തിരുവനന്തപുരം: രണ്ടാംഘട്ട തെരുവുനായ വാക്സിനേഷൻ യജ്ഞവും മെല്ലെപ്പോക്കിൽ. സെപ്റ്റംബർ ഒന്നിന് ആരംഭിച്ച രണ്ടാംഘട്ട കാമ്പയിൻ 10 ദിവസം പിന്നിടുമ്പോൾ ആകെ 79 തെരുവുനായ്ക്കൾക്കു മാത്രമാണ് കുത്തിവെപ്പ് നൽകാനായത്. 67 വളർത്തുനായ്ക്കൾക്കും വാക്സിൻ നൽകി. തദ്ദേശസ്ഥാപനങ്ങൾ ഫണ്ട് നീക്കിവെക്കാത്തതാണ് പ്രധാന പ്രതിസന്ധി. കഴിഞ്ഞവർഷവും സെപ്റ്റംബറിൽ ആരംഭിച്ച ഒരുമാസ കാമ്പയിനും ഫണ്ടിന്റെ അഭാവത്തിൽ മുന്നോട്ടുപോയില്ല. അന്ന് വെറും 32,000 തെരുവുനായ്ക്കൾക്ക് മാത്രമാണ് കുത്തിവെപ്പ് നൽകാനായത്.
ഇപ്പോൾ പദ്ധതി മുന്നോട്ട് പോകുന്നത് മൃഗസംരക്ഷണ വകുപ്പിന്റെ തുക വിനിയോഗിച്ചാണ്. 212 തദ്ദേശ സ്ഥാപനങ്ങൾ മാത്രമാണ് കുറച്ചെങ്കിലും തുക വകയിരുത്തിയത്. തെരുവുനായ് ശല്യം അതിരൂക്ഷമായ കണ്ണൂർ, പാലക്കാട് ജില്ലകളിൽ ഒരു തദ്ദേശസ്ഥാപനം പോലും തുക നീക്കി വെച്ചിട്ടില്ല. ജില്ല പഞ്ചായത്തിൽ കൊല്ലം ഒഴികെ മറ്റൊരിടത്തും തെരുവുനായ് വാക്സിനേഷന് ഫണ്ടില്ല.
ആലപ്പുഴ, തൃശൂർ, മലപ്പുറം, വയനാട്, കാസർകോട് ജില്ലയിൽ ഏഴ് മുനിസിപ്പാലിറ്റികളും തുക നീക്കിവെച്ചപ്പോൾ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, പാലക്കാട്, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഒരു മുനിസിപ്പാലിറ്റിയും പണം അനുവദിച്ചില്ല. ബ്ലോക്ക് പഞ്ചായത്തിൽ കാസർകോട് ഒരു ബ്ലോക്ക് പഞ്ചായത്ത് മാത്രമാണ് ഫണ്ട് നീക്കിവെച്ചത്. അതേമസയം, തിരുവനന്തപുരം ജില്ലയിൽ 56 ഗ്രാമപഞ്ചായത്തുകൾ തുക നീക്കിവെച്ചു.
പത്തനംതിട്ട 27, ആലപ്പുഴ 16, കോട്ടയം 27, ഇടുക്കി മൂന്ന്, എറണാകുളം 10, തൃശൂർ 31, മലപ്പുറം 22, കോഴിക്കോട് രണ്ട് അങ്ങനെ 194 ഗ്രാമപഞ്ചായത്തുകൾ തുക നീക്കിവെച്ചു. എങ്കിലും ഇവിടങ്ങളിൽ വാക്സിനേഷൻ ആരംഭിച്ചിട്ടില്ല. ആവശ്യത്തിന് തുക ഇല്ലാത്തതാണ് വൈകാൻ കാരണം. മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിച്ച വാക്സിനേഷൻ യജ്ഞം ആലപ്പുഴ ജില്ലയിൽ മാത്രമാണ് കുറച്ചെ ങ്കിലും മുന്നോട്ട് പോകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.