തിരുവനന്തപുരം: പൊലീസ് ആസ്ഥാനത്തെ മിനിസ്റ്റീരിയൽ ജീവനക്കാർ ജോലിയിൽ ഉഴപ്പിയതോടെ കർശന നിയന്ത്രണങ്ങളുമായി സംസ്ഥാന പൊലീസ് മേധാവി അനിൽകാന്ത്. ഓഫിസ് സമയമായ രാവിലെ 10.15 മുതൽ വൈകീട്ട് 5.15 വരെ മറ്റ് ആവശ്യങ്ങൾക്കായി പുറത്തുപോകുകയാണെങ്കിൽ ജൂനിയർ/സീനിയർ സൂപ്രണ്ടിന്റെ മുൻകൂർ അനുമതി വാങ്ങണമെന്നും വിവരം മൂവ്മെന്റ് രജിസ്റ്ററിൽ രേഖപ്പെടുത്തണമെന്നും ഉത്തരവിട്ടു. ജോലി സമയത്ത് മിനിസ്റ്റീരിയൽ ജീവനക്കാർ സീറ്റുകളിൽ ഉണ്ടാകാറില്ലെന്നത് സംബന്ധിച്ച് നിരവധി പരാതി ലഭിച്ച സാഹചര്യത്തിലാണ് ഉത്തരവ്.
അപേക്ഷ നൽകാതെ ദിവസങ്ങളോളം അവധിയിൽ തുടരുന്നത് ഇനി അനുവദിക്കില്ല. ഇത്തരക്കാർക്കെതിരെ വകുപ്പുതല നടപടി സ്വീകരിക്കും. അത്യാവശ്യ സന്ദർഭങ്ങളിൽ ഒഴികെ മുൻകൂറായി അപേക്ഷയും രേഖകളും നൽകി ഉത്തരവിറങ്ങിയ ശേഷമേ അവധിയിൽ പ്രവേശിക്കാവൂ. പൊലീസ് ആസ്ഥാനത്തെ ഓഫിസ് അറ്റൻഡർമാർ ഒഴികെ മിനിസ്റ്റീരിയൽ ജീവനക്കാർ 10.15ന് മുമ്പ് ഓഫിസിൽ ഹാജരാകണം. ഓഫിസ് അറ്റൻഡർമാർ എല്ലാ പ്രവൃത്തി ദിവസവും 9.30ന് ഹാജരാകണം.
മൂന്നുദിവസം വൈകിയെത്തിയാൽ നിലവിലെ നിയമപ്രകാരം അവധിയായി (കാഷ്വൽ ലീവ്) പരിഗണിക്കും. ഓഫിസിൽ കൃത്യസമയത്ത് ഹാജരാകാൻ കഴിയാത്തവർ വിവരം മുൻകൂറായി സെക്ഷൻ അധികാരികളെ അറിയിക്കണം. ഒരുമാസം അഞ്ച് തവണ അനുമതി ആവശ്യപ്പെട്ടാൽ ഒരു അവധിയായി (കാഷ്വൽ ലീവ്) പരിഗണിക്കും. ഓഫിസ് സമയത്ത് മൊബൈൽ ഫോണിനെ വിനോദ ഉപാധിയായി കാണരുത്. അത്യാവശ്യ സന്ദർഭങ്ങളിൽ മാത്രമേ ഫോൺ ഉപയോഗിക്കാവൂ.
ജീവനക്കാർക്ക് അനുവദിച്ച സിം പ്രവൃത്തി ദിവസങ്ങളിലും അവധി ദിവസങ്ങളിലും പ്രവർത്തനക്ഷമമായിരിക്കണം. ജീവനക്കാർ അച്ചടക്കത്തോടെ ജോലി ചെയ്യുന്നുണ്ടെന്ന് മാനേജർമാർ ഉറപ്പാക്കണം. ഇല്ലെങ്കിൽ മാനേജർക്കും വീഴ്ചവരുത്തിയ ജീവനക്കാർക്കുമെതിരെ നടപടി സ്വീകരിക്കുമെന്നും ഉത്തരവിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.