വ്യാപാരികളെ ബുദ്ധിമുട്ടിലാക്കുന്ന കേന്ദ്ര ഏജൻസികളുടെ റെയ്​ഡുകൾ നിർത്തിവെക്കണം -എ.കെ.ജി.എസ്.എം.എ

കൊച്ചി: സ്വർണ വ്യാപാര സ്ഥാപനങ്ങളിൽ കേന്ദ്ര ജി.എസ്.ടി, കസ്റ്റംസ്, ഇലക്ഷൻ കമ്മീഷൻ ഉദ്യോഗസ്ഥരുടെ റെയ്ഡുകളും സ്വർണം പിടിച്ചെടുക്കുന്ന നടപടികളും ഉടൻ നിർത്തിവക്കണമെന്ന് ഓൾ കേരള ഗോൾഡ് ആന്‍റ്​ സിൽവർ മർച്ചന്‍റ്​ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.

കോവിഡ് സാഹചര്യങ്ങളിൽ കച്ചവടമില്ലാതെ നട്ടം തിരിയുന്ന വ്യാപാരികളെ കൂടുതൽ ബുദ്ധിമുട്ടിലേക്കാണിത് കൊണ്ടുപോകുന്നത്. കൃത്യമായ കണക്കുകൾ ഹാജരാക്കിയാൽപ്പോലും സ്വർണം കണ്ടുകെട്ടുന്ന തെരഞ്ഞെടുപ്പ്​ കമ്മീഷന്‍റെ നിലപാട് അംഗീകരിക്കാനാവില്ല. കണക്കുകൾ നോട്ടീസ് നൽകി വിളിപ്പിച്ച് വ്യാപാരികൾക്ക് പറയാനുള്ളത് കേൾക്കാതെ ഏകപക്ഷീയമായി വൻപിഴ ചുമത്തുന്നതും അംഗീകരിക്കാൻ കഴിയില്ല.

പുതിയ ആഭരണങ്ങൾക്ക് പകരമായി ഉപഭോക്താക്കൾ നൽകുന്ന പഴയ സ്വർണം ശുദ്ധമാക്കി വ്യാപാരികൾ നിർമ്മാതാക്കൾക്ക് നൽകുന്നതിന് കൊണ്ടുപോകുമ്പോൾ പിടിച്ചെടുക്കുന്നു. വിദേശത്തു നിന്നും കൊണ്ടുവരുന്ന സ്വർണം വിട്ടയക്കുകയും പഴയ സ്വർണം ഉരുക്കി നൽകുന്നത് പിടിച്ചെടുക്കുകയും ചെയ്യുന്ന നടപടി യുക്തിരഹിതമാണ്. തൃശൂരിൽ കഴിഞ്ഞ ദിവസം എല്ലാ രേഖകളുമായി പഴയ സ്വർണം ഉരുക്കി കൊണ്ടുപോയ ആളെ കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടി ജയിലിലടച്ച നടപടിയിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു.

കോഴിക്കോട് എല്ലാ രേഖകളും , ഇലക്ഷൻ കമ്മീഷന്‍റെ പ്രത്യേക അനുമതി സഹിതം കൊണ്ടുവന്ന സ്വർണം റെയിൽവേ പോലീസ് പിടികൂടി കസ്റ്റംസിനെ ഏൽപ്പിച്ചിരിക്കുന്നു.

രാത്രി 8 മണിക്ക് കടകൾ അടയ്ക്കുന്ന സമയം നോക്കി റെയ്ഡിനിറങ്ങുന്ന ഉദ്യോഗസ്ഥർ വളരെ വൈകിയാണ് അവസാനിപ്പിക്കുന്നത്. ഇത് വ്യാപാരികളുടെ സ്വാതന്ത്യത്തിൻമേലുള്ള കടന്നുകയറ്റമാണ്.

എല്ലാ കേന്ദ്ര ഏജൻസികളും സ്വർണ മേഖലയെ മാത്രം ഉന്നംവക്കുന്ന നിലപാട് പ്രതിഷേധാർഹമാണ്. കേരളത്തിൽ സ്വർണ വ്യാപാരം ചെയ്യുന്നതിന് ഇനി എന്ത് അനുമതിയാണ് വേണ്ടതെന്ന് വ്യക്തമാക്കണം.

റെയ്ഡും , അനാവശ്യ പരിശോധനകളും, സ്വർണം കണ്ടുകെട്ടലും തുടർന്നാൽ സ്വർണക്കടകൾ അടച്ചിടുന്നതുൾപ്പെടെയുള്ള പ്രത്യക്ഷ സമരപരിപാടികൾ ആരംഭിക്കുമെന്ന് പ്രസിഡന്‍റ്​ ഡോ.ബി.ഗോവിന്ദൻ, ജനറൽ സെക്രട്ടറി സുരേന്ദ്രൻ കൊടുവള്ളി, ട്രഷറർ അഡ്വ.എസ്.അബ്ദുൽ നാസർ എന്നിവർ അറിയിച്ചു.

Tags:    
News Summary - Stops raids by central agencies that harass traders - AKGSMA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.