പ്രതീകാത്മക ചിത്രം

ശ്വാന സൗഹൃദ നഗരസഭയിൽ നാട്ടുകാരെ ഓടിച്ചിട്ട് കടിച്ച് തെരുവുനായ്ക്കൾ

പൊന്നാനി: ശ്വാന സൗഹൃദ നഗരസഭയായി പ്രഖ്യാപിച്ച പൊന്നാനി നഗരസഭയിൽ തെരുവുനായ്ക്കളുടെ വിളയാട്ടം രൂക്ഷമായി. ചൊവ്വാഴ്ച ഈഴുവത്തിരുത്തി മേഖലയിൽ നാല് പേർക്ക് തെരുവുനായുടെ കടിയേറ്റു. വാക്സിൻ വിതരണ കേന്ദ്രത്തിലേക്കും തെരുവുനായ്ക്കൾ എത്തിയത് ഏറെ ഭീതി പടർത്തി. വാക്സിനേഷനെത്തിയവർ  വിരട്ടിയോടിച്ചതിനാലാണ്  തെരുവുനായ് അക്രമത്തിൽ നിന്നും രക്ഷ നേടിയത്.

കഴിഞ്ഞ ദിവസം പൊന്നാനി മുക്കാടിയിൽ താലൂക്ക് ആശുപത്രി നഴ്സിനേയും, ഭർത്താവിനേയും തെരുവുനായ് അക്രമിച്ച് പരിക്കേൽപ്പിച്ചിരുന്നു.  പകൽ സമയങ്ങളിൽ പോലും നഗരത്തിലെ പ്രധാന റോഡുകളിൽ ഉൾപ്പെടെ തെരുവുനായ്ക്കൾ കൂട്ടമായി എത്തുന്നത് ജീവന് ഭീഷണിയായി മാറുകയാണ്.

പൊന്നാനി ശ്വാന സൗഹൃദ നഗരസഭയാക്കുമെന്ന പ്രഖ്യാപനം കടലാസിൽ ഒതുങ്ങിയതോടെ തെരുവുനായ്ക്കളെ കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ് പൊതുജനം. ഏറെ കൊട്ടിഘോഷിച്ച് പൊന്നാനി നഗരസഭയിൽ ആരംഭിച്ച ശ്വാന സൗഹൃദ നഗരസഭ പദ്ധതിയാണ് പാതിവഴിയിൽ മുടങ്ങിയത്. ഇപ്പോൾ തെരുവുനായ്ക്കൾ തെരുവിലിറങ്ങി നാട്ടുകാരെ കടിച്ച് പരിക്കേൽപിക്കുകയാണ്.

നഗരസഭയിലെ പൊന്നാനി - പള്ളപ്രം ദേശീയപാത ,ചന്തപ്പടി, നായരങ്ങാടി, ഓം തൃക്കാവ്, ആനപ്പടി, തൃക്കാവ്, എം.എൽ.എ റോഡ്, പുഴമ്പ്രം, ബിയ്യം, കടവനാട് മേഖലകളിലെല്ലാം തെരുവുനായ്ക്കൾ യഥേഷ്ടം വിഹരിക്കുകയാണ്. പലതവണ അധികൃതരെ വിവരമറിയിച്ചിട്ടും നടപടിയൊന്നുമുണ്ടായില്ലെന്നാണ് നാട്ടുകാരുടെ പരാതി. 30 വർഷം മുമ്പ് നഗരസഭയും ജേസീസും ചേർന്ന് പൊന്നാനിയെ പേ വിമുക്ത നഗരമാക്കി പ്രഖ്യാപിച്ചിരുന്നുവെങ്കിലും നായ്ക്കൾ തെരുവുകൾ തോറും വിലസുകയാണ്. 

Tags:    
News Summary - stray dogs issue in ponnani town

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.