തൃശൂര്‍: ക്രൈംബ്രാഞ്ച് എസ്.ഐയെ കള്ളക്കേസില്‍ കുടുക്കിയതാണെന്ന കുടുംബത്തിന്റെ ആക്ഷേപം സ്ഥിരീകരിച്ച് ആരോഗ്യ പരിശോധന റിപ്പോർട്ട്. എസ്.ഐ മദ്യപിച്ചിരുന്നില്ലെന്ന് കാക്കനാട് ഗവ. ലാബിൽ നടത്തിയ രക്തപരിശോധനയിൽ കണ്ടെത്തി. പരിശോധന റിപ്പോർട്ട് തൃശൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ചു. സിറ്റി ക്രൈംബ്രാഞ്ച് എസ്.ഐ ടി.ആര്. ആമോദിനെയാണ് പൊതുസ്ഥലത്ത് മദ്യപിച്ചെന്ന് കാണിച്ച് നെടുപുഴ സി.ഐ ടി.ജി. ദിലീപ് അറസ്റ്റ് ചെയ്തത്. കള്ളക്കേസാണെന്നു കാണിച്ച് ആമോദിന്റെ ഭാര്യ ഡി.ജി.പിക്കും മുഖ്യമന്ത്രിക്കും പരാതി നൽകിയിരുന്നു. ഇത് കള്ളക്കേസാണെന്ന് സംസ്ഥാന, ജില്ല സ്പെഷല്‍ ബ്രാഞ്ചുകളും റിപ്പോര്‍ട്ട് ചെയ്തിരുന്നു.
വഴിയരികില്‍ ഫോണ്‍ ചെയ്ത് നില്‍ക്കുകയായിരുന്ന എസ്.ഐയെ ആണ് പൊതുസ്ഥലത്ത് മദ്യപിച്ചുവെന്ന് കാണിച്ച് സി.ഐ അറസ്റ്റ് ചെയ്തത്. തൃശൂർ ജനറൽ ആശുപത്രിയിലെത്തിച്ച് രക്തപരിശോധന നടത്തിയിരുന്നു. മദ്യപിച്ചതിന്റെ ലക്ഷണങ്ങളില്ലെന്ന് അന്നുതന്നെ ആശുപത്രി വ്യക്തമാക്കിയിരുന്നു. കാക്കനാട് ഗവ. ലാബിൽ വിശദ പരിശോധന നടത്തിയതിന്റെ ഫലമാണ് ഇപ്പോൾ പുറത്തുവന്നത്.
ജൂലൈ 30ന് വടൂക്കരയിലായിരുന്നു നാടകീയ രംഗങ്ങള്‍. നെടുപുഴ സ്റ്റേഷൻ പരിധിയിൽ വടൂക്കരയിലാണ് ആമോദ് താമസിക്കുന്നത്. വൈകീട്ട് അഞ്ചരയോടെ വീട്ടുസാധനങ്ങള്‍ വാങ്ങാന്‍ കടയിലേക്ക് പോയ അദ്ദേഹം സഹപ്രവര്‍ത്തകന്റെ ഫോണ്‍ വന്നപ്പോള്‍ വഴിയരികില്‍ സംസാരിച്ചുനില്‍ക്കുമ്പോഴാണ് നെടുപുഴ സി.ഐ ടി.ജി. ദിലീപിന്റെ വരവ്. റോഡരികിലെ മരക്കമ്പനിയിലിരുന്ന് ചിലര്‍ മദ്യപിക്കുന്നു എന്ന വിവരം ലഭിച്ചാണ് സി.ഐയും സംഘവും എത്തിയത്. മദ്യപിക്കാൻ വന്നതാണോയെന്ന് സി.ഐ ചോദിച്ചു. കടയിലേക്ക് വന്നതാണെന്ന് പറഞ്ഞെങ്കിലും വിശ്വസിച്ചില്ല.
ജീപ്പില്‍നിന്ന് പുറത്തിറങ്ങിയ സി.ഐ നേരെ തൊട്ടടുത്ത മരക്കമ്പനിയില്‍ പോയി തിരച്ചില്‍ നടത്തി. അവിടെനിന്ന് പാതി കാലിയായ മദ്യക്കുപ്പി കിട്ടി. ആമോദ് ഉള്‍പ്പെടെയുള്ളവരാണ് മദ്യപിച്ചതെന്ന് ആരോപിച്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ബ്രീത്ത് അനലൈസര്‍ ഉപയോഗിച്ചുള്ള പരിശോധനയില്‍ നേരിയ അളവില്‍ ആല്‍ക്കഹോൾ സാന്നിധ്യം കണ്ടെത്തിയെന്നാണ് പൊലീസിന്റെ വിശദീകരണം. എന്നാൽ, ജില്ല സ്പെഷല്‍ ബ്രാഞ്ചിന്റെ അന്വേഷണത്തിൽ എസ്.ഐ അവിടെയിരുന്ന് മദ്യപിച്ചിട്ടില്ലെന്ന് വ്യക്തമായി. ജീപ്പില്‍ വരുമ്പോള്‍ വഴിയരികില്‍ എസ്.ഐ ഫോണില്‍ സംസാരിക്കുകയാണെന്ന് സി.ഐയുടെ ഒപ്പമുണ്ടായിരുന്ന ഉദ്യോഗസ്ഥനും മൊഴിനല്‍കി. അപ്പോഴേക്കും എസ്.ഐയെ സസ്പെന്‍ഡ് ചെയ്ത് ഉത്തരവിട്ടിരുന്നു. തൃശൂര്‍ റേഞ്ച് ഡി.ഐ.ജി അജിത ബീഗത്തിന് എസ്.ഐയുടെ കുടുംബം പരാതി നല്‍കിയെങ്കിലും ഇതുവരെ സി.ഐക്കെതിരെ നടപടിയെടുത്തിട്ടില്ല. അറസ്റ്റ് ചെയ്യപ്പെട്ട എസ്.ഐ ആമോദ് സസ്പെൻഷനിൽ തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.