മലപ്പുറം: രാജ്യത്ത് വർഗീയ ധ്രുവീകരണം ശക്തിപ്പെടുകയും അധികാരം നിലനിർത്താൻ സംഘ്പരിവാർ അതിനെ ഉപയോഗപ്പെടുത്തുകയും ചെയ്യുന്ന സാഹചര്യത്തിൽ എല്ലാ വിഭാഗം ജനങ്ങളുമായുള്ള സഹവർത്തിത്വത്തിലൂടെ ഫാഷിസത്തെ പ്രതിരോധിക്കണമെന് ജമാഅത്തെ ഇസ്‍ലാമി കേരള അമീർ എം.ഐ. അബ്ദുൽ അസീസ്. രണ്ടുദിവസമായി ശാന്തപുരം അൽജാമിഅ അൽ ഇസ്‍ലാമിയ കാമ്പസിൽ നടക്കുന്ന ജമാഅത്തെ ഇസ്‍ലാമി അംഗങ്ങളുടെ സംസ്ഥാന സമ്മേളനത്തിൽ സമാപന പ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം. രൂപവത്കരണത്തിന്‍റെ 75 വർഷം പൂർത്തിയാകുന്ന സാഹചര്യത്തിൽ വിപുലമായ ആശയ പ്രചാരണ പരിപാടികളുമായി ഇന്ത്യൻ ജമാഅത്തെ ഇസ്‌ലാമി രംഗത്തിറങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
'ഇസ്‌ലാമിക പ്രതിനിധാനത്തിന്റെ ഏഴരപ്പതിറ്റാണ്ട്' തലക്കെട്ടിലാണ് രാജ്യവ്യാപകമായി വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നത്. ഇസ്‌ലാമിന്‍റെയും ജമാഅത്തെ ഇസ്‍ലാമിയുടെയും ആശയം പരിചയപ്പെടുത്തുന്ന ജനസമ്പർക്ക പരിപാടി, ലഘുലേഖ, പുസ്തകം, ഓഡിയോ, വിഡിയോ എന്നിവ പ്രസിദ്ധീകരിക്കൽ, ഗ്രാമങ്ങളിലും നഗരങ്ങളിലും ഫാഷിസ്റ്റ് വിരുദ്ധ കൂട്ടായ്മ രൂപവത്കരണം, സന്ദേശ പ്രചാരണ യാത്രകൾ, വിദ്യാർഥി-യുവജന സംഗമങ്ങൾ, പ്രഫഷനൽ മീറ്റുകൾ, സംഘടനയുടെ ചരിത്രം അനാവരണം ചെയ്യുന്ന പ്രദർശനങ്ങൾ എന്നിവ സംഘടിപ്പിക്കും. മത-രാഷ്ട്രീയ നേതൃത്വങ്ങളുമായുള്ള ആശയ കൈമാറ്റം, സംവാദങ്ങൾ, സന്ദേശ പ്രചാരണ യാത്രകൾ, സംഘടനയെ സംബന്ധിച്ച സോഷ്യൽ ഓഡിറ്റിങ് എന്നിവയും നടക്കും.
ദേശീയ സെക്രട്ടറി ജനറൽ ടി. ആരിഫലി, സംസ്ഥാന അസി. അമീർ പി. മുജീബ്റഹ്മാൻ, ജനറൽ സെക്രട്ടറി വി.ടി. അബ്ദുല്ലക്കോയ തങ്ങൾ, സെക്രട്ടറിമാരായ ശൈഖ് മുഹമ്മദ് കാരകുന്ന്, എം.കെ. മുഹമ്മദലി, യൂസുഫ് ഉമരി, ശിഹാബ് പൂക്കോട്ടൂർ, അബ്ദുൽ ഹകിം നദ്‌വി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.