തിരൂർ: വന്ദേഭാരത് എക്സ്പ്രസ് ട്രെയിനിന് നേരെ നടന്ന കല്ലേറിൽ അന്വേഷണം ഊർജിതമാക്കി റെയിൽവേ സംരക്ഷണ സേനയും കേരള പൊലീസും. തിരൂരിനും പരപ്പനങ്ങാടിക്കും ഇടയിലുള്ള കമ്പനിപ്പടിയിൽ വെച്ചാണ് ട്രെയിനിന് നേരെ ആക്രമണം നടന്നതെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചിട്ടുണ്ട്.
ട്രെയിനിലെ യാത്രക്കാരനിൽനിന്ന് ലഭിച്ച വിഡിയോയിൽ നിന്നാണ് ആക്രമണം നടന്ന സ്ഥലത്തെ കുറിച്ചുള്ള പ്രാഥമിക നിഗമനത്തിൽ പൊലീസ് എത്തിയത്. ഒഴിഞ്ഞു കിടക്കുന്ന സ്ഥലമായതിനാൽ സി.സി.ടി.വി ദൃശ്യങ്ങൾ ലഭിക്കാൻ സാധ്യതയില്ലെന്നാണ് വിലയിരുത്തൽ.
തിങ്കളാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് വന്ദേഭാരത് എക്സ്പ്രസ് ട്രെയിനിന് നേരെ കല്ലേറുണ്ടായത്. കാസർകോട് നിന്ന് തിരുവനന്തപുരത്തേക്ക് പോകവെയാണ് സി4 കോച്ചിലെ 62, 63 സീറ്റുകളുടെ ഭാഗത്ത് ആക്രമണം നടന്നത്. കല്ലേറിൽ പുറംഭാഗത്തെ ചില്ലിന് പൊട്ടൽ വീണു.
ഷൊർണൂർ സ്റ്റേഷനിൽ വെച്ച് റെയിൽവേ അധികൃതർ ട്രെയിൻ പരിശോധിക്കുകയും പൊട്ടലുണ്ടായ ഭാഗത്ത് ഇൻസുലേഷൻ ടേപ്പ് ഒട്ടിച്ച ശേഷം യാത്ര തുടരുകയും ചെയ്തു. സംഭവത്തിൽ റെയിൽവേ സുരക്ഷാസേനയും തിരൂർ പൊലീസും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഏപ്രിൽ 25നാണ് കേരളത്തിലേക്ക് അനുവദിച്ച വന്ദേഭാരത് എക്സ്പ്രസിന്‍റെ സർവീസ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തത്. 26 മുതലാണ് കാസർകോട് നിന്ന് തിരുവനന്തപുരത്തേക്കും തിരുവനന്തപുരത്ത് നിന്ന് കാസർകോട്ടേക്കും ട്രെയിനിന്‍റെ സർവീസ് ആരംഭിച്ചത്.
വന്ദേഭാരത് ട്രെയിന് മലപ്പുറം ജില്ലയിലെ തിരൂരിൽ സ്റ്റോപ്പ് അനുവദിക്കാത്തതിനെതിരെ വലിയ പ്രതിഷേധം അരങ്ങേറിയിരുന്നു. ട്രെയിനിന് ജില്ലയിൽ സ്റ്റോപ്പ് നിഷേധിച്ച കേന്ദ്ര സർക്കാറിന്റെയും റെയിൽവേ അധികൃതരുടെയും നിലപാടിൽ ജില്ല പഞ്ചായത്ത് ഭരണസമിതിയും താനൂർ നഗരസഭയും പ്രമേയത്തിലൂടെ പ്രതിഷേധിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.