ചാ​ല എ​​ഴു​ന്നാ​ണ്ടി പു​ത്ത​ൻ​പു​ര​യി​ൽ സു​ന​ന്ദ​യു​ടെ പ​ശു പേ​ബാ​ധ​യേ​റ്റ്​

ച​ത്ത നി​ല​യി​ൽ

തെരുവുനായ് ഭീഷണി; വാക്‌സിനേഷൻ ഇന്നുമുതൽ

കണ്ണൂർ: തെരുവുനായ് ശല്യത്തിന് അറുതി വരുത്താൻ നടപടികളുമായി ജില്ല പഞ്ചായത്ത്. തെരുവുനായ്ക്കളെ വാക്‌സിനേഷൻ ചെയ്യുന്ന പ്രവര്‍ത്തനം ജില്ലയില്‍ ബുധനാഴ്ച ആരംഭിക്കും. ജില്ല പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. ഡോഗ് ലവേഴ്‌സ് സംഘടനയുടെ സഹായത്തോടെയാണ് തെരുവുനായ്ക്കളെ വാക്‌സിനേറ്റ് ചെയ്യുക. സംഘടനയുടെ നേതൃത്വത്തിൽ തെരുവുനായ്ക്കൾക്ക് ഭക്ഷണവും ചികിത്സയുമടക്കം നൽകിവരുന്നുണ്ട്.

ഇത്തരത്തിൽ നായ്ക്കമായി ഇടപഴകുന്നവരുടെ സഹായത്തോടെയാണ് തെരുവിൽവെച്ചുതന്നെ വാക്സിൻ നൽകുക. പ്രാദേശിക തലത്തില്‍ തെരുവുനായ്ക്കള്‍ കേന്ദ്രീകരിക്കുന്ന സ്ഥലങ്ങള്‍ കണ്ടെത്തിയാണ് വാക്‌സിനേഷന്‍ ഡ്രൈവ് നടത്തുക.

ഇതിനായി വെറ്ററിനറി ഡോക്ടര്‍മാരടങ്ങിയ പ്രത്യേക സംഘത്തെ നിയോഗിക്കുമെന്നും വാക്സിൻ മരുന്നടക്കം എല്ലാം സജ്ജമാണെന്നും ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ പറഞ്ഞു. ബ്ലോക്ക്, മുനിസിപ്പൽ തലത്തിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും. തെരുവുനായ്ക്കളുടെ വന്ധ്യംകരണം 10 ദിവസത്തിനുള്ളിൽ തുടങ്ങും.

വന്ധ്യംകരണത്തിനായി നായ്ക്കളെ പിടികൂടാൻ തയാറായി തദ്ദേശീയരായ 15 പേർ മുന്നോട്ടുവന്നിട്ടുണ്ട്. വിദഗ്ധ പരിശീലനം ലഭിച്ച അഞ്ചുപേരും സംഘത്തിന്റെ ഭാഗമാകും. നായ് പിടിത്തക്കാരുടെ യോഗം ചൊവ്വാഴ്ച ചേർന്നു. കഴിഞ്ഞവർഷം ജില്ലയിൽ 1703 നായ്ക്കളെ വന്ധ്യംകരിച്ചിരുന്നു. ഇത്തവണ ആളില്ലാത്തതിനാലാണ് പദ്ധതി തുടങ്ങാതിരുന്നത്.

തെരുവുനായ് ശല്യം പരിഹരിക്കാനായി ജില്ലയിലെ തദ്ദേശ സ്ഥാപന മേധാവികളുടെയും ജില്ല പഞ്ചായത്ത് അംഗങ്ങളുടെയും ഉദ്യോഗസ്ഥരുടെയും യോഗം ബുധനാഴ്ച ചേരും. ജില്ലയിൽ പ്രതിമാസം ആയിരത്തോളം പേർ നായ് കടിയേറ്റും പേവിഷബാധ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടും ചികിത്സ തേടുന്നുണ്ടെന്നാണ് കണക്ക്.

പേവിഷ ബാധയേറ്റ് പശു ചത്ത സംഭവം; ആശങ്കപ്പെടേണ്ടെന്ന് മൃഗസംരക്ഷണ വകുപ്പ്

കണ്ണൂർ: ചാലയിൽ കറവയുള്ള പശു പേവിഷ ബാധയേറ്റ് ചത്ത സംഭവത്തിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മൃഗസംരക്ഷണ വകുപ്പ്. എഴുന്നാണ്ടി പുത്തൻപുരയിൽ സുനന്ദയുടെ പശുവാണ് ചൊവ്വാഴ്ച ചത്തത്. നിരവധിപേർ പശുവിന്റെ പാൽ ഉപയോഗിച്ചിരുന്നു. സൊസൈറ്റിയിലും പാൽ നൽകിയിരുന്നു. പാലിലൂടെ പേവിഷബാധ പകരാനുള്ള സാധ്യതയില്ലെന്ന് മൃഗസംരക്ഷണ വകുപ്പ് അധികൃതർ അറിയിച്ചു.

