അങ്കമാലി: സ്കൂട്ടര്‍ അപകടത്തെത്തുടർന്നുള്ള വാക്കുതർക്കതിനിടെ യുവതിയെ നടുറോട്ടിൽ വസ്ത്രം വലിച്ചുകീറി ക്രൂരമായി മർദിച്ച 48കാരിക്കെതിരെ അങ്കമാലി പൊലീസ് കേസെടുത്തു. കസ്റ്റഡിയിലെടുത്ത പ്രതി സ്റ്റേഷനിൽ പൊലീസിനെ തെറിവിളിക്കുകയും വസ്ത്രം സ്വയം ഊരിയെറിയുകയും ചെയ്തു.
അങ്കമാലി ടി.ബി ജങ്ഷനില്‍ ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം. പാറക്കടവ് വട്ടപ്പറമ്പ് കോടുശ്ശേരി സ്വദേശിനി കൊച്ചുത്രേസ്യയെന്ന സിപ്സി ഓടിച്ച സ്കൂട്ടർ പാറക്കടവ് പുളിയനം സ്വദേശിനിയായ യുവതിയുടെ സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. കടയില്‍ സാധനങ്ങള്‍ വാങ്ങാന്‍ നിര്‍ത്തിയ സ്കൂട്ടറിലാണ് സിപ്സിയുടെ സ്കൂട്ടര്‍ ഇടിച്ചത്. എന്നാൽ, മുന്നറിയിപ്പില്ലാതെ സ്കൂട്ടര്‍ നിര്‍ത്തി എന്നാരോപിച്ച് സിപ്സി യുവതിയെ മർദിക്കാൻ തുടങ്ങി. മുഖത്തടിക്കുകയും അസഭ്യം പറയുകയും കഴുത്തില്‍ കുത്തിപ്പിടിച്ച് ശ്വാസം മുട്ടിക്കുകയും വസ്ത്രങ്ങള്‍ വലിച്ചുകീറുകയും ചെയ്തു.
യുവതി പ്രതിരോധിക്കാന്‍ ശ്രമിച്ചതോടെ മുടിയില്‍ കുത്തിപ്പിടിച്ച് കറക്കി റോഡില്‍ തള്ളിയിടുകയായിരുന്നു. റോഡില്‍ വീണ ശേഷവും പ്രതി മര്‍ദനത്തിന് ശ്രമിച്ചതോടെ നാട്ടുകാര്‍ ഇടപെട്ടു. അതോടെയാണ് പ്രതി മര്‍ദനം അവസാനിപ്പിച്ചത്.
സംഭവമറിഞ്ഞ് അങ്കമാലി പ്രിന്‍സിപ്പല്‍ എസ്.ഐ ടി.എം. സൂഫിയുടെ നേതൃത്വത്തില്‍ വനിത പൊലീസെത്തി പ്രതിയെ പിടികൂടുകയായിരുന്നു. സ്റ്റേഷനിലെത്തിച്ചശേഷം പ്രതി പൊലീസിനെ തെറിവിളിക്കുകയും പ്രകോപിപ്പിക്കുകയും ചെയ്തു. വസ്ത്രം സ്വയം ഊരിയെറിഞ്ഞു. വനിത പൊലീസെത്തി വസ്ത്രം ധരിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയായിരുന്നു. അതോടെ കൂടുതല്‍ വനിത പൊലീസെത്തി ഏറെ ശ്രമിച്ചാണ് വസ്ത്രം ധരിപ്പിച്ചത്.
മാലമോഷണം, ഭവന ഭേദനം, കഞ്ചാവ് വില്‍പന, പൊലീസിന് നേരെ അക്രമണം തുടങ്ങിയ പല കേസുകളിലും സിപ്സി പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ അങ്കമാലി കോടതി റിമാന്‍ഡ് ചെയ്തു. അഡീഷണല്‍ എസ്.ഐ രാജന്‍, വനിത സിവില്‍ പൊലീസ് ഓഫിസര്‍ ശ്രീജ, സിവില്‍ പൊലീസ് ഓഫിസര്‍ റോബിന്‍ എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. മര്‍ദനത്തിനിരയായ യുവതിയെ അങ്കമാലി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.