തിരുവനന്തപുരം: കടലമിഠായി നിർമാണത്തിന് രജിസ്ട്രേഷൻ നേടിയ വ്യക്തി ഹൈ റിസ്ക് വിഭാഗത്തിലെ ഹോട്ടലോ ബേക്കറിയോ തുടങ്ങിയാൽ പോലും ഭക്ഷ്യസുരക്ഷ വകുപ്പിന് കണ്ടെത്താൻ കഴിയാത്ത സാഹചര്യമാണ് സംസ്ഥാനത്തെന്ന് ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പിന്റെ റിപ്പോർട്ട്. അഞ്ചുലക്ഷത്തോളം ഭക്ഷ്യ സ്ഥാപനങ്ങൾ സംസ്ഥാനത്ത് പ്രവർത്തിക്കുന്നുണ്ടെങ്കിലും ഇവിടങ്ങളിൽ പരിശോധന നടത്താൻ ആകെയുള്ളത് 160 ഭക്ഷ്യസുരക്ഷ ഓഫിസർമാരാണ്.
ഒരിക്കൽ പരിശോധിച്ച സ്ഥാപനത്തിൽ ഊഴമനുസരിച്ച് വീണ്ടുമെത്താൻ ചുരുങ്ങിയത് മൂന്നുവർഷമെങ്കിലും വേണ്ടിവരും. ഭക്ഷ്യസുരക്ഷ വകുപ്പിന്റെ പ്രവർത്തനങ്ങൾ സംബന്ധിച്ച് ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് നടത്തിയ പഠനത്തിലാണ് ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടുന്നത്.
ഭക്ഷ്യവിഷബാധമൂലമുള്ള മരണങ്ങളോ ആശുപത്രി വാസമോ ഉണ്ടാകുമ്പോൾ മാത്രം ഭരണസംവിധാനം ഉണർന്ന് പ്രവർത്തിക്കുന്ന രീതിയാണ് സാധാരണ കണ്ടുവരുന്നതെന്നാണ് റിപ്പോർട്ടിലെ മറ്റൊരു വിമർശനം. വാർത്താ പ്രാധാന്യം കുറയുന്നതോടെ എല്ലാം പഴയപടിയാകും.
ഭക്ഷ്യസുരക്ഷ വകുപ്പിന്റെ രജിസ്ട്രേഷൻ നേടുന്നതിന് യാതൊരു പ്രയാസവുമില്ലാത്ത സ്ഥിതിയാണിപ്പോൾ. അപേക്ഷകളിൽ സ്ഥലം സന്ദർശിച്ച് പരിശോധന നടത്താൻ സമയക്കുറവുള്ളതുകൊണ്ട് അപേക്ഷിച്ചാൽ ഏഴു ദിവസത്തിനകം രജിസ്ട്രേഷൻ ലഭിക്കും.
രജിസ്ട്രേഷനും ലൈസൻസിനുമായി ലഭിക്കുന്ന അപേക്ഷകളിൽ കൃത്യമായി സ്ഥലപരിശോന നടത്തിയ ശേഷമേ അവ അനുവദിക്കാവൂവെന്നാണ് റിപ്പോർട്ടിലെ ശിപാർശ. ഭക്ഷ്യസുരക്ഷ ഓഫിസർമാരുടെ ദൈനംദിന പ്രവർത്തനങ്ങൾ കൃത്യമായി രേഖപ്പെടുത്തുന്നതിനും വിലയിരുത്തുന്നതിനും ഓൺലൈൻ മോണിറ്ററിങ് സംവിധാനമേർപ്പെടുത്തണം. വാഹനങ്ങളില്ലാത്തതുമൂലം വകുപ്പിലെ ഡ്രൈവർമാർ നിഷ്ക്രിയരായിരിക്കുകയാണ്.
ഈ സാഹചര്യത്തിൽ സഞ്ചരിക്കുന്ന ഭക്ഷ്യപരിശോധന ലാബുകളിലെ വാഹനങ്ങളിൽ കരാർ വ്യവസ്ഥയിൽ ഡ്രൈവർമാരെ നിയോഗിക്കുന്നതിനു പകരം വകുപ്പിലെ ഡ്രൈവർമാരെ നിയോഗിക്കണമെന്നും റിപ്പോർട്ട് ആവശ്യപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.