കാഞ്ഞങ്ങാട്: അജാനൂരിലെ പ്രാദേശിക മുസ്‍ലിം ലീഗ് നേതാവ് ഹമീദ് ചേരക്കാടത്തിന്റെ വീടിന് നേരെയുണ്ടായ കല്ലേറിൽ അതിഞ്ഞാലിലെ അഞ്ച് എസ്.ഡി.പി.ഐ പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു. ഹമീദിന്റെ പരാതിയിൽ അജ്മൽ, നവാസ്, ഇബ്രാഹീം, സലാഹുദ്ദീൻ, അനാസ് എന്നിവരെ പരാമർശിക്കുന്നതിനാലാണ് ഹൊസ്ദുർഗ് പോലീസ് കേസെടുത്തത്.
വെള്ളിയാഴ്ച രാത്രി ഒമ്പതരയോടെയാണ് കല്ലേറ് നടന്നത്. അതിഞ്ഞാൽ അംഗൻവാടിക്ക് പിറകിലുള്ള ഇടവഴി ആരംഭിക്കുന്ന ഹമീദിന്റെ വീട്ടുവളപ്പിൽ അതിക്രമിച്ചുകയറി കല്ലെറിഞ്ഞെന്നാണ് കേസ്. കഴിഞ്ഞ ദിവസം ബസ് കാത്തിരിപ്പ് കേന്ദ്രം സ്ഥാപിക്കാൻ എസ്.ഡി.പി.ഐ പ്രവർത്തകരുടെ നേതൃത്വത്തിൽ നടന്ന ശ്രമം തടഞ്ഞതാണ് കാരണമെന്ന് പറയുന്നു.
കാഞ്ഞങ്ങാട്: അതിഞ്ഞാൽ മുസ്‍ലിം ലീഗ് നേതാവിന്റെ വീടിന് നേരെയുള്ള ആക്രമണത്തിലെ മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്ന് എസ്.ഡി.പി.ഐ. ആക്രമണം എന്ന് കള്ള പ്രചാരണം നടത്തുന്നതിൽനിന്നും ബന്ധപ്പെട്ടവർ മാറിനിൽക്കണമെന്നും എസ്.ഡി.പി.ഐ കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്റ് ടി. അബ്ദുസ്സമദ് പറഞ്ഞു.പൊതുജനങ്ങളുടെ ബുദ്ധിമുട്ട് മനസ്സിലാക്കിയ റെഡ് ഗ്രീൻ അതിഞ്ഞാൽ ക്ലബ് പ്രവർത്തകർ തെക്കേപ്പുറം പുതുതായി ബസ് കാത്തിരിപ്പു കേന്ദ്രം നിർമിക്കാൻ തീരുമാനിച്ചിരുന്നു.
കുവൈത്തിൽ മരണപ്പെട്ട ചേരാക്കാടത്ത് റിയാസ് സ്മാരകമായി ബസ് വെയിറ്റിങ് ഷെഡ് നിർമിക്കുന്നതിനെ കുറിച്ച് പഞ്ചായത്തിനെ വാക്കാൽ അറിയിക്കുകയും വികസന സമയത്ത് എടുത്ത് മാറ്റാം എന്ന ഉറപ്പിൽ നിർമിക്കാൻ തീരുമാനിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം ഇവിടെ സ്ഥാപിക്കുന്ന സമയം പ്രാദേശിക മുസ്‍ലിം ലീഗ് നേതാവ് എതിർപ്പുമായി രംഗത്ത് വന്നു. പൊലീസിൽ വിവരം അറിയിച്ചു.
സ്ഥലം എസ്.ഐ അടക്കം ഇടപെട്ട് പഞ്ചായത്ത് അനുമതി കിട്ടിയതിനു ശേഷം സ്ഥാപിക്കുമെന്ന ധാരണയുണ്ടാക്കി. കഴിഞ്ഞ രാത്രി പ്രദേശത്ത് ഭിന്നത ഉണ്ടാക്കാൻ സാമൂഹിക വിരുദ്ധർ ലീഗ് നേതാവിന്റെ വീടിന് കല്ലെറിഞ്ഞതാണെന്ന് എസ്.ഡി.പി.ഐ ആരോപിച്ചു.പിന്നിൽ പ്രവർത്തിച്ചവരെ അറസ്റ്റ് ചെയ്യണമെന്നും നാട്ടിൽ സമാധാന ഭംഗം വരുത്തുന്ന ഇത്തരക്കാരെ ഒറ്റപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.