പേവിഷ ബാധ ലക്ഷണങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് കഴിഞ്ഞദിവസം ജില്ല മൃഗാശുപത്രിയിലെ ഡോക്ടർ പശുവിനെ പരിശോധിച്ചിരുന്നു. ഡോക്ടറുടെ നിർദേശപ്രകാരം പറമ്പിൽ മാറ്റിക്കെട്ടിയ പശു അക്രമാസക്തമായി. പശുവിനടുത്തേക്ക് പോകുന്നവരെ ആക്രമിക്കാനുള്ള ശ്രമമുണ്ടായി. പരിചരിക്കാനെത്തിയ സുനന്ദ അടക്കമുള്ളവർക്ക് കുത്തേറ്റു. കിടാവിനെയും പശു ആക്രമിച്ചു.

അഗ്നിരക്ഷസേനയുടെ സഹായത്തോടെയാണ് പശുവിനെ സുരക്ഷിതമായി കെട്ടിയിട്ടത്. വൈകാതെ പശു മരണത്തിന് കീഴടങ്ങി. ഡെപ്യൂട്ടി ഡി.എം.ഒ ഡോ. ജീജയുടെ നേതൃത്വത്തിൽ ആരോഗ്യ വകുപ്പ് സംഘം സ്ഥലത്തെത്തി നടപടി സ്വീകരിച്ചു. കെട്ടിയിട്ടതിനാൽ മറ്റ് മൃഗങ്ങളുമായും ആളുകളുമായും പശുവിന് സമ്പർക്കമുണ്ടായിരുന്നില്ല. പേവിഷ ബാധയേറ്റത് എങ്ങനെയാണെന്ന് വ്യക്തമല്ല.

പുറമെ കടിയേറ്റ പാടുകളോ മുറിവോ കാണാനില്ല. പുല്ലില്‍നിന്നോ മറ്റോ ആകാം പേവിഷ ബാധയേറ്റതെന്നാണ് പ്രാഥമിക നിഗമനം. പശുവിനെ മുമ്പ് തെരുവുനായ്ക്കൾ ആക്രമിച്ചിരുന്നു. പശുവിന്റെ ജഡം മൃഗസംരക്ഷണ വകുപ്പ് അധികൃതർ പരിശോധിച്ചു. ലക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ പേവിഷ ബാധ സ്ഥിരീകരിച്ചതിനാലും സാങ്കേതിക പ്രശ്നമുള്ളതിനാലും പരിശോധനക്കായി സാമ്പിൾ ശേഖരിച്ചില്ല.

പശുവിന്റെ തലയാണ് സാമ്പിളായി സാധാരണ ശേഖരിക്കുക. പേവിഷ ബാധയേറ്റതിനാൽ പോസ്റ്റുമോർട്ടവും നടത്തിയില്ല. മൃഗസംരക്ഷണ വകുപ്പ് പ്രോട്ടോകോൾ പ്രകാരം കോർപറേഷൻ സഹായത്തോടെ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് കുഴിയെടുത്ത് ജഡം സംസ്കരിച്ചു.

കോര്‍പറേഷന്‍ മേയര്‍ ടി.ഒ. മോഹനന്‍ ഉള്‍പ്പെടെയുള്ള ആളുകള്‍ സ്ഥലത്തെത്തി. പശുവുമായി അടുത്ത് ഇടപഴകിയ സുനന്ദയും മകൻ ശ്രീജിത്തും പ്രതിരോധ വാക്സിനെടുത്തു.

ഇരിട്ടി ടൗൺ തെരുവുനായ്ക്കളുടെ പിടിയിൽ; ജനം ഭീതിയിൽ

ഇരിട്ടി: നാട്ടുകാർക്കും യാത്രക്കാർക്കും ഭീതിസൃഷ്ടിച്ച് ഇരിട്ടി ടൗൺ തെരുവുനായ്ക്കളുടെ പിടിയിൽ. അക്രമാസക്തമായ തെരുവുനായ്ക്കൂട്ടം മൂലം യാത്രക്കാരും വ്യാപാരികളും ആശങ്കയിലാണ്.

ഇരിട്ടി പുതിയ ബസ് സ്റ്റാൻഡ്, പഴയ ബസ് സ്റ്റാൻഡ് പരിസരത്തും നേരമ്പോക്ക് ജങ്‌ഷൻ മുതൽ അഗ്നിരക്ഷനിലയം വരെയും ഇരിട്ടി താലൂക്ക് ആശുപത്രി റോഡിലുമാണ് തെരുവുനായ് ശല്യം രൂക്ഷമായുള്ളത്.

