കൊച്ചി: ഫോര്‍ട്ടുകൊച്ചിയിലെ 'നമ്പര്‍ 18' ഹോട്ടലിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ പ്രതികളായ ഹോട്ടലുടമ റോയി ജെ. വയലാട്ടിനും കൂട്ടാളി അഞ്ജലിക്കുമെതിരെ ശക്തമായ തെളിവുണ്ടെന്ന് എറണാകുളം സിറ്റി ഡെപ്യൂട്ടി കമീഷണർ വി.യു. കുര്യാക്കോസ്. കേസില്‍ മറ്റ് തെളിവുകള്‍ ലഭിച്ചിട്ടുണ്ടെങ്കിലും മറ്റാരും പരാതി നല്‍കിയിട്ടില്ല. റോയ് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാത്തതില്‍ കോടതിയെ സമീപിക്കും. അന്വേഷണം നല്ലനിലയിലാണ് മുന്നോട്ടുപോകുന്നതെന്നും ഡി.സി.പി വ്യക്തമാക്കി.
കഴിഞ്ഞ ഒക്ടോബറില്‍ നമ്പര്‍ 18 ഹോട്ടലില്‍വെച്ച് ഹോട്ടലുടമ റോയി ജെ. വയലാട്ട് ലൈംഗികമായി ഉപദ്രവിച്ചുവെന്നാണ് കോഴിക്കോട് സ്വദേശികളായ അമ്മയുടെയും മകളുടെയും പരാതി. കേസിൽ സി.സി.ടി.വി ദൃശ്യങ്ങള്‍ ഉള്‍പ്പടെ പരിശോധിച്ചാണ് റോയിക്കും സഹായി അഞ്ജലിക്കുമെതിരേ ശാസ്ത്രീയമായ തെളിവുകള്‍ ഉള്‍പ്പെടെ ശേഖരിച്ചത്. ഹോട്ടലുടമ റോയ് ഹാജരാകാത്തതിനാൽ കോടതിയെ സമീപിക്കാനാണ് നീക്കം.
മോഡലുകളുടെ മരണത്തിൽ ബന്ധുക്കൾ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടതിനോട് എതിർപ്പില്ലെന്ന് ഡി.സി.പി പറഞ്ഞു. ഹോട്ടലുടമ റോയി ജെ. വയലാട്ടിനെതിരെ പോക്‌സോ കേസെടുത്ത പശ്ചാത്തലത്തിലാണ് മോഡലുകളിലൊരാളായ അന്‍സി കബീറിന്‍റെ ബന്ധുക്കൾ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടിരിക്കുന്നത്.
പെണ്‍കുട്ടികളുടെ മരണത്തില്‍ റോയി വയലാട്ടിന് നേരിട്ട് പങ്കുണ്ടോ എന്ന് സി.ബി.ഐ അന്വേഷിക്കണമെന്ന് അന്‍സി കബീറിന്‍റെ ബന്ധു നസീമുദ്ദീന്‍ ആവശ്യപ്പെട്ടു. മോഡലുകള്‍ അപകടത്തില്‍ മരിച്ച ദിവസം ഹോട്ടലില്‍ നടന്ന സംഭവങ്ങളുടെ ദൃശ്യങ്ങള്‍ പുറത്തുവരാതിരിക്കാനാവാം സി.സി.ടി.വി ഹാർഡ് ഡിസ്ക് റോയി നശിപ്പിച്ചത്. സംശയങ്ങള്‍ ബലപ്പെടുന്ന രീതിയിലാണ് പുതിയ വിവരങ്ങൾ പുറത്തുവരുന്നതെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.
നവംബർ ഒന്നിനായിരുന്നു മോഡലുകളായ അൻസി കബീർ (25), അഞ്ജന ഷാജൻ (24) എന്നിവർ നമ്പർ 18 ഹോട്ടലിൽ നിന്ന പുറപ്പെട്ടയുടൻ വാഹനാപകടത്തിൽ മരിച്ചത്. ഇവരുടെ കാർ ബൈപ്പാസിൽ അപകടത്തിൽപെടുകയായിരുന്നു. കാറിലുണ്ടായിരുന്ന മുഹമ്മദ് ആഷിഖ് എന്നയാൾ ചികിത്സയിലിരിക്കെയും മരിച്ചു. കേസിൽ റോയ് വയലാട്ട്, സൈജു തങ്കച്ചൻ എന്നിവരടക്കം എട്ട് പ്രതികളുണ്ട്. മനഃപൂര്‍വമല്ലാത്ത നരഹത്യ, തെളിവുനശിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് ചുമത്തിയത്. കേസിൽ കുറ്റപത്രം ഈയാഴ്ച കോടതിയിൽ നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.