തിരുവനന്തപുരം: സംസ്ഥാനത്ത് 53 ഓളം സബ് രജിസ്ട്രാർ ഒാഫിസുകളിൽ സബ് രജിസ്ട്രാർമാരില്ല. എട്ട് ജില്ല രജിസ്ട്രാർ ഓഫിസുകളിലും നാഥനില്ല. തലസ്ഥാന ജില്ലയിൽ പോലും ജില്ല രജിസ്ട്രാറുടെ ചുമതല വഹിക്കുന്നത് സബ് രജിസ്ട്രാർമാരാണ്. നിയമനം നീളുന്നത് ക്രമക്കേടിന് വഴിയൊരുക്കാനാണെന്ന് ആക്ഷേപമുണ്ട്.
ലോക്ഡൗൺ കാരണം ജീവനക്കാരുടെ എണ്ണത്തിൽ നിയന്ത്രണമുള്ളതിനാൽ മിക്ക സബ് രജിസ്ട്രാർ ഒാഫിസുകളുടെയും പ്രവർത്തനം താളംതെറ്റി. പല ഒാഫിസുകളിലും സബ് രജിസ്ട്രാറുടെ ചുമതല വഹിക്കുന്നത് ഹെഡ്ക്ലർക്കും യു.ഡി ക്ലർക്കുമാരുമാണ്. നാഥനില്ലാത്തതുകാരണം കൈമാറ്റം രജിസ്റ്റർ ചെയ്ത ആധാരങ്ങൾ ദിവസങ്ങളായിട്ടും മടക്കിനൽകുന്നില്ലെന്ന് പരാതിയുണ്ട്.
സബ് രജിസ്ട്രാർ ഒാഫിസുകളിൽ നിന്ന് ജില്ല രജിസ്ട്രാർ ഒാഫിസിലേക്ക് അയക്കുന്ന കത്തിടപാടുകളും അപേക്ഷകളുമൊക്കെ തീർപ്പാക്കാനാകാതെ കിടക്കുകയാണ്. തലസ്ഥാനജില്ലയിലേക്കും എറണാകുളത്തേക്കും പോസ്റ്റിങ്ങിനായി നടക്കുന്ന വിലപേശലാണ് ജില്ല രജിസ്ട്രാർമാരുടെ നിയമനം നീളാൻ കാരണം.
സ്ഥാനക്കയറ്റവും സ്ഥലംമാറ്റവും നടക്കാതായതോടെ സ്വന്തം ജില്ലയിൽ ഒഴിവുണ്ടായിട്ടും മറ്റ് ജില്ലകളിൽ ജോലിനോക്കേണ്ട ഗതികേടിലാണ് ജീവനക്കാർ. വകുപ്പിലെ കെടുകാര്യസ്ഥതമൂലം അർഹമായ സ്ഥാനക്കയറ്റം ലഭിക്കാതെ വിരമിക്കേണ്ടിവന്നവരും നിരവധിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.