കഴിഞ്ഞ ദിവസം തെരുവുനായ്ക്കൂട്ടം കുറുകെ ചാടിയതിനെ തുടർന്ന് ഓട്ടോറിക്ഷ മറിഞ്ഞ് നാലുപേർക്ക് പരിക്കേറ്റിരുന്നു. പ്രഭാതസവാരിക്കിറങ്ങുന്നവരും രാവിലെ പള്ളിയിൽ നമസ്കരിക്കാൻ പോകുന്നവരും സ്കൂൾ വിദ്യാർഥികളും തെരുവുനായ് ശല്യംമൂലം പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയിലാണ്. ഇരിട്ടി നഗരത്തോട് ചേർന്ന ഇടവഴികളിലൂടെയും മറ്റും കാൽനടചെയ്യാൻ പറ്റാത്ത സാഹചര്യമുണ്ട്.

പരാതി നൽകിയിട്ടും തെരുവുനായ്ക്കളെ പിടികൂടുന്നതിനുള്ള ഒരു നടപടിയും അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ലെന്ന് നാട്ടുകാരും വ്യാപാരികളും പരാതിപ്പെടുന്നു. പ്രശ്‌നപരിഹാരത്തിന് നഗരസഭ അടിയന്തരവും ശാശ്വതവുമായ നടപടികൾ കൈക്കൊള്ളണമെന്നാണ് പ്രദേശവാസികളും യാത്രക്കാരും ആവശ്യപ്പെടുന്നത്. 


ഇ​രി​ട്ടി നേ​ര​മ്പോ​ക്ക് റോ​ഡി​ൽ ത​മ്പ​ടി​ച്ച തെ​രു​വു​നാ​യ്ക്കൂ​ട്ടം  

തെരുവുനായ്ക്കളുടെ അക്രമത്തിൽ ആടുകളെ നഷ്ടപ്പെട്ട റംലക്ക് കൈത്താങ്ങായി നാട്ടുകാർ

തളിപ്പറമ്പ്: പന്നിയൂരിൽ തെരുവുനായ്ക്കളുടെ അക്രമത്തിൽ ആടുകളെ നഷ്ടപ്പെട്ട കെ. റംലത്തിന് സഹായവുമായി നാട്ടുകാർ. പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ രൂപവത്കരിച്ച പന്നിയൂരിലെ ജനകീയ കമ്മിറ്റി ആടുകളെ വാങ്ങി നൽകും. കുറുമാത്തൂർ പഞ്ചായത്തിൽ കാരക്കൊടി ആരോഗ്യകേന്ദ്രത്തിന് സമീപം താമസിക്കുന്ന റംലത്തിന്റെ നാല് ആടുകളെയാണ് കഴിഞ്ഞ ദിവസം തെരുവുനായ്ക്കൾ കടിച്ചുകൊന്നത്. ഗുരുതരമായി കടിയേറ്റ മറ്റൊരാട് ഗുരുതരാവസ്ഥയിലാണുള്ളത്.

വീട്ടുവളപ്പിൽ കെട്ടിയിട്ട ആടുകൾ കൂട്ടമായി കരയുന്നതുകേട്ട് വീട്ടുകാർ ഓടിയെത്തുമ്പോഴേക്കും നാലെണ്ണത്തിനെ തെരുവുനായ്ക്കൾ കടിച്ചുകൊന്നിരുന്നു. ചത്തുപോയ ആടുകളിൽ മൂന്ന് എണ്ണം ഗർഭിണികളാണ്. നാല് ആടുകൾ കൊല്ലപ്പെട്ടതോടെ റംലയുടെ നിർധന കുടുംബത്തിന്റെ ജീവിതം വഴിമുട്ടിയ നിലയിലാണ്. ഇതോടെയാണ് പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ ആദ്യഘട്ടമായി രണ്ട് ആടുകളെ വാങ്ങി നൽകാൻ തീരുമാനിച്ചത്.

ഇതിനായി വാർഡ് മെംബർ ജയേഷ് ചെയർമാനായും വാർഡ് വികസന സമിതി കൺവീനർ പീതാംബരൻ കൺവീനറായും നാട്ടുകാരുടെ കമ്മിറ്റിയും രൂപവത്കരിച്ച് ധനസമാഹരണം തുടങ്ങി. ഒരാഴ്ച്ചകൊണ്ട് രണ്ട് ആടുകളെ നൽകാനാണ് പ്രാഥമിക തീരുമാനം.

 


Tags:    
News Summary - Street dog menace-Vaccination from today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.