കണ്ണൂർ: 25ാമത് സംസ്ഥാന സ്പെഷൽ സ്കൂൾ കലോത്സവം കണ്ണൂർ മുനിസിപ്പൽ സ്കൂളിൽ തുടങ്ങി. 14 ജില്ലകളിലെ സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ് വിദ്യാലയങ്ങളിലെ 1600 ഓളം വിദ്യാർഥികളാണ് കലോത്സവത്തിൽ മാറ്റുരക്കുന്നത്. മുനിസിപ്പൽ സ്കൂളിലെ മുഖ്യവേദിയിൽ വ്യാഴാഴ്ച രാവിലെ കെ.വി. സുമേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ.കെ. രത്നകുമാരി അധ്യക്ഷത വഹിച്ചു.
പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്. കോർപറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സുരേഷ്ബാബു എളയാവൂർ, ഹയർ സെക്കൻഡറി റീജനൽ ഡെപ്യൂട്ടി ഡയറക്ടർ രാജേഷ് കുമാർ, വിദ്യാഭ്യാസ ഉപഡയറക്ടർ കെ.എൻ. ബാബു മഹേശ്വരി പ്രസാദ്, ആർ. സിന്ധു, സി.എ. സന്തോഷ്, ഉദയകുമാരി, പി. പ്രേമരാജൻ, കെ. ജ്യോതി, വിവിധ സംഘടന നേതാക്കൾ തുടങ്ങിയവർ സംസാരിച്ചു. ഷാനവാസ് സ്വാഗതം പറഞ്ഞു.
സമഗ്രശിക്ഷ കേരള ബി.ആർ.സിയുടെ ആഭിമുഖ്യത്തിൽ ഭിന്നശേഷി കുട്ടികളുടെ നേതൃത്വത്തിൽ സ്വാഗത നൃത്തവും സ്വാഗത ഗാനവും അവതരിപ്പിച്ചു. മാനസിക വെല്ലുവിളി നേരിടുന്ന വിദ്യാർഥികൾക്കുള്ള മത്സരങ്ങളാണ് വ്യാഴാഴ്ച നടന്നത്. മോഹിനിയാട്ടം, നാടോടി നൃത്തം, ഡാൻസ്, സംഘനൃത്തം, സംഘഗാനം, ദേശഭക്തിഗാനം, ഉപകരണ സംഗീതം, പെൻസിൽ ഡ്രോയിങ്, ജലച്ചായം, ലളിതഗാനം ഇനങ്ങളിലാണ് മത്സരം നടക്കുന്നത്. കേൾവി പരിമിതിയുള്ളവർക്ക് 15 ഇനങ്ങളിലും കാഴ്ച പരിമിതിയുള്ളവർക്ക് 19 ഇനങ്ങളിലും വെള്ളിയും ശനിയുമായി മത്സരങ്ങൾ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.