സംസ്ഥാനത്ത് ആദിവാസികളുടെ ദാരിദ്ര്യം വർധിക്കുകയാണെന്ന് പഠന റിപ്പോർട്ട്

കോഴിക്കോട് : സംസ്ഥാനത്ത് ആദിവാസികളുടെ ദാരിദ്ര്യം വർധിക്കുകയാണെന്ന് പഠന റിപ്പോർട്ട്. കേന്ദ്ര ആദിവാസി മന്ത്രാലയം നവംബർ 28-ന് പുറത്തിറക്കിയ പുതിയ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഗ്രാമീണ മേഖലയിൽ 2009-10ൽ സംസ്ഥാനത്ത് ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള ആദിവാസികൾ 24.4 ശതമാനമായിരുന്നു. 2011-12ൽ അത് 41 ശതമാനമായി ഉയർന്നു. ഇതേ കാലയളവിൽ നഗരമേഖലയിൽ ദാരിദ്ര്യത്തിന് താഴെയുള്ളവർ അഞ്ച് ശതമാനമായിരുന്നത് 13.6 ശതമാനമായി വർധിച്ചു.

ആന്ധ്രാപ്രദേശ്, ബീഹാർ, ഛത്തീസ്ഗഡ്, ഗുജറാത്ത്, ഹിമാചൽ പ്രദേശ്, ഒറീസ, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ ദാരിദ്ര്യം കുറഞ്ഞപ്പോഴാണ് സംസ്ഥാനത്ത് ആദിവാസികളുടെ ദാരിദ്ര്യം ഗ്രാമീണമേഖലയിൽ 16.6വും നഗരമേഖലയിൽ 8.6 ശതമാനവും വർധിച്ചത്.

പശ്ചിമ ബിഗാളിലും ആദിവാസി ദാരിദ്ര്യം ഗണ്യമായി കൂടി. ബംഗാളിലെ ഗ്രാമീണ മേഖലയിലെ ദാരിദ്ര്യം 32.9 ശതമാനമായിരുന്നത് 50.1 ശതമാനമായി ഉയർന്നു. നഗരമേഖലയിലാകട്ടെ ദാരിദ്ര്യം 20.6 ൽനിന്ന് 44.5 ശതമാനമായും ഉയർന്നു.

അതേസമയം, ആന്ധ്രാ പ്രദേശിൽ ഗ്രാമീണ മേഖലയിൽ 40.2 ൽനിന്ന് 24.1 ശതമാനമായി ആദിവാസി ദാരിദ്ര്യം കുറഞ്ഞു. നഗരമേഖലയിൽ ആദിവാസികളുടെ ദാരിദ്ര്യം 21.2 ൽനിന്ന് 12.1 ശതമാനമാനമായും കുറഞ്ഞുവെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. രാജ്യത്ത് മൊത്തിൽ ആദിവാസി ദാരിദ്ര്യം കുറഞ്ഞ് വരുകയാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. റിപ്പോർട്ട് പ്രകാരം ഗ്രാമീണ മേഖലയിലെ ദാരിദ്ര്യം 47.4 ൽനിന്ന് 45.3 ശതമാനമായി കുറഞ്ഞിട്ടുണ്ട്. നഗരമേഖലയിൽ 30.4 ൽനിന്ന് 24.1 ശതമാനമായും കുറഞ്ഞു.

ഈ റിപ്പോർട്ട് അഖിലേന്ത്യാ തലത്തിലും മധ്യ ഇന്ത്യയിലും പ്രത്യേകിച്ചും, ഉപജീവനമാർഗങ്ങൾ, കൃഷി, പ്രകൃതിവിഭവങ്ങൾ, സമ്പദ്‌വ്യവസ്ഥ, കുടിയേറ്റം, ഭരണം, മനുഷ്യവികസനം, ലിംഗഭേദം, ആരോഗ്യം, വിദ്യാഭ്യാസം, കല, സംസ്കാരം എന്നിവയുമായി ബന്ധപ്പെട്ട ഗോത്രസമൂഹങ്ങളുടെ അവസ്ഥ വിലയിരുത്തുകയാണ്.

ശുചീകരണം, വിദ്യാഭ്യാസം, പോഷകാഹാരം, കുടിവെള്ള ലഭ്യത, വിദ്യാഭ്യാസം എന്നിങ്ങനെയുള്ള ഏത് പ്രശ്‌നവും പരിശോധിച്ചാലും സ്വാതന്ത്ര്യം ലഭിച്ച് 70 വർഷമായിട്ടും ആദിവാസികളാണ് ഏറ്റവും പിന്നാക്കം നിൽക്കുന്നതെന്ന് റിപ്പോർട്ടിൽ രേഖപ്പെടുത്തി. സംസ്ഥാനത്തെ ആദിവാസികൾക്ക് അനുവദിച്ച് പദ്ധതികൾ പലതും കാര്യക്ഷമമായി നടപ്പാക്കുന്നില്ലെന്ന് അക്കൗണ്ടന്റ ജനറലിന്റെ (എ.ജി) പരിശോധനാ റിപ്പോർട്ടുകളിൽ ചൂണ്ടിക്കാണിച്ചിരുന്നു. അതെല്ലാം അടിവരയിടുകയാണ് കേന്ദ്ര ട്രൈബൽ മന്ത്രിലായത്തിന്റെ റിപ്പോർട്ടിലെ വിലയിരുത്തൽ. 

Tags:    
News Summary - Study report that the poverty of tribals is increasing in the state

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.