തിരുവനന്തപുരം: പൊതുവിദ്യാലയങ്ങളിൽ കുട്ടികൾ കുറയുന്നതിനുള്ള പ്രധാന കാരണമായി ചൂണ്ടിക്കാണിക്കുന്നത് അക്കാദമിക നിലവാര തകർച്ച. സ്ഥിരം അധ്യാപകരില്ലാതെ സർക്കാർ സ്കൂളുകളിൽ പതിനായിരത്തോളം തസ്തികയാണ് ഒഴിഞ്ഞുകിടക്കുന്നത്. അധ്യയനവർഷാരംഭത്തിൽ ദിവസവേതനത്തിന് നിയമിക്കുന്ന താൽക്കാലിക അധ്യാപകർ മറ്റ് ജോലി ലഭിച്ചുപോകുന്നതോടെ പഠിപ്പിക്കാൻ ആളില്ലാത്ത അവസ്ഥയാണ്. ഭിന്നശേഷി സംവരണക്കുരുക്കിൽ അകപ്പെട്ട് എയ്ഡഡ് സ്കൂളുകളിൽ പതിനായിരത്തോളം അധ്യാപകരുടെ നിയമനാംഗീകാരം തടയപ്പെട്ടിരിക്കുകയാണ്. അധ്യാപകർ വിരമിച്ചുപോകുന്ന തസ്തികകളിൽപോലും പകരം ആളെ നിയമിക്കാനാകാത്ത സാഹചര്യമാണ്. ഭിന്നശേഷി സംവരണത്തിന്റെ പേരിൽ വിദ്യാഭ്യാസ വകുപ്പ് ഇറക്കിയ ഉത്തരവുകളും സർക്കുലറുകളുമാണ് നിയമനാംഗീകാര നടപടികൾ കുഴപ്പിച്ചത്.
സർക്കാറിന്റെ വിവിധ വകുപ്പുകൾ ആവിഷ്കരിക്കുന്ന പരിപാടികൾ സ്കൂൾ കേന്ദ്രീകരിച്ച് നടത്തുന്നതിനാൽ കുട്ടികളുടെ പഠനസമയവും കവരുകയാണ്. പൊലീസ്, എക്സൈസ്, മോട്ടോർവാഹന വകുപ്പ്, ജലവിഭവവകുപ്പ്, ആരോഗ്യവകുപ്പ്, പരിസ്ഥിതി വകുപ്പ് തുടങ്ങിയവക്കെല്ലാം സ്കൂളുകൾ കേന്ദ്രീകരിച്ച് വിവിധ പരിപാടികളുണ്ട്. പൊതുവിദ്യാഭ്യാസ വകുപ്പിന്റേതല്ലാത്ത 48 ഒാളം പരിപാടികളാണ് പൊതുവിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് നടത്തുന്നത്. ഇതിനുപുറമെ സ്കൂളുകളിൽ നടക്കുന്ന വിവിധ ദിനാചരണങ്ങളും അധ്യയനസമയം കവരുന്നു.
ദിനാചരണങ്ങൾ ഉൾപ്പെടെയുള്ള അധ്യയനം കവരുന്ന പരിപാടികളുടെ സമയം കുറക്കണമെന്ന ശിപാർശ വിദ്യാഭ്യാസവകുപ്പിന് മുന്നിലുണ്ടെങ്കിലും നടപടിയെടുത്തിട്ടില്ല. ദേശീയ വിദ്യാഭ്യാസ നയത്തിന് അനുസൃതമായി സ്കൂൾ വിദ്യാഭ്യാസത്തിൽ കേന്ദ്രസർക്കാർ കൊണ്ടുവരുന്ന മാറ്റങ്ങളിൽ സ്വീകരിക്കേണ്ട സമീപനം സംബന്ധിച്ച് ഇപ്പോഴും സംസ്ഥാന സർക്കാർ ആശയക്കുഴപ്പത്തിലാണ്.
വിദ്യാഭ്യാസ ഗുണനിലവാര സൂചിക വിലയിരുത്താനുള്ള മാനദണ്ഡങ്ങളിൽ കേന്ദ്രസർക്കാർ മാറ്റം വരുത്തിയപ്പോൾ അവയിൽ പലതിലും കേരളത്തിന് സമർപ്പിക്കാൻ ഒന്നുമില്ലായിരുന്നു. ഇതാണ് ഇത്തവണ ദേശീയതലത്തിലുള്ള പെർഫോമൻസ് ഗ്രേഡിങ് ഇൻഡക്സിൽ (പി.ജി.ഐ) കേരളത്തിന് തിരിച്ചടി ലഭിക്കാൻ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. പഠനത്തിന് മതിയായ സമയം ചെലവഴിക്കാനാകാത്തത് കുട്ടികളുടെ അക്കാദമിക നിലവാരത്തെ സാരമായി ബാധിക്കുന്നു. ഇതെല്ലാം ചൂണ്ടിക്കാട്ടിയുള്ള സ്വകാര്യ അൺഎയ്ഡഡ് സ്കൂളുകളുടെ കാമ്പയിനും പൊതുവിദ്യാലയങ്ങളെ ബാധിക്കുന്നുവെന്നാണ് വിലയിരുത്തൽ. പ്രശ്നത്തിന്റെ ഗൗരവം ഉൾക്കൊണ്ട് വിദ്യാഭ്യാസവകുപ്പ് പ്രവർത്തിച്ചില്ലെങ്കിൽ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെയുണ്ടാക്കിയ നേട്ടങ്ങൾ കൈവിടുമെന്നാണ് വിദഗ്ധർ ഉൾപ്പെടെ നൽകുന്ന മുന്നറിയിപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.