത്തിനൊടുവിലാണ് കോഴിക്കോട് പ്രൊവിഡന്‍സ് ജി.എച്ച്.എസ്.എസ് വിദ്യാർഥിനി എം. സംവർണയുടെ കണ്ണീർ വീണത്.
കോഴിക്കോട് ജില്ലയിൽ രണ്ടാംസ്ഥാനത്ത് ആയിട്ടും ജില്ല അപ്പീൽ ലഭിക്കാതിരുന്ന സംവർണ ആഴ്ചകളായി അനുകൂല കോടതി വിധി കാത്തിരിക്കുകയായിരുന്നു. ഒടുവിൽ അപ്പീൽ ലഭിക്കുമെന്ന വക്കീലിന്റെ ഉറപ്പിൽ മത്സരതലേന്ന് രാത്രി കോഴിക്കോട് നിന്ന് അച്ഛൻ എം.ആർ. ഷാജിക്കും അമ്മ ഉദയക്കുമൊപ്പം പുറപ്പെട്ട് വെള്ളിയാഴ്ച പുലർച്ചെയാണ് കൊല്ലത്തെത്തിയത്. കാത്തിരുന്ന വിധി ഉച്ചക്ക് 12.30ഓടെ കോടതി നൽകിയതറിഞ്ഞ് ആശ്രാമത്തെ വേദിയിലെത്തി സംവർണ ചമയമണിഞ്ഞൊരുങ്ങി. ജഡ്ജി വിധിയിൽ ഒപ്പിട്ടപ്പോഴേക്കും സമയം 2.15. വിധിപ്പകർപ്പ് വാട്സ്ആപ് ഇമേജായി ലഭിച്ചതും കൊണ്ട് പിതാവ് ഷാജി രജിസ്ട്രേഷൻ നടത്താൻ ഓടി. എന്നാൽ, ഇ-മെയിൽ വഴി ഉത്തരവ് കിട്ടിയാലെ രജിസ്ട്രേഷൻ നടത്തൂ എന്ന് അധികൃതർ കടുംപിടുത്തമായി. പണം അടയ്ക്കാമെന്ന് പറഞ്ഞിട്ടും സമ്മതിച്ചില്ല.
ഇതിനിടയിൽ വേദിയിൽ കോടതി വിവരം സ്റ്റേജ് ചുമതലയുള്ളവരെ അറിയിച്ചപ്പോൾ നാല് പേരായിരുന്നു മത്സരിക്കാൻ ബാക്കി. കോടതി രേഖ ഇ-മെയിൽ എത്താൻ വൈകി രജിസ്ട്രേഷൻ അനിശ്ചിതത്വത്തിലായതോടെ മത്സരം പൂർണമായും അവസാനിച്ച സമയത്ത് അഞ്ച് മിനിറ്റ് സമയവും അനുവദിച്ചു. ഒടുവിൽ രജിസ്ട്രേഷൻ ഓഫിസിൽ ഇ-മെയിൽ എത്തിയപ്പോഴേക്കും വൈകീട്ട് 3.15ന് ആ അധികസമയവും കടന്നുപോയിരുന്നു.
അവസരം നഷ്ടമായതറിഞ്ഞ് അമ്മയെ കെട്ടിപ്പിടിച്ച് കരഞ്ഞുതളർന്ന സംവർണ സദസ്സിൽ ഒപ്പന കാണാൻ കാത്തിരിക്കുകയായിരുന്ന മന്ത്രി കെ.എൻ. ബാലഗോപാലിനെ കണ്ട് സങ്കടമറിയിച്ചു. രജിസ്ട്രേഷനിൽ സംഭവിച്ചതെന്താണെന്ന് പരിശോധിക്കാമെന്ന് മന്ത്രി ആശ്വസിപ്പിച്ച് പറഞ്ഞുവിടുമ്പോഴും സങ്കടം ചാലിട്ടൊഴുകി. ഇനി കേരളനടനമാണ് പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.