കൊല്ലം: കലോത്സവങ്ങളായ കലോത്സവങ്ങളിലെല്ലാം ഈ അധ്യാപകർ എതിരാളികളാണ്. ഓരോരുത്തരും മൂന്നും നാലും സംഘങ്ങളും നൂറോളം ശിഷ്യരുമായി ഓരോ സംസ്ഥാന കലോത്സവത്തിലും പരസ്പരം പോരടിക്കാൻ തുടങ്ങിയിട്ട് പതിറ്റാണ്ടുകൾ പലതായി.
എന്നാൽ, പോരെല്ലാം ആ വേദിയിൽ തീരും. പുറത്തിറങ്ങിയാൽ ഒരേ മനസ്സോടെ പരസ്പരം സൗഹൃദം കൈമാറുന്ന സൗഹൃദക്കൂട്ടമായി മാറും. സംസ്ഥാനത്ത് മാപ്പിളകലകൾ കലോത്സവപോരാട്ടങ്ങൾക്കായി പരിശീലിപ്പിക്കുന്ന 15 പേരുടെ സംഘമാണ് വൈരമല്ല, സ്നേഹമാണ് ഇന്നിന്റെ ആവശ്യമെന്ന് വിളിച്ചോതി കൊല്ലം കലോത്സവ മനസ്സും കീഴടക്കുന്നത്. മാപ്പിളപ്പാട്ട്, ഒപ്പന, ദഫ്മുട്ട്, അറബന മുട്ട്, വട്ടപ്പാട്ട്, കോൽക്കളി അങ്ങനെ മാപ്പിളകലകളെല്ലാം എല്ലാ ജില്ലകളിലും സ്കൂൾ വിദ്യാർഥികളെ പരിശീലിപ്പിക്കുന്നത് ഈ സംഘാംഗങ്ങളാണ്. ഇവരിൽ പലരും 30-35 വർഷം വരെയായി ഈ മേഖലയിലുള്ളവരാണ്. കൂട്ടായ്മക്ക് ശക്തി പകർന്ന് സ്റ്റേറ്റ് മാപ്പിളകല ടീച്ചേഴ്സ് അസോസിയേഷൻ എന്നൊരു സംഘടനയും ഇവർ രൂപവത്കരിച്ചു. ഓരോരുത്തരും സംസ്ഥാനത്തുതന്നെ നാലും അഞ്ചും വരെ ടീമുകളായാണ് വരുന്നത്.
വേദികളിൽ പരസ്പരം ഈ കുട്ടികൾ മത്സരിക്കുമ്പോഴും പുറത്ത് പിന്തുണയുമായി ഈ കൂട്ടുകാരെല്ലാം ഒത്തൊരുമിച്ചുണ്ടാകുന്ന കാഴ്ചയാണ് ഇവിടെയും മനം കുളിർപ്പിക്കുന്നത്. നൗഷാദ് കൂത്തുപറമ്പ, ഷെഹീർ വടകര, ഷിഹാബ് മാറാട്, കബീർ നല്ലളം, ഉമ്മർ മാവൂർ, നസീർ പാനൂർ, ഹാരിസ് വയനാട്, അഫ്സൽ കോമത്ത് എന്നിവരടങ്ങുന്ന സംഘമാണ് ഇത്തവണ എത്തിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.